സംസ്ഥാന ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ചായിരുന്നു വെള്ളിയാഴ്ച മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയെ അറസ്റ്റ് ചെയ്തത്. ലണ്ടനില്‍ ഒരു യൂണിവേഴ്‌സിറ്റി ബിരുദദാന ചടങ്ങില്‍ പങ്കെടുത്തതിന്റെ സ്വകാര്യ സന്ദര്‍ശന ചെലവുകള്‍ക്കായി സംസ്ഥാന ഫണ്ട് ഉപയോഗിച്ചുവെന്നായിരുന്നു ആരോപണം.
വിക്രമസിംഗെയുടെ അറസ്റ്റിന് പിന്നാലെ ഇന്ന് എക്‌സ് പോസ്റ്റിലൂടെയായിരുന്നു ശശി തരൂര്‍ തന്റെ ആശങ്ക പ്രകടിപ്പിച്ചത്. ഒറ്റനോട്ടത്തില്‍ നിസാരമെന്ന് തോന്നുന്ന കുറ്റങ്ങളുടെ പേരില്‍ റനില്‍ വിക്രമസിംഗെയെ തടങ്കലില്‍ വെച്ചതില്‍ അശങ്കയുണ്ടെന്ന് കോണ്‍ഗ്രസ് എം.പി പറഞ്ഞു.
‘ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയെ ഒറ്റനോട്ടത്തില്‍ നിസാരമെന്ന് തോന്നുന്ന കുറ്റങ്ങളുടെ പേരില്‍ തടങ്കലില്‍ വെച്ചതില്‍ ആശങ്കയുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം അദ്ദേഹത്തെ ഇതിനകം തന്നെ ജയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇത് അവരുടെ ആഭ്യന്തര കാര്യമാണെന്ന് പൂര്‍ണമായി ബഹുമാനിക്കുന്നതോടൊപ്പം, പ്രതികാര രാഷ്ട്രീയം ഉപേക്ഷിച്ച് മുന്‍ പ്രസിഡന്റിനെ പതിറ്റാണ്ടുകളായി രാഷ്ട്രത്തിന് നല്‍കിയ സേവനത്തിന് അര്‍ഹിക്കുന്ന ബഹുമാനത്തോടും അന്തസോടും കൂടി പരിഗണിക്കണമെന്ന് ഞാന്‍ ശ്രീലങ്കന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു,’ ശശി തരൂര്‍ എക്‌സില്‍ കുറിച്ചു.
അതേസമയം, ലണ്ടനിലെ യൂണിവേഴ്‌സിറ്റി ബിരുദദാന ചടങ്ങ് ഔദ്യോഗികമായ ഒരു പരിപാടി ആയിരുന്നില്ലെന്നും റനില്‍ വിക്രമസിംഗെ അതിനുള്ള ചെലവ് സര്‍ക്കാര്‍ പണത്തില്‍ നിന്നും ഉപയോഗിക്കുകയായിരുന്നുവെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വാദം.
ആറ് തവണ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായിരുന്ന വ്യക്തിയാണ് റനില്‍ വിക്രംസിംഗെ. 2022യില്‍ ശ്രീലങ്കയുടെ ഇടക്കാല പ്രസിഡന്റായും അധികാരമേറ്റിരുന്നു. എന്നാല്‍ 2024ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നാഷണല്‍ പീപ്പിള്‍സ് പവറിന്റെ നേതാവിനോട് മത്സരിച്ച് പരാജയപ്പെടുകയായിരുന്നു.
Content Highlight: Shashi Tharoor expresses concern over arrest of former Sri Lankan president Ranil Wickremesinghe