പരാതി ആസൂത്രിതം എന്ന പരാമര്‍ശം ശരിയല്ല; അതിനോട് യോജിക്കുന്നില്ല; സണ്ണി ജോസഫിനെ തള്ളി ഷാനിമോള്‍ ഉസ്മാന്‍
Kerala
പരാതി ആസൂത്രിതം എന്ന പരാമര്‍ശം ശരിയല്ല; അതിനോട് യോജിക്കുന്നില്ല; സണ്ണി ജോസഫിനെ തള്ളി ഷാനിമോള്‍ ഉസ്മാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th December 2025, 4:33 pm

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി ആസൂത്രിതമാണെന്ന കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പരാമർശത്തെ തള്ളി
കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ.

പരാതി ആസൂത്രിതമാണെന്ന പരാമർശം ശരിയെല്ലെന്നും
കൃത്യമായി വെൽ ഡ്രാഫ്റ്റാഡായി വേണം ഒരു പരാതി കൊടുക്കാനെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ആസൂത്രിതം എന്ന് പറഞ്ഞതിനോട് യോജിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.

സണ്ണി ജോസഫിന്റെ പരാമർശം ബോധപൂർവമായിരിക്കില്ലെന്നും സംസാരത്തിനിടയിൽ വന്നുപോയതാവാമെന്നും ഷാനിമോൾ പറഞ്ഞു.

‘പരാതി കൊടുക്കുന്നവരെ സംബന്ധിച്ച് ആ പരാതി ഏറ്റവും മികച്ചതാക്കി കൊടുക്കാനുള്ള ഉത്തരവാദിത്തം അവർക്കുണ്ട്. വെൽ ഡ്രാഫ്റ്റായി തന്നെ വേണം ഒരു പരാതി കൊടുക്കാൻ,’ അവർ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ ഭിന്നാഭിപ്രായമില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് തന്നെ അദ്ദേഹത്തെ പുറത്താക്കിയതാണെന്നും ഷാനിമോൾ കൂട്ടിച്ചേർത്തു.

‘ദേശീയ നേതൃത്വമടക്കമുള്ള കോൺഗ്രസ് നേതാക്കൾ യാതൊരു തരത്തിലുള്ള അർത്ഥശങ്കയ്ക്കുമിടയില്ലാതെ പൊതുജനങ്ങൾക്ക് മുന്നിൽ ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. ഞങ്ങളുടെ ഇടയിൽ പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിക്കരുത്,’ അവർ പറഞ്ഞു.

നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സണ്ണി ജോസഫിനെ തള്ളി രംഗത്തെത്തിയിരുന്നു.

പരാതി നൽകുമ്പോൾ വെൽ ഡ്രാഫ്റ്റഡ് ആയി പരാതി നൽകുന്നതിൽ തെറ്റില്ലെന്നും പരാതി നൽകുമ്പോൾ അഭിഭാഷകന്റെ സഹായം തേടിയിട്ടാവും പരാതി നൽകുകയെന്നും വി.ഡി. സതീശൻ പറഞ്ഞിരുന്നു.

രാഹുലിനെതിരെ ഉയർന്ന രണ്ടാമത്തെ പരാതി ആസൂത്രിതമാണെന്നും വെൽഡ്രാഫ്റ്റഡായ പരാതിക്ക് പിന്നിൽ ലീഗൽ ബ്രെയിൻ ഉണ്ടെന്നുമായിരുന്നു സണ്ണി ജോസഫ് ആരോപിച്ചത്.

മാങ്കൂട്ടത്തിലിനെതിരെ കെ.പി.സി.സിക്ക് ഇ-മെയിൽ വഴി ലഭിച്ച രണ്ടാമത്തെ പരാതി സംബന്ധിച്ചായിരുന്നു കെ.പി.സി.സി അധ്യക്ഷൻ്റെ ആരോപണം.

പരാതി കിട്ടിയ ഉടനെ പൊലീസിനെ സമീപിച്ചെന്ന് മുമ്പ് പറഞ്ഞ കെ.പി.സി.സി അധ്യക്ഷൻ ദിവസങ്ങൾക്കിപ്പുറം കെ.പി.സി.സിക്ക് പരാതി മെയിലിൽ ലഭിക്കുന്നതിന് മുമ്പ് തന്നെ മാധ്യമങ്ങൾക്കും പരാതി ലഭിച്ചെന്നും അതിൽ സംശയമുണ്ടെന്നുമാണ് ഇപ്പോൾ നിലപാടെടുത്തിരിക്കുന്നത്.

Content Highlight:  Shanimol Usman has rejected  Sunny Joseph’s statement