അവരുടെ അഭിനയം ഞാന്‍ അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്; ഇതെന്ത് മാജിക്കാണെന്ന് തോന്നും: ഷെയ്ന്‍ നിഗം
Malayalam Cinema
അവരുടെ അഭിനയം ഞാന്‍ അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്; ഇതെന്ത് മാജിക്കാണെന്ന് തോന്നും: ഷെയ്ന്‍ നിഗം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th October 2025, 7:14 am

2022ല്‍ പുറത്തിറങ്ങിയ ഭൂതകാലം എന്ന ചിത്രത്തില്‍ തന്നോടൊപ്പം അഭിനയിച്ച രേവതിയെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ഷെയ്ന്‍ നിഗം. രേവതി ഒരു ജീനിയസ് ആക്ട്രസാണെന്ന് ഷെയ്ന്‍  പറയുന്നു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരോ ഷോട്ട് എടുക്കുമ്പോഴും താന്‍ മോണിറ്ററില്‍ കൂടെ അത്ഭുതത്തോടെ അവരുടെ അഭിനയം നോക്കിനില്‍ക്കുമായിരുന്നുവെന്നും അഭിനയിക്കുകയല്ല, അതില്‍ തന്നെ ലയിച്ച് ചേരുന്ന രേവതിയെയാണ് താന്‍ കണ്ടിട്ടുള്ളതും അദ്ദേഹം പറഞ്ഞു.

‘ഷോട്ട് കഴിഞ്ഞാല്‍ അത് അവിടെ കഴിഞ്ഞു. അതാണ് എനിക്ക് ഒരു അത്ഭുതമായിട്ട് തോന്നിയത്. ആ ഒരു സമയത്ത് എനിക്കത് വളരെ ബുദ്ധിമുട്ടായിരുന്നു. രേവതി ചേച്ചിയുടെ കാര്യത്തില്‍ ഇതെന്ത് മാജിക്ക് എന്ന് തോന്നിപോകും. കാരണം കട്ട് വിളിച്ച് കഴിഞ്ഞാല്‍ പിന്നെ നമ്മളോട് തമാശയൊക്കെ പറഞ്ഞിരിക്കും.

ഡിറ്റാച്ച് ചെയ്ത് അറ്റാച്ച് ചെയ്യാന്‍ കഴിയുന്നത് ഒരു അഭിനേതാവിന്റെ ഏറ്റവും വലിയ അച്ചീവ്‌മെന്റാണ്. അത് ബാലന്‍സ് ചെയ്യുകയാണ് ഒരു ആര്‍ട്ടിസ്റ്റിന് ഏറ്റവും കൂടുതല്‍ വേണ്ടത്. ലാലേട്ടന്റെ കാര്യത്തിലൊക്കെ എല്ലാവരും സ്ഥിരം ഇത് പറയാറുണ്ട്.

ചെയ്ത് കൈവഴക്കം വരുന്ന ഒരു ആര്‍ട്ടായിട്ടാണ് എനിക്ക് തോന്നുന്നത്,’ ഷെയ്ന്‍ നിഗം പറഞ്ഞു. സിനിമയോടോ കഥാപാത്രത്തിനോടോ ഒരുപാട് അറ്റാച്ച്ഡാകുന്നതും വലിയ  പ്രശ്‌നമാണെന്ന് ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭൂതകാലം വലിയ വിജയമായിരുന്നു. സിനിമയിലെ പ്രകടനത്തിന് രേവതി  മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരം സ്വന്തമാക്കിയിരുന്നു.

Content highlight: Shane Nigam talks about Revathi’s acting