ലാലേട്ടന്‍ പ്രിയദര്‍ശനെ 'പ്രിയാ' എന്ന് വിളിക്കും പോലെ അന്ന് ഞാന്‍ നിന്നെ 'ഷറാ'യെന്ന് വിളിക്കുമെന്ന് അവന്‍: ഷറഫുദ്ദീന്‍
Malayalam Cinema
ലാലേട്ടന്‍ പ്രിയദര്‍ശനെ 'പ്രിയാ' എന്ന് വിളിക്കും പോലെ അന്ന് ഞാന്‍ നിന്നെ 'ഷറാ'യെന്ന് വിളിക്കുമെന്ന് അവന്‍: ഷറഫുദ്ദീന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 20th July 2025, 9:59 am

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്ന് വന്ന നടനാണ് ഷറഫുദ്ദീന്‍. നിരവധി സിനിമകളില്‍ ഹാസ്യ നടനായി എത്തിയ ഷറഫുദ്ദീന്‍ പിന്നീട് നായകനായും വില്ലനായും അഭിനയത്തില്‍ തന്റെ കഴിവ് തെളിയിച്ചു. പടക്കളമാണ് ഷറഫുദ്ദീന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

സിനിമ ആയിരുന്നോ ചെറുപ്പം മുതലേയുള്ള സ്വപ്നം എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഇപ്പോള്‍ ഷറഫുദ്ദീന്‍. അങ്ങനെ സ്വപ്നം പോലും കാണാനുള്ള ധൈര്യം തനിക്ക് ഇല്ലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ബാസ്‌കറ്റ് ബോള്‍ കളിക്കാന്‍ പോയപ്പോഴാണ് അല്‍ഫോണ്‍സ് പുത്രനെ പരിചയപ്പെടുന്നതെന്നും സെന്റ് മേരീസ് സ്‌കൂളില്‍ പ്ലസ് വണ്ണിന് ചേര്‍ന്ന കാലത്താണ് താന്‍ കൃഷ്ണ ശങ്കറിനെ കണ്ടുമുട്ടിയതെന്നും ഷറഫുദ്ദീന്‍ പറയുന്നു.

പ്ലസ് ടു പരീക്ഷയ്ക്ക് മുമ്പ് തങ്ങള്‍ രണ്ടുപേര്‍ക്കും സിനിമയാണ് താത്പര്യമെന്ന് തിരിച്ചറിഞ്ഞുവെന്നും തന്റെ സംവിധാന മോഹം കേട്ടപ്പോള്‍ കൃഷ്ണ ശങ്കര്‍ തമാശ രൂപേണ ഒരു കാര്യം പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനിതയോട് സംസാരിക്കുകയായിരുന്നു ഷറഫുദ്ദീന്‍.

‘അങ്ങനെ സ്വപ്നം കാണാന്‍ പോലും അത്ര ധൈര്യമില്ലായിരുന്നു. വാപ്പ കുഞ്ഞുമോന് റെയില്‍വേയില്‍ ആയിരുന്നു ജോലി. ഉമ്മ നബീസയും ഞാനും അനിയന്മാരായ ഷിഹാബും സിറാജുമൊക്കെയായി ആലുവ സ്റ്റേഷനടുത്തുള്ള റെയില്‍വേ ക്വാര്‍ട്ടേഴ്‌സിലാണ് താമസം. സിനിമയാണ് അന്നേ ഹരം. വാപ്പച്ചി കൊണ്ട് കാണിക്കുന്നതിന് പുറമേ ക്ലാസ് കട്ട് ചെയ്തും സിനിമയ്ക്കു പോകും.

ബാസ്‌കറ്റ് ബോള്‍ കളിക്കാന്‍ പോയപ്പോഴാണ് അല്‍ഫോണ്‍സ് പുത്രനുമായി കൂട്ടായത്. സെന്റ് മേരീസ് സ്‌കൂളില്‍ പ്ലസ് വണ്ണിന് ചേര്‍ന്ന കാലത്ത് കിച്ചുവിനെ (കൃഷ്ണ ശങ്കര്‍) കണ്ടുമുട്ടി. പ്ലസ് ടു പരീക്ഷയ്ക്ക് മുമ്പ് ഞങ്ങള്‍ ഒരു സത്യം തിരിച്ചറിഞ്ഞു, രണ്ടുപേര്‍ക്കും സിനിമയാണ് താത്പര്യം. എന്റെ സംവിധാന മോഹം കേട്ടപ്പോള്‍ കിച്ചു തമാശയായി പറഞ്ഞു, ‘നീ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഞാന്‍ നായകനാകാം. ലാലേട്ടന്‍ പ്രിയദര്‍ശനെ ‘പ്രിയാ’ എന്ന് വിളിക്കും പോലെ അന്ന് ഞാന്‍ നിന്നെ ‘ഷറാ..’ എന്ന് വിളിക്കാം,’ ഷറഫുദ്ദീന്‍ പറയുന്നു.

Content Highlight:   Sharafudeen talks about his passion for cinema