കോമഡി വേഷങ്ങളിലൂടെ മലയാള സിനിമ പ്രേമികളുടെ മനസില്‍ ചേക്കേറിയ നടനാണ് ഷറഫുദ്ദീന്‍. കരിയറിന്റെ തുടക്കത്തില്‍ ഹാസ്യ കഥാപാത്രങ്ങളെ മാത്രം അവതരിപ്പിച്ച നടന്‍ വരത്തന്‍ എന്ന ചിത്രത്തിലൂടെ വില്ലന്‍ വേഷങ്ങളും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചു. പിന്നീട് നായകനായും വില്ലനായും കോമഡീയനായും സഹനടനായും അദ്ദേഹം തിളങ്ങി. ഒടുവില്‍ പുറത്തിറങ്ങിയ പടക്കളത്തിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു.
ഇപ്പോള്‍ വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ പുതിയതായി റിലീസാകാന്‍ പോകുന്ന പെറ്റ് ഡിറ്റക്ടീവ് എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ഷറഫുദ്ദീന്‍.
‘ആ സിനിമ തുടങ്ങിയ കഥ പറയാം. കോവിഡ് കാലം, എല്ലാവരും ഷൂട്ടിങ്ങും ജോലിയുമില്ലാതെ വീട്ടിലിരിപ്പാണ്. കൂട്ടുകാരെല്ലാം ഇടയ്ക്ക് കാക്കനാട്ടെ അഖിലിന്റെ ഫ്‌ലാറ്റില്‍ ഒത്തുകൂടും. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുടെ അസോഷ്യേറ്റ് ഡയറക്ടറായ അപ്പുവും സൗണ്ട് ഡിസൈനറായ നിക്സണും സിനിമ മനസില്‍ കൊണ്ടു നടക്കുന്ന സന്ദീപും ജോര്‍ജും ഷിനോസ് ഷംസുദ്ദീനുമൊക്കെ ആ കൂട്ടത്തിലുണ്ട്. അപ്പുവിന്റെ പെറ്റ് ഡോഗാണ് ച്യൂയി. ഷിറ്റ്‌സു ബ്രീഡിലുള്ള ച്യൂയി ഞങ്ങളോടെല്ലാം വലിയ കമ്പനിയാണ്,’ഷറഫുദ്ദീന്‍ പറയുന്നു.
ഒരു ദിവസം ഡോര്‍ തുറന്നപ്പോള്‍ ച്യൂയി പുറത്തേക്ക് ഇറങ്ങിയോടിയെന്നും ആ രാത്രി മുഴുവന്‍ തപ്പിനടന്നിട്ടും അതിനെ കിട്ടിയില്ലെന്നും അദ്ദേഹം പറയുന്നു. വര്‍ഷങ്ങളായി ഒപ്പമുള്ള ച്യൂയിയെ നഷ്ടപ്പെട്ട അപ്പുവിന്റെ വിഷമമറിഞ്ഞു നസ്രിയയും സൗബിനുമൊക്കെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നുവെന്നും ഷറഫുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.
‘രണ്ടു ദിവസം കഴിഞ്ഞു വിവരം കിട്ടി, ച്യൂയി കുറച്ചപ്പുറത്തുള്ള കുട്ടികളുടെയടുത്തുണ്ടെന്ന്. ച്യൂയിയുടെ കാണാതാകലും അന്വേഷണവുമൊക്കെ കൂട്ടുകാരനായ പ്രനീഷ് വിജയനോട് പറഞ്ഞപ്പോഴാണ് ഇതിലൊരു സിനിമയുണ്ട് എന്ന ഐഡിയ കത്തിയത്. കാണാതാകുന്ന പെറ്റ്‌സിനെ കണ്ടുപിടിക്കുന്നതാണ് പെറ്റ് ഡിറ്റക്ടീവിന്റെ ജോലി,’ അദ്ദേഹം പറയുന്നു.
പ്രനീഷിന്റെ സംവിധാനത്തില്‍ കഥ സിനിമയായപ്പോള്‍ നിര്‍മാണ ചുമതല താന്‍ ഏറ്റെടുത്തുവെന്നം എക്‌സോട്ടിക് വിഭാഗത്തില്‍ പെടുന്നതടക്കം കുറേ മൃഗങ്ങള്‍ സിനിമയില്‍ ഉണ്ടെന്നും കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലാണ് അവയെ അവതരിപ്പിച്ചിട്ടുള്ളതെന്നും ഷറഫുദ്ദീന്‍ പറഞ്ഞു.
Content Highlight: Sharafudheen talks about his upcoming film Pet Detective