2017ല്‍ പുറത്തിറങ്ങിയ രക്ഷാധികാരി ബൈജു എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച നടനാണ് ശങ്കര്‍ ഇന്ദുചൂഢന്‍. പിന്നീട് കോഴിപ്പോര്, എടക്കാട് ബറ്റാലിയന്‍ എന്നിങ്ങനെ നിരവധി സിനിമകളില്‍ ,ചെറിയ വേഷങ്ങളില്‍ എത്തിയിരുന്നു. എന്നാല്‍ ജീത്തു ജോസഫ് സംവിധാനം ചെയ്ത് 2023-ല്‍ പുറത്തിറങ്ങിയ നേര് എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെയാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്.
ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പ്രേക്ഷകര്‍ സ്വീകരിച്ച തന്റെ വേഷങ്ങളെ കുറിച്ചും തന്റെ സിനിമാ കരിയറിനെ കുറിച്ചും സംസാരിക്കുകയാണ് ശങ്കര്‍ ഇന്ദുചൂഢന്‍.
‘ഞാന്‍ ഡെറാഡൂണില്‍ ബി.കോം എല്‍.എല്‍.ബി പഠിക്കുമ്പോഴാണ് ആദ്യ സിനിമ രക്ഷാധികാരി ബൈജു (ഒപ്പ്)വില്‍ അഭിനയിക്കുന്നത്. ക്രിക്കറ്റ് പ്ലേയറായ ഹരീകുമ്പളം എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അന്ന് സിനിമയില്‍ അഭിനയിക്കുന്ന കാര്യം അച്ഛനും അമ്മയ്ക്കും മാത്രമേ അറിയുമായിരുന്നുള്ളൂ.
ഷൂട്ടിങ് കഴിയുന്നതോടെയാണ് സിനിമയില്‍ അഭിനയിച്ച വിവരം താന്‍ സുഹൃത്തുക്കളോട് പറഞ്ഞതെന്നും തന്നെ പിരിച്ചുവിടുമോ, അവസരം നഷ്ടപ്പെടുമോ, ഇനിയത് പറ്റിക്കല്‍ ആണോ എന്നൊക്കെയുള്ള സംശയങ്ങള്‍ തനിക്ക് അപ്പോള്‍ ഉണ്ടായിരുന്നുവെന്നും നടന്‍ പറയുന്നു.
‘2016ല്‍ ഷൂട്ട് ചെയ്ത സിനിമ 2017ലാണ് പുറത്തിറങ്ങുന്നത്. ആദ്യ സിനിമയില്‍ പ്രേക്ഷക സ്വീകാര്യതയുള്ള വേഷം ലഭിച്ചത് വലിയ ഭാഗ്യമാണ്. പിന്നീട് ഓട്ടര്‍ഷ, കോഴിപ്പോര്, എടക്കാട് ബറ്റാലിയന്‍, മാംഗല്യം തന്തുനാനേന, മനോരഥങ്ങള്‍ എന്നിങ്ങനെ 14 സിനിമകളില്‍ അഭിനയിച്ചു. ട്രാന്‍സ് എന്ന സിനിമയിലും ചെറിയ റോള്‍ ചെയ്തിരുന്നു. ‘നാഗേന്ദ്രന്‍സ് ഹണിമൂണ്‍‘ എന്ന വെബ്സീരീസിലെ ഷിബു എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു,’ശങ്കര്‍ പറഞ്ഞു.
Content highlight: Shankar Induchudhan talks about his roles that have been received well by the audience and his film career