77 രാജ്യങ്ങള്‍,1874 പ്രസാധകര്‍; 37-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിന് ഇന്നു തുടക്കമാകും
Sharjah International Book Fair
77 രാജ്യങ്ങള്‍,1874 പ്രസാധകര്‍; 37-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിന് ഇന്നു തുടക്കമാകും
എന്‍ ആര്‍ ഐ ഡെസ്ക്
Wednesday, 31st October 2018, 7:54 am

ഷാര്‍ജ: ലോകത്തെ ഏറ്റവും വലിയ പുസ്തക മേളകളിലൊന്നായി പരിഗണിക്കുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിന് ബുധനാഴ്ച തുടക്കമാകും. ഷാര്‍ജ ബുക്ക് അതോറിറ്റി(എസ്.ബി.എ)യുടെ സംഘാടനത്തില്‍ നടക്കുന്ന മേളയുടെ മുപ്പത്തി ഏഴാമത് എഡിഷനില്‍ 77 രാജ്യങ്ങളില്‍ നിന്നുള്ള 1874 പ്രസാധകരാണ് ഇക്കുറി തങ്ങളുടെ പ്രിയ പുസ്തകങ്ങളുമായെത്തുക.

ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശാനുസരണം 36 വര്‍ഷം മുമ്പാരംഭിച്ചതാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവം. ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ടുതന്നെ ഇന്ത്യയിലടക്കമുള്ള പുസ്തക പ്രസാധകരുടെ പ്രിയ മേളകളിലൊന്നായി ഇതു മാറിക്കഴിഞ്ഞു.

“അക്ഷരങ്ങളുടെ കഥ” എന്ന തീമിലാണ് ഇക്കുറി മേള അവതരിപ്പിക്കുന്നത്. വായനയുടെ ആഗോള കാര്‍ണിവലെന്നു വിളിക്കാവുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ ഈ വര്‍ഷം 1.6 മില്യന്‍ തലക്കെട്ടുകളിലായി 20 മില്യനില്‍പരം പുസ്തകങ്ങളെത്തും. ഇതില്‍ 80,000 പുതിയ പുസ്തകങ്ങളുമുണ്ടാകും.

നവംബര്‍ ഒന്നു മുതല്‍ പതിനൊന്നു വരെ നീളുന്ന ഈ പുസ്തക മഹാമഹം ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍ നിന്നും ഇക്കുറി മുപ്പതില്‍പരം പ്രസാധകര്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്.

പതിനൊന്നു ദിവസം നീണ്ടു നില്‍ക്കുന്ന സാഹിത്യത്തിന്റേയും വിജ്ഞാനത്തിന്റേയും സംസ്‌കാരത്തിന്റേയും ഈ ഉല്‍സവത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ നാനാ കോണുകളില്‍ നിന്ന് നിരവധി പ്രമുഖ എഴുത്തുകാരാണെത്തുക.