യുവാക്കള്‍ക്കുമാത്രം ആസ്വദിക്കാന്‍ പറ്റുന്ന ഒരടിപ്പടം മാത്രമല്ല ബള്‍ട്ടി; കഥയിലെ എല്ലാ അടികള്‍ക്കും കൃത്യമായൊരു കാരണമുണ്ട്: ഷെയ്ന്‍ നിഗം
Malayalam Cinema
യുവാക്കള്‍ക്കുമാത്രം ആസ്വദിക്കാന്‍ പറ്റുന്ന ഒരടിപ്പടം മാത്രമല്ല ബള്‍ട്ടി; കഥയിലെ എല്ലാ അടികള്‍ക്കും കൃത്യമായൊരു കാരണമുണ്ട്: ഷെയ്ന്‍ നിഗം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 5th October 2025, 7:32 am

യുവാക്കള്‍ക്കുമാത്രം ആഘോഷമായി ആസ്വദിക്കാന്‍ പറ്റുന്ന ഒരടിപ്പടം മാത്രമല്ല ബള്‍ട്ടിയെന്ന് നടന്‍ ഷെയ്ന്‍ നിഗം. തിയേറ്ററില്‍ കൈയടിച്ചും വിസിലടിച്ചും കാണാവുന്ന രംഗങ്ങളേറെയുണ്ടെങ്കിലും കഥയും കഥാപാത്രങ്ങളും കുടുംബപ്രേക്ഷകരുമായി ചേര്‍ന്നുനില്‍ക്കുന്നതാണെന്നും വൈകാരികമായ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ സിനിമയിലുണ്ടെന്നും ഷെയ്ന്‍ പറയുന്നു.

അടിപ്പടം എന്നരീതിയില്‍ ബള്‍ട്ടി ചര്‍ച്ചയാകുമ്പോഴും കഥയിലെ എല്ലാ അടികള്‍ക്കും കൃത്യമായൊരു കാരണമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാതൃഭൂമി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു അടി തുടങ്ങുമ്പോള്‍ അതിന് വ്യക്തമായ കാരണമില്ലെങ്കില്‍ എന്തിനാണ് ഇതെല്ലാം കാണിക്കുന്നതെന്ന തോന്നല്‍ പ്രേക്ഷകരിലുയരും. പക്ഷേ, ബള്‍ട്ടിയിലെ ഓരോ സംഘട്ടനവും കഥയുമായി കണ്ണിചേര്‍ത്താണ് അവതരിപ്പിക്കുന്നത്, അതിന് കൃത്യമായ കാര്യവും കാരണവും ഉണ്ട്. സിനിമയെക്കുറിച്ച് നല്ല അഭിപ്രായങ്ങളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ചിത്രം പ്രേക്ഷകര്‍ ഏറ്റെടുക്കുന്നു എന്നറിയുന്നതില്‍ വലിയ സന്തോഷം,’ ഷെയ്ന്‍ നിഗം കൂട്ടിച്ചേര്‍ത്തു.

നവാഗതനായ ഉണ്ണിശിവലിംഗം സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളോടെയാണ് തിയേറ്ററില്‍ മുന്നേറുന്നത്. ഷെയ്‌നിന്റെ ഇരുപത്തിയഞ്ചാം സിനിമകൂടിയാണ് ബള്‍ട്ടി. ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയിലാണ് താരം എത്തിയത്. വിക്കി, ആക്ഷന്‍ സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയിലെ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയത്.

തമിഴിലെ ശ്രദ്ധേയസംവിധായകനും തിരക്കഥാകൃത്തും നടനുമായ സെല്‍വരാഘവനാണ് ബള്‍ട്ടിയില്‍ പ്രതിനായകനായെത്തിയത്. സോഡ ബാബുവെന്ന കഥാപാത്രമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സന്തോഷ് ടി. കുരുവിളയാണ് സിനിമ നിര്‍മിച്ചത്.

Content highlight:  Shane Nigam says ‘Balti’ is not a film that only the youth can enjoy