ആ രണ്ട് സിനിമകളും വിജയിപ്പിച്ചത് കുടുംബ പ്രേക്ഷകര്‍ തന്നെ; അവയെല്ലാം എല്ലാക്കാലത്തും സിനിമയുടെ പ്രമേയങ്ങളാണ്: ഷെയ്ന്‍ നിഗം
Malayalam Cinema
ആ രണ്ട് സിനിമകളും വിജയിപ്പിച്ചത് കുടുംബ പ്രേക്ഷകര്‍ തന്നെ; അവയെല്ലാം എല്ലാക്കാലത്തും സിനിമയുടെ പ്രമേയങ്ങളാണ്: ഷെയ്ന്‍ നിഗം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 16th October 2025, 7:11 am

മലയാളിക്ക് സുപരിചിതനായ നടനാണ് ഷെയ്ന്‍ നിഗം. താന്തോന്നി എന്ന ചിത്രത്തിലൂടെ ബാലതാരമായി കരിയര്‍ ആരംഭിച്ച നടന് മികച്ച സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞിരുന്നു. ചെറിയ വേഷങ്ങളിലൂടെ തിളങ്ങിയ ഷെയ്ന്‍ പിന്നീട് നായക വേഷങ്ങളും തന്റെ കയ്യില്‍ ഭദ്രമാണെന്ന് തെളിയിച്ചു.

ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത ബള്‍ട്ടിയാണ് ഷെയ്‌നിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സന്തോഷ് ടി. കുരുവിള നിര്‍മിച്ച ഈ സിനിമക്ക് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു. ഇപ്പോള്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമയില്‍ വയലന്‍സ് കൂടുന്നുവെന്ന അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ എന്ന് പറയുകയാണ് ഷെയ്ന്‍ നിഗം.

പ്രണയവും പ്രതികാരവും സൗഹ്യദവുമെല്ലാം എല്ലാക്കാലത്തും സിനിമയുടെ പ്രമേയങ്ങളാണെന്ന് ഷെയ്ന്‍ പറയുന്നു. താനഭിനയിച്ച ‘ബള്‍ട്ടി’, ആര്‍.ഡി.എക്‌സ് എന്നിവ സംഘട്ടനങ്ങള്‍ക്ക് പ്രാധാന്യമുള്ള സിനിമകളാണെന്നും ഈ രണ്ട് ചിത്രങ്ങളും വിജയിപ്പിച്ചത് കുടുംബ പ്രേക്ഷകര്‍ തന്നെയാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

‘ഒരു അടി തുടങ്ങുമ്പോള്‍ അതിന് വ്യക്തമായ കാരണമില്ലെങ്കില്‍ എന്തിനാണ് ഇതെല്ലാം കാണിക്കുന്നതെന്ന തോന്നല്‍ പ്രേക്ഷകരില്‍ ഉയരും. കഥ ആവശ്യപ്പെടുന്ന, അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ സ്വീകാര്യത ലഭിക്കാറുണ്ട്,’ ഷെയ്ന്‍ പറഞ്ഞു.

വരാന്‍പോകുന്ന സിനിമകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘ദൃഢം’ എന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നുണ്ടെന്നും ജീത്തു ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ പോലീസ് വേഷമാണ് താന്‍ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. റൊമാന്റിക് ചിത്രമായ ഹാലാണ് മറ്റൊരു പുതിയ സിനിമയെന്നും അതിലെ പാട്ടുകളെല്ലാം ഇതിനോടകം ഹിറ്റ്‌ലിസ്റ്റില്‍ ഇടംനേടിയിട്ടുണ്ടെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു ”നിലപാട്’ എന്ന പാട്ടിന് റാപ്പ് ഒരുക്കിയത് താന്‍ തന്നെയാണെന്നും ഷെയ്ന്‍ പറഞ്ഞു.

Content highlight: Shane Nigam talks about the cinematography and his films