കുട്ടിയെ തിരിച്ചറിഞ്ഞതിൽ മാധ്യമ പ്രവർത്തകരുടെ പങ്ക് പ്രധാനം; പ്രതികള്‍ക്ക് ജില്ല വിട്ട് പോകാന്‍ കഴിയാതിരുന്നത് പൊലീസ് നടപടി കാരണമെന്ന് ഷെയിന്‍ നിഗം
Kerala News
കുട്ടിയെ തിരിച്ചറിഞ്ഞതിൽ മാധ്യമ പ്രവർത്തകരുടെ പങ്ക് പ്രധാനം; പ്രതികള്‍ക്ക് ജില്ല വിട്ട് പോകാന്‍ കഴിയാതിരുന്നത് പൊലീസ് നടപടി കാരണമെന്ന് ഷെയിന്‍ നിഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th November 2023, 7:03 pm

കൊച്ചി: കൊല്ലം ഓയൂരില്‍ നാലാംഗ സംഘം തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിയെ കണ്ടെത്തിയത് ഒരു സന്തോഷ വാര്‍ത്തയാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ പൊലീസിന് സാധിക്കട്ടെയെന്നും നടന്‍ ഷെയിന്‍ നിഗം. കേരളം ഉറ്റുനോക്കിയിരുന്ന വിഷയത്തില്‍ സന്തോഷത്തോടൊപ്പം ചില ആശങ്കകളും താരം ഫേസ്ബുക്കില്‍ കുറിച്ചു.

സംസ്ഥാന പൊലീസ് എടുത്ത നടപടികളുടെയും സന്നാഹങ്ങളുടെയും ഫലമായിട്ടാണ് പ്രതികള്‍ക്ക് ജില്ല വിട്ട് പോകാന്‍ കഴിയാതിരുന്നതെന്ന് ഷെയിന്‍ നിഗം പറഞ്ഞു. എന്നാല്‍ കൊല്ലം ആശ്രാമം പോലെയുള്ള ഒരു പ്രധാന സ്ഥലത്ത് ഇത്രയും പൊലീസ് പരിശോധനകള്‍ ഭേദിച്ച് കുട്ടിയുമായി പ്രതികള്‍ പട്ടാപകല്‍ വാഹനത്തില്‍ എത്തിയത് ആശങ്ക ഉയര്‍ത്തുന്നുവെന്നും ഷെയിന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം കുട്ടിയെ തിരിച്ചറിയാന്‍ മാധ്യമ പ്രവര്‍ത്തകര്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും ഷെയിന്‍ പറഞ്ഞു. ഇന്നലെ മുതല്‍ മാധ്യമങ്ങള്‍ കേട്ടു വന്ന സകല കുത്തുവാക്കുകളും ഭേദിച്ച് അവര്‍ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചുവെന്നതില്‍ തര്‍ക്കമില്ലെന്നും ഷെയിന്‍ ചൂണ്ടിക്കാട്ടി.

നവംബര്‍ 27ന് വൈകീട്ട് 4.30ന് സഹോദരനോടൊപ്പം ട്യൂഷന്‍ ക്ലാസിലേക്ക് പോകുന്ന വഴിക്കായിരുന്നു മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമടങ്ങുന്ന സംഘം കാറില്‍ എത്തി കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

കൊല്ലം ഈസ്റ്റ് പൊലീസാണ് ഉച്ചക്ക് ഒന്നരയോടെ കുട്ടിയെ ഏറ്റെടുത്തത്. കുട്ടിയെ കാണാതായി 21 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തുന്നത്. ആശ്രാമം മൈതാനത്ത് വെച്ച് കുട്ടിയെ കണ്ടവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Content Highlight: Shane Nigam said that the accused who kidnapped the child could not leave the district because of the police action