എയിംസോ പുതിയ പദ്ധതികളോയില്ല; കേന്ദ്രത്തിന്റെ ശ്രദ്ധ കേരളത്തിന്റെ പേര് മാറ്റുന്നതില്‍: ശശി തരൂര്‍
India
എയിംസോ പുതിയ പദ്ധതികളോയില്ല; കേന്ദ്രത്തിന്റെ ശ്രദ്ധ കേരളത്തിന്റെ പേര് മാറ്റുന്നതില്‍: ശശി തരൂര്‍
അനിത സി
Wednesday, 25th February 2026, 11:25 am

ന്യൂദല്‍ഹി: കേരളത്തിന്റെ പേര് ഔദ്യോഗിക രേഖകളില്‍ ഇനി ‘കേരളം’ എന്നാക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍.

കേന്ദ്രത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് പദ്ധതികളിലല്ലെന്നും പേരുമാറ്റത്തിലാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കേരളമെന്നത് നിലവില്‍ മലയാളത്തില്‍ ‘കേരളം’ എന്ന് തന്നെയാണെന്നും സംസ്ഥാനത്തിന്റെ പേര് മാറ്റണമോയെന്നതില്‍ ഇപ്പോഴും സംശയമുണ്ടെന്നും തരൂര്‍ പ്രതികരിച്ചു.

മലയാളത്തില്‍ കേരളം എന്ന വാക്കാണ് ഉപയോഗത്തിലുള്ളത്. ഇപ്പോള്‍ ഇംഗ്ലീഷില്‍ ഒരു മലയാളം വാക്ക് വരുന്നുവെന്നതല്ലാതെ എന്ത് വ്യത്യാസമാണ് ഉണ്ടാക്കുന്നതെന്നറിയില്ല.

കേന്ദ്രം സംസ്ഥാനത്തിന് ഒരു എയിംസോ പുതിയ സ്ഥാപനങ്ങളോ ഒന്നും നല്‍കിയില്ല. പക്ഷെ, പേര് മാറ്റത്തിന്റെ കാര്യം വരുമ്പോള്‍ വളരെ പെട്ടെന്ന് തന്നെ അംഗീകരിക്കുന്നുവെന്നും തരൂര്‍ കുറ്റപ്പെടുത്തി.

കേരളൈറ്റ്‌സ്, കേരളന്‍ തുടങ്ങിയ പ്രയോഗങ്ങളൊക്കെ ഇനി കേരളം എന്നതിലേക്ക് മാറുമ്പോള്‍ കേരളമൈറ്റ്, കേരളമിയന്‍ എന്നൊക്കെയുള്ള തരത്തില്‍ ആയിപ്പോകുമോയെന്നും അത് വിചിത്രമായിരിക്കുമെന്നും തരൂര്‍ ഒരു എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കി മാറ്റുന്നതിന് അനുമതി നല്‍കിയത്.

ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കുകയായിരുന്നു.

കേരളത്തിന്റെ പേര് ഔദ്യോഗിക രേഖകളില്‍ മാറ്റുന്നതിനുള്ള പ്രമേയം സംസ്ഥാന നിയമസഭ ഇതിനകം പാസാക്കിയിട്ടുണ്ട്. 2024- ലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ പ്രമേയം അവതരിപ്പിച്ചത്.

ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ ഭാഷകളിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നതില്‍ നിന്ന് ‘കേരളം’ എന്നാക്കി മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.

Content Highlight: Shashi Tharoor MP criticizes Central govt on changing the name of Keralam

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.