നായികാ പ്രധാന്യമുള്ള വേഷങ്ങള്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് ലഭിക്കുന്നത് കുറവാണെന്ന് നടി ശാന്തി കൃഷ്ണ. മുമ്പ് നായകന്മാരായി അഭിനയിച്ചിരുന്ന താരങ്ങളാണ് ഇന്ന് അധികവും ക്യാരക്ടര്‍ റോളുകള്‍ ചെയ്യുന്നതെന്നെന്നും അശോകന്‍, ജഗദീഷ്, വിജയരാഘവന്‍, മനോജ് കെ. ജയന്‍ അങ്ങനെ മിക്കവരും ഒരുമിച്ച് ഒരു സിനിമയില്‍ വരുന്നുണ്ടെന്നും നടി പറയുന്നു. എന്നാല്‍ പ്രധാന വേഷങ്ങളിലെല്ലാം തന്നെ ആണുങ്ങളാണ് അധികം ഉള്ളതെന്നും ശാന്തി കൂട്ടിച്ചേര്‍ത്തു.
‘ഇന്ന് സ്ത്രീകള്‍ കടന്നുവരാത്ത ഏത് മേഖലയാണുള്ളത്. കലക്ടറായിട്ടും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടും നടന്‍ സിദ്ദിഖിന് നല്ല വേഷങ്ങള്‍ ലഭിക്കാറുണ്ട്. അത്തരത്തില്‍ ഉശിരുള്ള കഥാപാത്രം ഞങ്ങളെപ്പോലുള്ള നടിമാര്‍ക്കും കൊടുക്കാമല്ലോ.
ആ നിലയില്‍ ഒരു മാറ്റം കൊണ്ടുവന്നത് സംവിധായകന്‍ ജീത്തു ജോസഫാണ്. ദൃശ്യം‘ ഒന്നാം ഭാഗത്തില്‍ ആശാ ശരത്തിന് മികച്ച വേഷമാണ് ലഭിച്ചത്. ആശയെ പോലീസ് ആക്കേണ്ട എന്ന് ജീത്തു വിചാരിച്ചിരുന്നെങ്കിലോ? എന്തുകൊണ്ട് അതുപോലെ നല്ല കഥാപാത്രങ്ങള്‍ ഇനിയും എഴുതിക്കൂടാ,’ ശാന്തി പറയുന്നു.
തങ്ങളെല്ലാവരും ഒരേ കാലത്ത് ഈ മേഖലയില്‍ പ്രവര്‍ത്തിച്ചവരാണെന്നും എന്നിട്ടും സമാനമായ വേഷങ്ങള്‍ ലഭിക്കുന്നില്ലെന്നും ശാന്തി കൃഷ്ണ പറയുന്നു. ഓരോ സിനിമയിലെയും അവരുടെയൊക്കെ പ്രകടനങ്ങള്‍ കണ്ടിട്ട്, എന്തൊരു റേഞ്ചാണ് ആ നടന് എന്ന് പറയുന്നത് കേട്ടിട്ടുണ്ടെന്നും എല്ലാവരും എഴുതിയാലേ തങ്ങള്‍ക്ക് അത്തരത്തിലുള്ള വേഷം ചെയ്യാന്‍ കഴിയുകയുള്ളുവെന്നും നടി കൂട്ടിച്ചേര്‍ത്തു.
‘നിങ്ങളും കഥ എഴുതൂ, എന്നാലല്ലേ ഞങ്ങള്‍ക്കും കഴിവ് തെളിയിക്കാനാവുള്ളൂ. സ്റ്റീരിയോടൈപ് കഥാപാത്രങ്ങള്‍ നമുക്കും മടുത്തു. താരതമ്യേന ഉര്‍വശിക്ക് കാമ്പുള്ള വേഷങ്ങള്‍ ലഭിക്കുന്നുണ്ട്. അവരുടെ പ്രൊഡക്ഷനില്‍ സിനിമകളും നിര്‍മിക്കുന്നുണ്ട്.
ഇതിനിടയില്‍ ചില അവസരങ്ങള്‍ നഷ്ടപ്പെടുന്നുമുണ്ട്. സിനിമയ്ക്കുള്ളിലും രാഷ്ട്രീയം കടന്നു വരുന്നു. എന്നോട് പറഞ്ഞ പ്രോജക്ടില്‍നിന്ന് എന്നെ ഒഴിവാക്കി പകരം മറ്റൊരു താരത്തിനെവെച്ച് സിനിമ ചെയ്തിട്ടുണ്ട്. അതൊക്കെ വിഷമിപ്പിക്കുന്നതാണ്. വ്യത്യസ്തമായ പരീക്ഷണങ്ങള്‍ നടത്താന്‍ ഞാനും തയ്യാറാണ്,ശാന്തി കൃഷ്ണ പറയുന്നു
Content highlight: Shanthi Krishna says that women are still not getting important roles in the lead roles