ഞാന്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്നത് അദ്ദേഹത്തിന്റെ സിനിമയ്ക്കാണ്; ഉടനെ അത് സംഭവിക്കും: ഷെയ്ന്‍ നിഗം
Malayalam Cinema
ഞാന്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്നത് അദ്ദേഹത്തിന്റെ സിനിമയ്ക്കാണ്; ഉടനെ അത് സംഭവിക്കും: ഷെയ്ന്‍ നിഗം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 29th September 2025, 1:07 pm

പ്രേക്ഷകന്‍ എന്ന നിലയില്‍ താന്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്നത് മധു സി. നാരായണന്റെ സിനിമയ്ക്ക് വേണ്ടിയാണെന്ന് ഷെയ്ന്‍ നിഗം. 2019ല്‍ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം മധു സി. നാരായണന്‍ മറ്റ് സിനിമകളൊന്നും ചെയ്തിരുന്നില്ല. ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ മധു സി. നാരായണന്‍ ഒരുക്കിയ കുമ്പളങ്ങി നൈറ്റ്‌സിന് അന്യ ഭാഷകളിലും വലിയൊരു ഫാന്‍ ഫോളോയിങ്ങ് ഉണ്ട്.

പേര്‍ളി മാണി ഷോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷെയ്ന്‍ മധു സി. നാരായണനെ കുറിച്ചും കുമ്പളങ്ങി നൈറ്റ്‌സിനെ കുറിച്ചും സംസാരിച്ചത്.

‘പ്രേക്ഷകന്‍ എന്ന നിലയില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്നത് മധു ചേട്ടന്റെ സിനിമയ്ക്ക് വേണ്ടിയാണ്. അദ്ദേഹം അങ്ങനെ ആരോടും സംസാരിക്കാറില്ല. അധികം ഒച്ചയും ബഹളവുമില്ലാതെ ഭംഗിയായി സിനിമ ഷൂട്ട് ചെയ്യാമെന്ന് കണ്ട സെറ്റാണ് കുമ്പളങ്ങി നൈറ്റ്‌സിന്റെ സെറ്റ്. മധു ചേട്ടന്റെ ഒരു സിനിമ വരുന്നുണ്ട്.

ഒരു അഭിനേതാവ് എന്ന നിലയില്‍ എന്നെ ഗൈഡ് ചെയ്ത് കൊണ്ടുപോയിട്ടുള്ളത് കുമ്പളങ്ങി നൈറ്റ്‌സാണ്. ഒരുപാട് കാര്യങ്ങള്‍ പറയുന്നു എന്നതിലല്ല. പറയുന്ന കാര്യങ്ങളില്‍ വ്യക്തതയാണ്, ആ സ്പാര്‍ക്ക് നമുക്ക് ഇട്ട് തരും. അത് മധു ചേട്ടന്റെ ഭാഗത്ത് നിന്നും ശ്യാമേട്ടന്റെ ഭാഗത്ത് നിന്നും ഉണ്ടാകും,’ ഷെയ്ന്‍ പറഞ്ഞു.

ഷെയ്ന്‍ നിഗം, ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിങ്ങനെ വന്‍താരനിര അണിനിരന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ഭാവന സ്റ്റുഡിയോസാണ് സിനിമ നിര്‍മിച്ചിരുന്നത്.

Content highlight: Shane Nigam talks about Kumbalangi Knights and Madhu C. Narayanan