കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഓം ബിര്‍ളയോട് തരൂര്‍
national news
കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഓം ബിര്‍ളയോട് തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th July 2021, 3:14 pm

ന്യൂദല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കുന്ന പാര്‍ലമെന്ററി പാനലിനു മുന്നില്‍ ഹാജരാവാത്ത കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. ഈ ആവശ്യം അറിയിച്ച് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് ശശി തരൂര്‍ കത്ത് അയച്ചു.

അവസനാ നിമിഷം സംശയാസ്പദമായ രീതിയില്‍ യോഗത്തില്‍ ഹാജരാവാതിരുന്നത് പാര്‍ലമെന്റിന്റെ അവകാശലംഘനമാണെന്നും പരമാധികാര സഭയോടുള്ള അവഹേളനമാണെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.

പെഗസസ് വിഷയത്തിലാണ് ഐ.ടി. പാനല്‍ യോഗം കൂടാന്‍ തീരുമാനിച്ചത്. യോഗത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിലെ ഐ.ടി., ആഭ്യന്തരം, വാര്‍ത്താവിനിമയം മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് ഹാജരാവാന്‍ നോട്ടിസും അയച്ചിരുന്നു.

ജൂലൈ 28 മൂന്ന് മണിക്കാണ് യോഗം ചേരാന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച അറിയിപ്പ് ജൂലൈ 20നു തന്നെ വകുപ്പ് മേധാവികളെ അറിയിച്ചിരുന്നു.

എന്നാല്‍ യോഗം തുടങ്ങുന്നതിന് മുമ്പ് വകുപ്പ് ഉദ്യോഗസ്ഥര്‍ മറ്റൊരു യോഗത്തില്‍ പങ്കെടുക്കണമെന്ന് പറഞ്ഞ് യോഗത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് ഗുഢാലോചനയാണെന്നാണ് തരൂര്‍ കത്തില്‍ പറയുന്നത്.

ക്വാറം തികയത്തതിനാല്‍ യോഗം നടന്നില്ല. ഐ.ടി. കമ്മിറ്റിയില്‍ 31 പേരാണ് ഉള്ളത്. ചുരുങ്ങിയത് 10 പേര്‍ ഉണ്ടായാലേ യോഗം നടക്കൂ. ബി.ജെ.പി അംഗങ്ങളും യോഗത്തിനെത്തിയിരുന്നില്ല. ആകെ 9 പേര്‍ മാത്രമാണ് ഹാജരായത്. ഇതോടെ യോഗം മാറ്റിവയ്ക്കേണ്ടിവന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Action Against Officials For Refusal To Attend IT Meet