അവിചാരിതമായി സിനിമയില്‍ എത്തി; ആ സ്റ്റേജില്‍ നിന്ന് മിനിസ്‌ക്രീനിലേക്കും അവിടെ നിന്ന് സിനിമയിലേക്കും പറിച്ചുനടപ്പെട്ടു: ഷെയ്ന്‍ നിഗം
Malayalam Cinema
അവിചാരിതമായി സിനിമയില്‍ എത്തി; ആ സ്റ്റേജില്‍ നിന്ന് മിനിസ്‌ക്രീനിലേക്കും അവിടെ നിന്ന് സിനിമയിലേക്കും പറിച്ചുനടപ്പെട്ടു: ഷെയ്ന്‍ നിഗം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 25th October 2025, 9:14 pm

 

മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനാണ് ഷെയ്ന്‍ നിഗം. താന്തോന്നി എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ നടന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമയില്‍ തന്റെതായ ഇടം സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ബള്‍ട്ടിയാണ് ഷെയ്‌നിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

സന്തോഷ് ടി. കരുവിള നിര്‍മിച്ച ഈ ചിത്രം ഷെയ്‌നിന്റെ ഇരുപത്തിയഞ്ചാമത്തെ സിനിമയായാണ് എത്തിയത്. ഇപ്പോള്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാ യാത്രയെ കുറിച്ച് സംസാരിക്കുകയാണ് നടന്‍. അവിചാരിതമായി സിനിമയില്‍ എത്തിയ ഒരാളാണ് താനെന്ന് അദ്ദേഹം പറയുന്നു.

‘സൂപ്പര്‍ ഡാന്‍സര്‍ സ്റ്റേജില്‍ നിന്ന് മിനിസ്‌ക്രീനിലേക്കും അവിടെനിന്ന് സിനിമയിലേക്കും പറിച്ചുനടപ്പെട്ടു. ഒരൊഴുക്കിലങ്ങനെ നീങ്ങുകയായിരുന്നു, സിനിമാക്കഥ പോലെ സംഭവ ബഹുലമാണ് ജീവിതമെന്ന് ചിലപ്പോഴൊക്കെ തോന്നാറുണ്ട്. ഓര്‍മയില്‍ നല്ലതും മോശവുമായി ഒരുപാട് അനുഭവങ്ങള്‍ വന്നുപോയി.

മുപ്പത് വയസിലേക്കെത്തുമ്പോള്‍ ഈ പ്രായത്തില്‍ ഒരാള്‍ക്ക് ഉണ്ടാവാന്‍ സാധ്യതയുള്ള സാധാരണവും അസാധാരണവുമായ നിരവധി കാര്യങ്ങള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായി, അതിന്റെയെല്ലാം ആകെ തുകയാണ് ഞാന്‍. ഈ യാത്രയില്‍ തുണയായി ഒപ്പം നിന്ന ഒരുപാട് മുഖങ്ങളെ ഈ സമയം ഓര്‍ക്കുന്നു,’ഷെയ്ന്‍ നിഗം പറഞ്ഞു.

ബള്‍ട്ടിക്ക് വേണ്ടി മനനും ശരീരവും ഒരു കബഡിക്കാരന്റേത് പോലെ പാകപ്പെടുത്തേണ്ടിയിരുന്നുവെന്നും മുന്നൊരുക്കത്തിന്റെ ഭാഗമായി നടത്തിയ പരിശീലനങ്ങള്‍ കഠിനമായിരുന്നുവെന്നും നടന്‍ പറഞ്ഞു. ക്യാമറയ്ക്ക് മുന്നില്‍ എത്തുമ്പോഴേക്കും അണിയറയിലെ തങ്ങളെല്ലാം ഒരു ടീമായി മാറിക്കഴിഞ്ഞിരുന്നുവെന്നും കൂട്ടായ്മയുടെ വിജയമാണ് ബള്‍ട്ടിയുടേതെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

Content highlight: shane nigam  is talking about his film journey and balti movie