തിരുവനന്തപുരം: കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കുന്ന പ്രവൃത്തിയുമായി ശശി തരൂര്‍ എം.പി. അടിയന്തരാവസ്ഥയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ദീപിക ദിനപത്രത്തിലെഴുതിയ ശശി തരൂരിന്റെ ലേഖനമാണ് കോണ്‍ഗ്രസിന് തലവേദനയായിരിക്കുന്നത്.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെയും മകന്‍ സഞ്ജയ് ഗാന്ധിയെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ലേഖനം.
ഇന്ദിര ഗാന്ധിയുടെ കാര്‍ക്കശ്യം പൊതുജീവിതത്തെ ഭയാനകതയിലേക്ക് നയിച്ചുവെന്നും രാജ്യത്ത് അച്ചടക്കം കൊണ്ടുവരാന്‍ അടിയന്തരാവസ്ഥയ്ക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന് ഇന്ദിര ഗാന്ധി ശഠിച്ചുവെന്നും ലേഖനത്തിലുണ്ട്.
തടങ്കലിലെ പീഡനവും വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും പുറം ലോകം അറിഞ്ഞില്ല. ജുഡീഷ്യറിയും മാധ്യമങ്ങളും പ്രതിപക്ഷവും തടവിലായി. ഇന്ദിരയുടെ മകന്‍ സഞ്ജയ് ഗാന്ധിയുടെ ചെയ്തികള്‍ കൊടും ക്രൂരതയുടേതായെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.
അന്നത്തെ സര്‍ക്കാര്‍ ഈ നടപടികള്‍ ലഘൂകരിച്ചു. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിര ഗാന്ധിയേയും അവരുടെ പാര്‍ട്ടിയേയും പുറത്താക്കി ജനം രോഷം പ്രകടിപ്പിച്ചുവെന്നും അദ്ദേഹം ലേഖനത്തിലെഴുതി.
ഇതിനൊപ്പം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മോദി സര്‍ക്കാരിനെയും അഭിനന്ദിക്കാനും തരൂര്‍ മറന്നില്ല. നിലവിലുള്ളത് ജനാധിപത്യ ഇന്ത്യയെന്നും കൂടുതല്‍ ആത്മവിശ്വാസവും അഭിവൃദ്ധിയും നേടിയിരിക്കുന്നുവെന്നുമാണ് ശശി തരൂരിന്റെ പ്രശംസ.
Content Highlight: Shashi Tharoor criticizes the Emergency period