'മാധ്യമങ്ങളെ ഉപയോഗിച്ച് സര്‍വ്വനാശത്തിന് കളമൊരുക്കയാണ് ബി.ജെ.പി'; ജനാധിപത്യത്തെ രണ്ടാംകിടയായി കാണുന്ന സര്‍ക്കാരാണ് ഇത്; ശശി തരൂര്‍
national news
'മാധ്യമങ്ങളെ ഉപയോഗിച്ച് സര്‍വ്വനാശത്തിന് കളമൊരുക്കയാണ് ബി.ജെ.പി'; ജനാധിപത്യത്തെ രണ്ടാംകിടയായി കാണുന്ന സര്‍ക്കാരാണ് ഇത്; ശശി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st September 2020, 1:49 pm

ന്യൂദല്‍ഹി: സര്‍ക്കാരിന് രാജ്യവുമായി ബന്ധപ്പെട്ട ഗൗരവതരമായ കാര്യങ്ങളൊന്നും തന്നെ ചര്‍ച്ചചെയ്യാന്‍ താത്പര്യമില്ലെന്ന് ശശി തരൂര്‍ എം.പി. പാര്‍ലമെന്റില്‍ പ്രതിരോധ മന്ത്രി വന്ന് ഒരു പ്രസ്താവന ഇറക്കുക മാത്രമാണ് ചെയ്തത്. പ്രധാനമന്ത്രി ഇതുവരെ സഭയില്‍ വാ തുറന്നിട്ടില്ല. സത്യത്തില്‍ അദ്ദേഹം കഴിഞ്ഞ ആഴ്ച്ചകളിലൊന്നും ചിത്രത്തില്‍ പോലുമുണ്ടായിരുന്നില്ല.

എം.പിമാര്‍ക്ക് വിശദീകരണം ചോദിക്കാനുള്ള അവസരം പോലും സ്പീക്കര്‍ നല്‍കിയിട്ടില്ല. പ്രതിരോധ മന്ത്രിയും ഒരു ചോദ്യത്തിന് പോലും ഉത്തരം നല്‍കിയിട്ടില്ല. അദ്ദേഹം പറഞ്ഞു. ദ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശശി തരൂരിന്റെ പ്രതികരണം.

ഇന്നത്തെ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇന്ത്യന്‍ ജനാധിപത്യത്തെ രണ്ടാംതരമായാണ് കാണുന്നത്. ചോദ്യങ്ങള്‍ കേള്‍ക്കാനോ ചര്‍ച്ചകള്‍ നടത്താനോ സര്‍ക്കാര്‍ സന്നദ്ധരല്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് പാര്‍ട്ടി അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ തുടക്കം മുതല്‍ തന്നെ ഉന്നയിക്കുന്നുണ്ട്.

ഇത് ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് വീമ്പിളക്കുന്ന ഒരു സര്‍ക്കാരാണ്. പൗരന്മാരുടെ ജീവിതത്തിലേക്ക് നുഴഞ്ഞു കയറുന്ന സര്‍ക്കാരാണ്. ഒരു നീരീക്ഷണ രാഷ്ട്രത്തിന്റെ ആരംഭമാണ് ഇവിടെ നടക്കുന്നത്.

നമ്മുടെ വിവരങ്ങള്‍, സ്ഥലം, വിലാസം തുടങ്ങിയവയിലേക്കെല്ലാം സര്‍ക്കാരിന് എല്ലാവിധത്തിലും കടന്നുകയറാന്‍ സാധിക്കുന്ന വിധത്തിലുള്ള ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ബന്ധിതമാകുകയാണ് ജനങ്ങള്‍.

സര്‍ക്കാര്‍ യാഥാര്‍ത്ഥ്യങ്ങളെ നേരിടാന്‍ തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം.
ഇന്ന് ബി.ജെ.പി സര്‍ക്കാര്‍ മാധ്യമങ്ങളെ സര്‍വ്വം നശിപ്പിക്കാനുള്ള ആയുധമായാണ് കാണുന്നത്. തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, ചൈനയുമായുള്ള തര്‍ക്കങ്ങള്‍, കൊവിഡ് പരാജയം, തുടങ്ങിയ വിഷയങ്ങളെ സുശാന്ത് സിങ് രജ്പുത്, കങ്കണ റണൗത്തിന്റെ ഓഫീസ് കെട്ടിടം പൊളിച്ചത് തുടങ്ങിയ വാര്‍ത്തകളിലൂടെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bjp using media as a weapon of mass distraction Shashi Tharoor