പുടിന്റെ സന്ദര്‍ശനം: രാഹുലിനും ഖാര്‍ഗെയ്ക്കും ക്ഷണമില്ലാത്ത അത്താഴവിരുന്നില്‍ തരൂര്‍; ക്ഷണിച്ചവരെയല്ല ക്ഷണം സ്വീകരിച്ചവരെ പറഞ്ഞാല്‍ മതിയെന്ന് കോണ്‍ഗ്രസ്
India
പുടിന്റെ സന്ദര്‍ശനം: രാഹുലിനും ഖാര്‍ഗെയ്ക്കും ക്ഷണമില്ലാത്ത അത്താഴവിരുന്നില്‍ തരൂര്‍; ക്ഷണിച്ചവരെയല്ല ക്ഷണം സ്വീകരിച്ചവരെ പറഞ്ഞാല്‍ മതിയെന്ന് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th December 2025, 8:58 pm

ന്യൂദല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന് വേണ്ടി രാഷ്ട്രപതി ഭവനില്‍ ഒരുക്കിയ ഔദ്യോഗിക അത്താഴവിരുന്നിലേക്ക് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും ക്ഷണം ലഭിച്ചില്ല.

എന്നാല്‍ കോണ്‍ഗ്രസ് എം.പി ശശി തരൂരിനെ കേന്ദ്ര സര്‍ക്കാര്‍ വിരുന്നിലേക്ക് ക്ഷണിക്കുകയും ചെയ്തു. വിഷയം കോണ്‍ഗ്രസിനുള്ളില്‍ വലിയ പൊട്ടിത്തെറിക്ക് തന്നെ കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് (വെള്ളിയാഴ്ച) വൈകുന്നേരത്തോടെയായിരുന്നു വിരുന്ന് നടത്തിയത്.

അത്താഴ വിരുന്നിലേക്കുള്ള ക്ഷണത്തെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെ തനിക്ക് ക്ഷണം ലഭിച്ചുവെന്നും തീര്‍ച്ചയായും താന്‍ വിരുന്നില്‍ പങ്കെടുക്കുമെന്നും ശശി തരൂര്‍ പ്രതികരിച്ചിരുന്നു. ഇതിനിടെ, മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും രാഹുല്‍ ഗാന്ധിക്കും ക്ഷണം ലഭിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് സ്ഥിരീകരിക്കുകയും ചെയ്തു.

മുതിര്‍ന്ന നേതാക്കള്‍ക്ക് ലഭിക്കാത്ത ക്ഷണം തരൂരിന് ലഭിച്ചതിനെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു.
ഇത്തരത്തില്‍ ക്ഷണിക്കുന്നവരെ മാത്രമല്ല, ക്ഷണം സ്വീകരിക്കുന്നവരെയുമാണ് ചോദ്യം ചെയ്യേണ്ടതെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പ്രതികരിച്ചു.

‘എല്ലാവര്‍ക്കും സ്വയം ബോധം വേണം. സ്വന്തം ആന്തരികമായ ശബ്ദം കേള്‍ക്കാന്‍ ശ്രമിക്കണം. മുതിര്‍ന്ന നേതാക്കള്‍ക്ക് പകരം ഞങ്ങളെയാണ് ക്ഷണിച്ചിരുന്നെങ്കില്‍ ആ ക്ഷണം ഞങ്ങളാരും ക്ഷണം സ്വീകരിക്കില്ലായിരുന്നു,’ പവന്‍ ഖേര പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായാണ് റഷ്യന്‍ പ്രസിഡന്റ് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി രാജ്യത്തെത്തിയത്.

പ്രോട്ടോക്കോള്‍ ലംഘിച്ച് മോദി നേരിട്ടെത്തി പുടിനെ സ്വീകരിച്ചതിനെ തരൂര്‍ പുകഴ്ത്തി സംസാരിച്ചതും ഇതിനിടെ വലിയ ചര്‍ച്ചയായി. പുടിന്റെ സന്ദര്‍ശനം ഒരു സുപ്രധാന സമയത്താണെന്നും തരൂര്‍ എ.എന്‍.ഐയോട് പ്രതികരിച്ചു.

ഇന്ത്യയുടെയും റഷ്യയുടെയും വളരെക്കാലമായി നിലനില്‍ക്കുന്ന പ്രധാനപ്പെട്ട ബന്ധമാണ്. ഈ സമയത്ത് ഇന്ത്യയുടെ നിരവധി നയതന്ത്ര ബന്ധങ്ങള്‍ അനിശ്ചിതത്വത്തിലായതിനാല്‍ ഇത്തരത്തിലുള്ള നമ്മുടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്.

റഷ്യയുമായുള്ള സൗഹൃദത്തിന്റെ വില അടുത്തകാലത്തായി തെളിയിക്കപ്പെട്ടിട്ടുണ്ട്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതും ഓപ്പറേഷന്‍ സിന്ദൂരിന്റെ സമയത്ത് റഷ്യയുടെ മിസൈലുകളടക്കമുള്ള ആയുധങ്ങള്‍ ഇന്ത്യയെ സഹായിച്ചതും തരൂര്‍ എടുത്തുപറഞ്ഞു.

അതേസമയം, കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷം പുടിനുമായി കൂടിക്കാഴ്ച നടത്തുന്നത് തടയുന്നതിനെ രാഹുല്‍ ഗാന്ധി പാര്‍ലമെന്റിന് പുറത്ത് വിമര്‍ശിച്ചിരുന്നു. മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ പാരമ്പര്യത്തിന് വിരുദ്ധമാണെന്നും അരക്ഷിത ബോധം കാരണമാണ് പ്രതിപക്ഷത്തെ മാറ്റി നിര്‍ത്തുന്നതെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

Content Highlight: Putin’s visit: Shashi Tharoor at official dinner where Rahul and Kharge were not invited; Congress criticizes