'നിദ്ര'യില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് അങ്ങനെയുള്ള ചിന്തകളൊന്നും ഇല്ല: ശാന്തി കൃഷ്ണ
Malayalam Cinema
'നിദ്ര'യില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് അങ്ങനെയുള്ള ചിന്തകളൊന്നും ഇല്ല: ശാന്തി കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 29th July 2025, 3:20 pm

എണ്‍പതുകളില്‍ തന്റെ കരിയര്‍ തുടങ്ങിയ നടിയാണ് ശാന്തി കൃഷ്ണ. വിവിധ ഭാഷകളിലായി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നടി അഭിനയിച്ചിട്ടുണ്ട്. ചില്ല്, നിദ്ര, വിഷ്ണു ലോകം, പിന്‍ഗാമി തുടങ്ങിയവയെല്ലാം ശാന്തി കൃഷ്ണയുടെ ശ്രദ്ധേയമായ സിനിമകളാണ്. ചകോരം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ശാന്തി കൃഷ്ണ സ്വന്തമാക്കിയിരുന്നു.

എണ്‍പതുകളിലും തൊന്നൂറുകളിലും നിരവധി മുന്‍നിര സംവിധായകരുടെ സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ വണ്‍ ടു ടോക്സുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയാണ് നടി.
നിദ്ര കുറച്ചുകൂടെ ആളുകളില്‍ എത്തിയിരുന്നെങ്കില്‍ കരിയര്‍ വേറൊരു ലെവലിലേക്ക് പോകുമെന്ന് ചിന്തിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ശാന്തി കൃഷ്ണയുടെ മറുപടി.

‘എനിക്ക് അങ്ങനെയുള്ള ഒരു ചിന്തയുമുണ്ടായിരുന്നില്ല. വളരെ ടിപ്പിക്കലായിട്ടുള്ള പതിനേഴ് വയസുള്ള ഒരാളായിരുന്നു ഞാന്‍ അപ്പോള്‍. അഭിനയിക്കാന്‍ വരുന്നു, അഭിനയിക്കാന്‍ പോകുന്നു. ആ സമയത്ത് എനിക്ക് ആ ഭാഷയൊന്നും മര്യാദക്ക് അറിയില്ലായിരുന്നു. ഡയലോഗുകളൊക്കെ ഞാന്‍ ഇംഗ്ലിഷില്‍ എഴുതി നോക്കും, എന്നിട്ട് തലേദിവസം അത് കാണാതെ പഠിക്കും. അങ്ങനെയൊക്കെയാണ് ചെയ്തുകൊണ്ടിരുന്നത്.

വീട്ടിലൊക്കെ തങ്ങള്‍ തമിഴാണ് സംസാരിച്ചിരുന്നതെന്ന് നടി പറയുന്നുണ്ട്. തന്റെ അമ്മക്ക് മലയാളം അറിയുമായിരുന്നുവെന്നും അമ്മ കാഞ്ഞങ്ങാടാണ് പഠിച്ചതെന്നും ശാന്തി കൃഷ്ണ പറയുന്നു. കാഞ്ഞങ്ങാട് തന്നെ ജനിച്ച് വളര്‍ന്നതായതുകൊണ്ട് അമ്മക്ക് മലയാളം നന്നായി അറിയുമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘അമ്മക്ക് മലയാളം എഴുതാനും വായിക്കാനുമൊക്കെ അറിയാം. എന്തെങ്കിലും ഇന്റര്‍വ്യൂസൊക്കെ വരുകയാണെങ്കില്‍ അമ്മ എനിക്ക് വായിച്ച് തരാറുണ്ട്. അച്ഛന്‍ കുവൈത്തില്‍ ജോലി ചെയ്തത്‌കൊണ്ട് കുറെ മലയാളി സുഹൃത്തുക്കളുണ്ടായിരുന്നു. അച്ഛനും മലയാളം സംസാരിക്കും. പാലക്കാടാണ് അച്ഛന്റെ നാട്. അതല്ലാതെ എനിക്ക് മലയാളം അറിയില്ലായിരുന്നു. കേള്‍ക്കുമ്പോള്‍ ഇത് മലയാളമാണെന്ന് അറിയുമെന്നാല്ലാതെ സംസാരിക്കാനൊന്നും പറ്റില്ലായിരുന്നു,’ശാന്തി കൃഷ്ണ പറയുന്നു.

Content Highlight: Shanthi Krishna says that she didn’t know Malayalam