ഡോ. ബിജു സംവിധാനം ചെയ്ത ചിത്രം “ആകാശത്തിന്റെ നിറം” 15ാമത് ഷാങ്ഹായി അന്താരാഷ്ട്ര ചലച്ചിത്രമേള ഗോള്‍ഡന്‍ ഗോബ്ലെറ്റ് മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഷാങ്ഹായി ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാള ചിത്രമാണിത്.
മേളയിലെ റെഡ് കാര്‍പെറ്റ് പ്രദര്‍ശനത്തില്‍ സംവിധായകന്‍ ഡോ.ബിജു, നിര്‍മ്മാതാവ് കെ. അനില്‍കുമാര്‍, നടന്‍ ഇന്ദ്രജിത്ത് എന്നിവരെ ക്ഷണിച്ചിട്ടുമുണ്ട്.
മികച്ച സിനിമ, മികച്ച സംവിധായകന്‍, തിരക്കഥാകൃത്ത്, നടന്‍, നടി, ഛായാഗ്രഹണം, പശ്ചാത്തല സംഗീതം എന്നീ വിഭാഗങ്ങളിലാണ് “ആകാശത്തിന്റെ നിറം” മത്സരിക്കുന്നത്. ഈ ചിത്രത്തിലൂടെ മലയാള സിനിമയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നടന്‍ ഇന്ദ്രജിത്ത് പ്രതികരിച്ചു. പൃഥ്വിരാജ്, നെടുമുടി വേണു, അമല പോള്‍ തുടങ്ങിയ മുന്‍നിര താരങ്ങളെല്ലാമുണ്ടെങ്കിലും ഇതൊരു കൊമേഴ്‌സ്യല്‍ ചിത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു ദ്വീപിലുള്ള നാല് ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്. 30 ദിവസത്തെ ഷെഡ്യൂളില്‍ ആന്റമാന്‍ ദ്വീപുകളിലാണ് ആകാശത്തിന്റെ നിറം ചിത്രീകരിച്ചതെന്നും ഇന്ദ്രജിത്ത് പറഞ്ഞു. ചിത്രത്തില്‍ ഒരു കള്ളനായാണ് ഇന്ദ്രജിത്തെത്തുന്നത്. ചിത്രം ജൂലായ് ആറിന് കേരളത്തില്‍ റിലീസ് ചെയ്യും.
സൈറ, രാമന്‍, വീട്ടിലേക്കുള്ള വഴി എന്നീ ഡോ. ബിജു ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതില്‍ വീട്ടിലേക്കുള്ള വഴി മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു.
ജൂണ്‍ 16 മുതല്‍ 24 വരെ ചൈനയിലെ ഷാങ്ഹായിയിലാണ് മേള നടക്കുന്നത്.
