സിംഗപ്പൂര്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയ ഇന്ത്യന്‍ നടപടിയെ എതിര്‍ത്ത് ശശി തരൂര്‍; നമ്മള്‍ കുറച്ചുകൂടി സെന്‍സിറ്റീവാകാന്‍ പഠിക്കേണ്ടിയിരിക്കുന്നു
national news
സിംഗപ്പൂര്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയ ഇന്ത്യന്‍ നടപടിയെ എതിര്‍ത്ത് ശശി തരൂര്‍; നമ്മള്‍ കുറച്ചുകൂടി സെന്‍സിറ്റീവാകാന്‍ പഠിക്കേണ്ടിയിരിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th February 2022, 3:27 pm

ന്യൂദല്‍ഹി: സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയെത്തുടര്‍ന്ന് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച ഇന്ത്യയുടെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍.

സിംഗപ്പൂര്‍ പാര്‍ലമെന്റില്‍ വെച്ച് പ്രധാനമന്ത്രി ലീ സ്യെന്‍ ലൂങ് (Lee Hsien Loong) നടത്തിയ ഇന്ത്യയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം സിംഗപ്പൂര്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയത്.

ഇന്ത്യയുടെ ലോക്‌സഭയിലുള്ള ഭൂരിഭാഗം അംഗങ്ങള്‍ക്കുമെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുള്ളതായി അറിയുന്നു, എന്നായിരുന്നു ലീ സ്യെന്‍ ലൂങ് പാര്‍ലമെന്റില്‍ പറഞ്ഞത്.

സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശം സ്വീകാര്യമല്ല എന്നായിരുന്നു ഇന്ത്യയുടെ വിഷയത്തോടുള്ള പ്രതികരണം.

സിംഗപ്പൂരിന്റെ ഹൈക്കമ്മീഷണര്‍ സിമൊന്‍ വോങിനെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ഇന്ത്യ പ്രതിഷേധം അറിയിച്ചത്.

എന്നാല്‍ സുഹൃത്‌രാജ്യമായ സിംഗപ്പൂരിനോടുള്ള ഇന്ത്യയുടെ പ്രതിഷേധം അതിരുകടന്നു എന്ന രീതിയിലാണ് ഇപ്പോള്‍ ശശി തരൂരിന്റെ പ്രതികരണം പുറത്തുവരുന്നത്. നമ്മള്‍ കുറച്ചുകൂടി സെന്‍സിറ്റീവായി പെരുമാറേണ്ടിയിരിക്കുന്നു എന്നും, ഇത്തരത്തിലുള്ള പ്രതികരണം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു എന്നുമാണ് തരൂര്‍ പറഞ്ഞത്.

”സിംഗപ്പൂര്‍ പോലൊരു സുഹൃത് രാജ്യത്തിന്റെ പ്രധാനമന്ത്രി അവരുടെ പാര്‍ലമെന്റില്‍ വെച്ച് നടത്തിയ ഒരു പ്രസ്താവനയുടെ പേരില്‍, ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെനടപടി സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു.

ലീ സ്യെന്‍ ലൂങ് ഒരു ജനറല്‍ സ്റ്റേറ്റ്‌മെന്റ് (ഏറെക്കുറെ കൃത്യമായതും) ആണ് പറഞ്ഞത്. വിമര്‍ശനങ്ങളോട് കുറച്ചുകൂടെ സെന്‍സിറ്റീവായി പ്രതികരിക്കാന്‍ നമ്മള്‍ പഠിക്കണം,” ശശി തരൂര്‍ പറഞ്ഞു.

” ‘സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് കേട്ടു. പക്ഷെ ഞങ്ങള്‍ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാറില്ല, ഈ രീതി മറ്റുള്ളവരും പിന്തുടരണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്’ എന്ന രീതിയില്‍ ഇന്ത്യക്ക് പ്രതികരിക്കാമായിരുന്നു,” തരൂര്‍ മറ്റൊരു ട്വീറ്റില്‍ പ്രതികരിച്ചു.

‘നെഹ്റുവിന്റെ ഇന്ത്യ’യെക്കുറിച്ചും ഇന്ത്യന്‍ ലോക്സഭയിലെ അംഗങ്ങളെക്കുറിച്ചുമായിരുന്നു പാര്‍ലമെന്റില്‍ വെച്ച് സിംഗപ്പൂര്‍ പ്രധാനമന്ത്രി സംസാരിച്ചത്.

സിംഗപ്പൂര്‍ പാര്‍ലമെന്റിലെ ഒരു മുന്‍ അംഗത്തിനെതിരായ ആരോപണത്തെക്കുറിച്ച് സംസാരിക്കവെയായിരുന്നു ലീ സ്യെന്‍ ലൂങ് ഇന്ത്യയെ പരാമര്‍ശിച്ചത്.

എങ്ങനെയാണ് ഒരു ജനാധിപത്യരാജ്യം പ്രവര്‍ത്തിക്കേണ്ടത് എന്നതിനെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു നെഹ്റുവിന്റെ ഭരണകാലത്തെ ഇന്ത്യയെ സിംഗപ്പൂര്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചത്.

എന്നാല്‍ ഇന്നത്തെ ഇന്ത്യന്‍ ലോക്സഭയില്‍ പകുതിയിലധികം അംഗങ്ങള്‍ക്കുമെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നാണ് വാര്‍ത്തകള്‍ വരുന്നതെന്നും ലീ സ്യെന്‍ ലൂങ് പറഞ്ഞിരുന്നു.

നെഹ്റുവിന്റെ ഇന്ത്യയില്‍ നിന്നുള്ള അധപതനമാണ് ഇപ്പോള്‍ അവിടെ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Content Highlight: Shashi Tharoor on India lodging protest over Singapore PM’s remarks