മുംബൈ: ക്ഷീരകര്‍ഷകര്‍ക്ക് സബ്സിഡി അനുവദിച്ചില്ലെങ്കില്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്ന് എന്‍.സി.പി ശരത് പവാര്‍ വിഭാഗം. ക്ഷീരകര്‍ഷകര്‍ക്ക് സബ്സിഡി അനുവദിക്കുന്നതില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ തെരുവില്‍ പ്രക്ഷോഭം നടത്തുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍ മുന്നറിയിപ്പ് നല്‍കി.
പൂനെ ജില്ലയിലെ ഇന്ദാപൂര്‍ തഹസില്‍ വരള്‍ച്ച ബാധിത ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ശരത് പവാര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത്. സംസ്ഥാനത്തെ ഉള്ളി കര്‍ഷകരുടെ ഭരണവിരുദ്ധ വികാരം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ എന്‍.ഡി.എ സഖ്യത്തെ തിരിച്ചടിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കര്‍ഷക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ എന്‍.സി.പി രംഗത്തെത്തുന്നത്.
നിലവിലെ ശിവസേന-ബി.ജെ.പി-എന്‍.സി.പി സര്‍ക്കാരിന് താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ മനസിലായോ എന്നും ശരത് പവാര്‍ ചോദിച്ചു. മുന്‍ വര്‍ഷങ്ങളില്‍ ഏത് സര്‍ക്കാരാണ് വിള വായ്പകള്‍ എഴുതിത്തള്ളിയതെന്നും കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ഉറപ്പാക്കിയതാരെന്നുമുള്ള ചോദ്യങ്ങളും പവാര്‍ ഉയര്‍ത്തിയിരുന്നു.
സംസ്ഥാനത്തെ ജനങ്ങളുടെ പ്രതിസന്ധികള്‍ മാറണമെങ്കില്‍ ഭരണം മാറണമെന്നും ശരത് പവാര്‍ പറഞ്ഞു. ജനങ്ങളുടെ അഭ്യര്‍ത്ഥനകള്‍ നടപ്പിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍, അടുത്ത നാലോ ആറോ മാസത്തിനുള്ളില്‍ നിങ്ങള്‍ നയരൂപീകരണ അധികാരം തങ്ങള്‍ക്ക് കൈമാറണമെന്നും ശരത് പവാര്‍ ആവശ്യപ്പെട്ടു. 2024 അവസാനത്തോടെ മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ശരത് പവാറിന്റെ പരാമര്‍ശം.
കേന്ദ്രസര്‍ക്കാരിന്റെ ഉള്ളി കയറ്റുമതി നിരോധനമാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയതും ചൊടിപ്പിച്ചതും. ഉള്ളി കര്‍ഷകരുടെ ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചില്ല. കര്‍ഷകരുടെ അതൃപ്തി മഹാരാഷ്ട്രയില്‍ വ്യാപകമായി ഉള്ളി കൃഷി ചെയ്യുന്ന നാസിക്കിലും ഡിന്‍ഡോരിയിലും ബി.ജെ.പിയെ തിരിച്ചടിച്ചു.
ഡിന്‍ഡോരി മണ്ഡലത്തില്‍ കേന്ദ്ര സഹമന്ത്രി ഭാരതി പവാറും നാസിക്കില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഹേമന്ത് ഗോഡ്സെയും ഇന്ത്യാ സഖ്യത്തോടെ തോല്‍വി ഏറ്റുവാങ്ങി. 11 മണ്ഡലങ്ങളിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളെ താഴെയിറക്കാന്‍ കര്‍ഷകര്‍ക്ക് സാധിച്ചു. സമാന സാഹചര്യമാണ് മഹാരാഷ്ട്രയിലെ ഷിന്‍ഡെ സര്‍ക്കാര്‍ നേരിടുന്നത്.
Content Highlight: Sharad Pawar Says Will Take To Streets If Dairy Farmers Don’t Get Subsidy