കരിപ്പൂര്‍ വിമാന അപകടം; അനുശോചനമറിയിച്ച് ഷാരൂഖും സച്ചിനുമടക്കമുള്ള താരങ്ങള്‍
Karipur plane crash
കരിപ്പൂര്‍ വിമാന അപകടം; അനുശോചനമറിയിച്ച് ഷാരൂഖും സച്ചിനുമടക്കമുള്ള താരങ്ങള്‍
ന്യൂസ് ഡെസ്‌ക്
Saturday, 8th August 2020, 10:07 am

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള അപകടത്തില്‍ അനിശോചനമറിയിച്ച് ബോളിവുഡ് താരങ്ങള്‍. ഷാരൂഖ് ഖാന്‍, അക്ഷയ്കുമാര്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് അനിശോചനം അറിയിച്ചിട്ടുണ്ട്.

അതോടൊപ്പം ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറും വിരാട് കോഹ് ലിയും വിമാനപകടത്തില്‍ ദു:ഖം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് ഇവരെല്ലാം അനിശോചന സന്ദേശങ്ങള്‍ പങ്കുവെച്ചത്.

അപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ നേരുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെയും അവരുടെ ഉറ്റവരെയും ഈ നിമിഷത്തില്‍ ഓര്‍ക്കുന്നു, എന്റെ എല്ലാ പ്രാര്‍ഥനയും അവര്‍ക്കുണ്ടാകും- എന്ന് ഷാരൂഖ് ഖാന്‍ ട്വീറ്റ് ചെയ്തു.

ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണിത്. എല്ലാ യാത്രക്കാരും സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ഥിക്കുന്നു. എയര്‍ ഇന്ത്യ ക്രൂവിലെ ജീവനക്കാര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ഥിക്കുന്നു. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് എന്റെ ആദരാഞ്ജലികള്‍- അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു.

 

കരിപ്പൂര്‍ വിമാനത്താവളത്തിലെ അപകടത്തില്‍ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. വിമാനപകടത്തിന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചെന്നും വിശദാശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ദുബായില്‍ നിന്നും കോഴിക്കോടേയ്ക്ക് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് (IX1344) അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാത്രി 7.41ഓടെയാണ് അപകടമുണ്ടായത്.

പൈലറ്റ് അടക്കം 19 പേര്‍ മരിച്ചു. 171 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അപകടത്തില്‍പ്പെട്ടവരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളിലായി 13 പേരാണ് ഇതുവരെ മരിച്ചത്. മലപ്പുറം ജില്ലയിലെ ആശുപത്രികളിലായി ആറ് പേരും മരിച്ചു.

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക