ഏറ്റവും മോശം സമയത്ത് ഞാന്‍ ചെയ്ത സിനിമ; ഒരു പടത്തിനെ പറ്റി ഞാന്‍ അപ്പോള്‍ ചിന്തിച്ചില്ല: ശാന്തി കൃഷ്ണ
Malayalam Cinema
ഏറ്റവും മോശം സമയത്ത് ഞാന്‍ ചെയ്ത സിനിമ; ഒരു പടത്തിനെ പറ്റി ഞാന്‍ അപ്പോള്‍ ചിന്തിച്ചില്ല: ശാന്തി കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 31st July 2025, 7:06 pm

വിവിധ ഭാഷകളിലായി മുന്‍നിര നായകന്‍മാര്‍ക്കൊപ്പം അഭിനയിച്ച നടിയാണ് ശാന്തി കൃഷ്ണ. തന്റെ കരിയറിന്റെ തുടക്കത്തില്‍ തന്നെ നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 1984ലെ ആദ്യ വിവാഹത്തിന് ശേഷം ശാന്തി കൃഷ്ണ സിനിമയില്‍ നിന്ന് ഒരു ഇടവേള എടുത്തിരുന്നു.

1991ല്‍ പുറത്തിറങ്ങിയ നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിലൂടെയാണ് ശാന്തി കൃഷ്ണ വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുന്നത്. ശേഷം നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും പിന്നീട് കരിയറില്‍ വീണ്ടും വലിയൊരു ഇടവേള എടുത്തു.

2017ല്‍ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെ അവര്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി. ഇപ്പോള്‍ സിനിമയിലേക്ക് തിരിച്ചെത്തിയത് എങ്ങനെയാണെ് ശാന്തി കൃഷ്ണ പറയുന്നു.

‘ഈ സിനിമയുടെ കാര്യം പറഞ്ഞപ്പോള്‍ എന്റെ സുഹൃത്തുക്കളൊക്കെ പറഞ്ഞു, നല്ലൊരു അവസരമാണിതെന്ന്. കാരണം ഇത്രയും വര്‍ഷത്തിന് ശേഷം പുതിയ ആളുകളുടെ കൂടെ സിനിമയില്‍ അഭിനയിക്കുക എന്ന് പറയുന്നത് ഒരു നല്ല എന്‍ട്രിയാണ് എന്ന്,’ശാന്തി കൃഷ്ണ പറയുന്നു.

താന്‍ ഏറ്റവും മോശം സിറ്റുവേഷനില്‍ കൂടി കടന്നുപോകുന്ന സമയമായിരുന്നു അതെന്നും അപ്പോള്‍ ഒരു സിനിമയെ പറ്റിയൊന്നും താന്‍ ചിന്തിച്ചിരുന്നില്ലെന്നും നടി പറയുന്നു. ആ സമയത്ത് തന്റെ കുട്ടികളെ കുറിച്ചെല്ലാം വെറീഡായിരുന്നുവെന്നും ശാന്തി പറഞ്ഞു.

‘അങ്ങനെയാണ് ഞാന്‍ പിന്നെ യു.എസില്‍ നിന്ന് ബെംഗളൂരിലേക്ക് വരുന്നത്. ആ സമയത്ത് എന്റെ ഡിവോര്‍സ് കേസ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഇവര് സിനിമയുടെ ഡേറ്റും ചോദിക്കുന്നത്. അങ്ങനെ അല്‍ത്താഫും സന്ദീപും ബെംഗളൂരിലേക്ക് വന്നു. എന്നെ നേരിട്ട് വന്ന് കണ്ടു. ‘സിനിമയുടെ കഥ ഞങ്ങള്‍ ഒന്ന് പറഞ്ഞോട്ടേ മാം, പിന്നീട് നിങ്ങള്‍ക്ക് തീരുമാനിക്കാം’ എന്ന് പറഞ്ഞു. അങ്ങനെയാണ് എന്റെയടുത്ത് സിനിമയുടെ കഥ പറയുന്നത്. പിന്നെ കഥ കേട്ട് കഴിഞ്ഞാല്‍ ഷീല ചാക്കോ എന്ന കഥാപാത്രം ആരും വേണ്ട എന്ന് പറയില്ല,’ശാന്തി കൃഷ്ണ പറയുന്നു.

Content highlight: Shanthi krishna about  Njandukalude Nattil Oridavela and her comeback in movie