ധാക്ക: ബംഗ്ലാദേശ് മുന്‍പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അധികാരത്തില്‍ നിന്നിറക്കിയ യുവജന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ഷെരീഫ് ഉസ്മാന്‍ ഹാദി അജ്ഞാതരുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച സിംഗപ്പൂരില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
2024ല്‍ ബംഗ്ലാദേശില്‍ പൊട്ടിപ്പുറപ്പെട്ട വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ഗ്രൂപ്പായ ഇങ്ക്വിലാബ് മഞ്ചയുടെ നേതാവായിരുന്നു 32കാരനായ ഹാദി.
ധാക്കയിലെ പള്ളിയില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് ഹാദിക്ക് നേരെ മുഖംമൂടി ധാരികള്‍ വെടിയുതിര്‍ത്തതെന്നാണ് വിവരം. ഗുരുതരാവസ്ഥയിലായ ഹാദിയെ സിംഗപ്പൂരിലേക്ക് അടിയന്തര ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആക്രമണം നടത്തിയവരെന്ന് സംശയിക്കുന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ അറിയിച്ചു.
ഹാദിയുടെ മരണവാര്‍ത്ത പുറത്തെത്തിയതോടെ ബംഗ്ലാദേശില്‍ ആക്രമണം പൊട്ടിപ്പുറപ്പെട്ടു. ഹാദിയുടെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അനുയായികള്‍ നടത്തിയ പ്രതിഷേധം അക്രമാസസക്തമായി. വെള്ളിയാഴ്ച പുലര്‍ച്ചെ ധാക്കയിലെ സ്‌ക്വയറില്‍ ഒത്തുകൂടിയ പ്രതിഷേധക്കാര്‍ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു.
അക്രമികള്‍ തീയിട്ട പത്രമോഫീസ് Photo: EPA
ഹാദിയുടെ മരണത്തില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച മാര്‍ച്ച് അക്രമാസക്തമാക്കുകയും അക്രമികള്‍ പത്രമോസിഫുകള്‍ക്ക് തീയിടുകയും ചെയ്തു. ദി ഡെയ്‌ലി സ്റ്റാര്‍, പ്രോതോം അലി എന്നീ പത്രങ്ങളുടെ ഓഫീസുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സൈന്യമടക്കം എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തി മാധ്യമപ്രവര്‍ത്തകരെ പുറത്തിറക്കിയത്.
ഹാദിയുടെ മരണത്തില്‍ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ അനുശോചനം രേഖപ്പെടുത്തി. രാജ്യത്തിന് നികത്താനാവാത്ത നഷ്ടമെന്ന് നോബേല്‍ സമ്മാനജേതാവ് കൂടിയായ പ്രധാനമന്ത്രി മുഹമ്മദ് യൂനുസ് പ്രതികരിച്ചു. രാജ്യത്ത് ശനിയാഴ്ച ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ച പ്രധാനമന്ത്രി, തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് അക്രമികളുടെ നീക്കമെന്നും ആരോപിച്ചു.
ബംഗ്ലാദേശില്‍ ഭരണമാറ്റമുണ്ടായ പ്രക്ഷോഭത്തിന് ശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഹാദിക്ക് നേരെ വെടിവെപ്പുണ്ടായത്. തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങുകയായിരുന്നു ഹാദി.
Content Highlight: Sharif Osman Hadi, Leader who led 2024 Bangladesh student protests is killed; supporters launch protest