കോണ്‍ഗ്രസ് വിജയിക്കണമെങ്കില്‍ നേതൃമാറ്റം അനിവാര്യം: ശശി തരൂര്‍
Kerala News
കോണ്‍ഗ്രസ് വിജയിക്കണമെങ്കില്‍ നേതൃമാറ്റം അനിവാര്യം: ശശി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th March 2022, 9:36 pm

ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതികരണവുമായി ശശി തരൂര്‍ എം.പി.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം നിയമസഭാ തെരഞ്ഞെടുപ്പു ഫലം വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.

‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ വിശ്വസിക്കുന്ന നമ്മളെല്ലാം ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളില്‍ വേദനിക്കുന്നു. കോണ്‍ഗ്രസ് നിലകൊള്ളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്ട്രത്തിന് നല്‍കുന്ന പോസിറ്റീവ് അജണ്ടയും വീണ്ടും ഉറപ്പിക്കുകയും ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കുകയും ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ നമ്മുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിത്.ഒരു കാര്യം വ്യക്തമാണ്- നമുക്ക് വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണ്,’ ശശി തരൂര്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ പരാജയത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു. ഇതില്‍നിന്ന് പാഠം പഠിക്കുമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.ജനങ്ങളുടെ വിധി വിനയത്തോടെ സ്വീകരിക്കുകയാണ്.

വിജയികള്‍ക്കെല്ലാം ഭാവുകങ്ങള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും വോളന്റിയര്‍മാരോടും അവര്‍ നടത്തിയ കഠിനാധ്വാനത്തിനും സമര്‍പ്പണത്തിനും എന്റെ നന്ദി രേഖപ്പെടുത്തുകയാണ്. ഇതില്‍നിന്ന് നമ്മള്‍ പാഠം പഠിക്കും. ഇന്ത്യന്‍ ജനതയുടെ താല്‍പര്യത്തിനു വേണ്ടി പ്രവര്‍ത്തനം തുടരുകയും ചെയ്യും, ട്വിറ്ററില്‍ രാഹുല്‍ കുറിച്ചു.