മുസ്‌ലിം സമുദായം അന്തസ്സോടെ പള്ളി മറ്റൊരിടത്തേക്ക് മാറ്റണമായിരുന്നു : ശശി തരൂർ
Kerala News
മുസ്‌ലിം സമുദായം അന്തസ്സോടെ പള്ളി മറ്റൊരിടത്തേക്ക് മാറ്റണമായിരുന്നു : ശശി തരൂർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th January 2024, 9:19 am

തിരുവനന്തപുരം: മുസ്‌ലിം സമുദായം അന്തസ്സോടെ പള്ളി മറ്റൊരിടത്തേക്ക് മാറ്റണമായിരുന്നുവെന്ന് കോൺഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂർ. അയോധ്യ രാമക്ഷേത്രത്തെ അനുകൂലിച്ച തന്റെ നിലപാടിനെ കുറിച്ചുള്ള വിമർശനത്തിന് വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം.

‘ സീയാവര്‍ രാമചന്ദ്ര കീ ജയ്’ (Hail Ramchandra to Siyavar ) എന്ന് കുറിച്ചു കൊണ്ട് ശശി തരൂര്‍ രാമവിഗ്രഹത്തിന്റെ ചിത്രം എക്‌സില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ തരൂരിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

തിരുവന്തപുരം ലോ കോളേജിൽ എത്തിയ ശശി തരൂരിനെ എസ്.എഫ്.ഐ, ഫ്രറ്റേണിറ്റി അടക്കമുള്ള വിദ്യാർത്ഥി സംഘടനകൾ ഉപരോധിച്ചു. ജനാധിപത്യ മതേതര കേരളത്തിന് അപമാനം എന്നർത്ഥം വരുന്ന പ്ലക്കാർഡുകളാണ് പ്രവർത്തകർ തരൂരിനെതിരെ ഉയർത്തിയത്. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി തരൂര്‍ എത്തിയത്.

‘1992 മുതൽ അയോധ്യ വിഷയത്തിൽ ആർട്ടിക്കിൾ എഴുതുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്ത വ്യക്തിയാണ് ഞാൻ. അത് കൊണ്ട് ആ വിഷയത്തിൽ ഒന്നും എനിക്ക് ഒളിക്കാനില്ല. ബാബരി മസ്ജിദ് പൊളിച്ചത് തെറ്റായിരുന്നു എന്ന് ഞാൻ സ്പഷ്ടമായി പറഞ്ഞിട്ടുണ്ട്. രണ്ട് വര്ഷം മുമ്പ് കൂടി ഞാൻ പറഞ്ഞു, രാമൻ ജനിച്ച സ്ഥലത്ത് ഒരു ക്ഷേത്രം കാണണം എന്നുള്ളത് പല ഹിന്ദുക്കളയുടെയും ആഗ്രഹമാണ്.

പക്ഷെ അതിന് ഒരു മസ്ജിദിനെ പൊളിക്കുന്നത് നല്ല കാര്യമല്ല എന്നത് ഞാൻ ഇപ്പോഴും ചൂണ്ടിക്കാണിക്കുന്ന കാര്യമാണ്. പക്ഷെ മുസ്‌ലിം സമുദായം അന്തസ്സോടെ പള്ളി മറ്റൊരിടത്തേക്ക് മാറ്റിപണിതിരുന്നു എങ്കിൽ ഹിന്ദുക്കൾ അത് സന്തോഷത്തോടോടെ സ്വീകരിക്കുമായിരുന്നു,’ ശശി തരൂർ പറഞ്ഞു.

കോൺഗ്രസാണ് ഭരിക്കുന്നതെങ്കിൽ കേരളത്തിൽ ഒരാഴ്ച അവധി നൽകുമായിരുന്നുവെന്നും തരൂരിനെയും ശിവകുമാറിനെയും തിരുത്താൻ കോൺഗ്രസ് തയ്യാറാണോയെന്നും മന്ത്രിയും സി.പി.എം നേതാവുമായ റിയാസ് ചോദിച്ചു. മതപരമായ ചടങ്ങുകളെ രാഷ്ട്രീയതാല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന ബി. ജെ.പിക്ക് സമാനമാണ് തരൂരിന്റെ നിലപാട് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Content Highlight:  Shashi Tharoor On Sharing Ayodhya Idol’s Photo