തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് ബി.ജെ.പി അനുകൂല ഹൈന്ദവ സംഘടനകള്‍ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിലെ വര്‍ഗീയ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ചെങ്കോട്ടുകോണം ശ്രീ രാമദാസ ആശ്രമം അധ്യക്ഷന്‍ ശാന്താനന്ദ മഹര്‍ഷി. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കേസിനെ ഭയപ്പെടുന്നില്ല എന്നും ശാന്താനന്ദ മഹര്‍ഷി പറഞ്ഞു.
വാവരെ കാണാനായി ആരും വരുന്നില്ലെന്നും അയ്യപ്പന്റെ സുഹൃത്താണ് വാവര്‍ എന്ന സങ്കല്‍പം ഇവിടെ പ്രചരിച്ചിരിക്കുന്നത് കൊണ്ടും വാവരെ കുറിച്ച് ആ രീതിയിലുള്ള ഒരു ധാരണ ഈ സമൂഹത്തില്‍ നിലനില്‍ക്കുന്നത് കൊണ്ടും മാത്രമാണ് വാവരെ കാണുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ഞാന്‍ പറഞ്ഞത് തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ അത് തിരുത്താനുള്ള ബുദ്ധിയും വിവേകവും എനിക്കുണ്ട്. അല്ലാതെ ഒരു സദസ് കണ്ടപ്പോള്‍ വികാരം കൊണ്ട് പറഞ്ഞ കാര്യങ്ങളല്ല. കേസിനെ ഭയക്കാനോ? മരണത്തെ പോലും ഭയക്കാത്തവനാണ് സന്യാസി,’ റിപ്പോര്‍ട്ടറിനോട് അദ്ദേഹം പറഞ്ഞു.
പന്തളം രാജകുടുംബാംഗം അശ്വതി നാള്‍ രവിവര്‍മ പ്രദീപ് വര്‍മയുടെ വിമര്‍ശനത്തെ ശാന്താനന്ദ മഹര്‍ഷി പരിഹസിക്കുകയും ചെയ്തു.
‘കൊട്ടാരത്തിന്റെ അഡ്രസ് വെച്ച് വരുമ്പോള്‍, കൊട്ടാരത്തില്‍ അദ്ദേഹം മാത്രമല്ല ഉള്ളത്. കൊട്ടാരത്തില്‍ പശുവുണ്ടാകും കാളയുണ്ടാകും പൂച്ചയുണ്ടാകും എലിയുണ്ടാകും… ഇവര്‍ക്ക് സംസാരിക്കാന്‍ കഴിഞ്ഞാല്‍ ഞാനും കൊട്ടാരത്തിലെ ആളാണേ എന്ന് പറഞ്ഞേനേ, അവരുടെ അഭിപ്രായവും പറഞ്ഞേനേ, അത്രയേ വില അതിന് കല്‍പിക്കുന്നുള്ളൂ.
ശബരിമലയില്‍ വരുന്ന ഭക്തജനങ്ങള്‍ അയ്യപ്പനെ കാണാനാണ് വരുന്നത്. വാവരെ കാണാന്‍ ആരും വരുന്നില്ല. അയ്യപ്പന്റെ സുഹൃത്താണ് വാവര്‍ എന്ന സങ്കല്‍പം ഇവിടെ പ്രചരിച്ചിരിക്കുന്നത് കൊണ്ടും വാവരെ കുറിച്ച് ആ രീതിയിലുള്ള ഒരു ധാരണ ഈ സമൂഹത്തില്‍ നിലനില്‍ക്കുന്നത് കൊണ്ടും അയ്യപ്പനായി കൊണ്ട് പ്രാര്‍ത്ഥിക്കുകയാണ്.
വാവര് സ്വാമിയേ എന്നല്ലേ വിളിക്കുന്നത്, വാവര് മുസല്യാരേ എന്നോ വാവര് കാക്കേ എന്നൊന്നുമല്ലല്ലോ വിളിക്കുന്നത്. വാവര് സ്വാമീ എന്നാണ് വിളിക്കുന്നത്. സ്വാമി സങ്കല്‍പം തന്നെയാണ് അവര്‍ വാവരിലും കാണുന്നത്,’ ശാന്താനന്ദ മഹര്‍ഷി കൂട്ടിച്ചേര്‍ത്തു.
നിക്ഷിപ്ത താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയും മതേതര സങ്കല്‍പമാണ് അയ്യപ്പന്റേത് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ശബരിമലയിലെ വാവര് നടയെന്നും അദ്ദേഹം പറഞ്ഞു.
വാവരെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തിന് പിന്നാലെ ശാന്താനന്ദ മഹര്‍ഷിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കോണ്‍ഗ്രസ് മാധ്യമ വക്താവ് അനൂപ് വി.ആര്‍, പന്തളം കൊട്ടാരം കുടുംബാംഗം പ്രദീപ് വര്‍മ എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
വാവര് സ്വാമിയെ ശാന്താനന്ദ മഹര്‍ഷി മോശമായി ചിത്രീകരിച്ചെന്നാണ് പ്രദീപ് വര്‍മയുടെ പരാതി. പന്തളം അയ്യപ്പക്ഷേത്രവും കൊട്ടാരവും അയ്യപ്പനും വാവരും തമ്മിലുള്ള ബന്ധം അംഗീകരിച്ചാണ് തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കുന്നത്. മതവിദ്വേഷ പ്രസംഗത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറഞ്ഞിരുന്നു.