എവിടെ പോയാലും നീലനിലവേ കളിക്കുമോ എന്ന ചോദ്യം കേട്ട് മടുത്തു; ഇപ്പോള്‍ എനിക്കൊരു രക്ഷകനെ കിട്ടി: ഷെയ്ന്‍ നിഗം
Malayalam Cinema
എവിടെ പോയാലും നീലനിലവേ കളിക്കുമോ എന്ന ചോദ്യം കേട്ട് മടുത്തു; ഇപ്പോള്‍ എനിക്കൊരു രക്ഷകനെ കിട്ടി: ഷെയ്ന്‍ നിഗം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th October 2025, 3:31 pm

‘നീലനിലവേ’ എന്ന പാട്ടില്‍ നിന്ന് തനിക്ക് കിട്ടിയ രക്ഷകനാണ് ജാലക്കാരിയെന്ന് നടന്‍ ഷെയ്ന്‍ നിഗം. ഷെയ്ന്‍ നിഗം പ്രധാനവേഷത്തിലെത്തിയ ഏറ്റവും പുതിയ സിനിമയായ ബള്‍ട്ടിയിലെ ഗാനമാണ് ജാലക്കാരി. സായ് അഭ്യങ്കര്‍ സംഗീത സംവിധാനം നിര്‍വഹിച്ച പാട്ട് സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങായിരുന്നു.

ആര്‍.ഡി എക്‌സ് റിലീസായ സമയത്ത് ‘നീലനിലവേ’ എന്ന ഗാനവും അതിലെ സ്റ്റെപ്പും ട്രെന്‍ഡിങ്ങായിരുന്നു. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ഷെയ്ന്‍.

‘എവിടെപ്പോയാലും ‘നീലനിലവെ’ കളിക്കുമോ എന്ന് എല്ലാവരും ചോദിക്കും. എനിക്ക് ആദ്യമൊക്കെ വലിയ എക്‌സൈറ്റ്‌മെന്റായിരുന്നു. പിന്നെ ഈ ഡാന്‍ഡ് തന്നെ കളിച്ച്, കളിച്ച് ആളുകള്‍ ഇതുമാത്രമേ ഉള്ളുവോ എന്ന് പറയുന്ന അവസ്ഥയായി. അവിടുന്ന് എനിക്ക് രക്ഷകനെ പോലെ ‘ജാലക്കാരി’ വന്നു. ഇനി കുഴപ്പമില്ല. കുറച്ച് കാലം ഇതില്‍ ഓടിക്കോളും,’ ഷെയ്ന്‍ നിഗം പറഞ്ഞു.

തനിക്ക് ഡാന്‍സ് കളിക്കാന്‍ വാസ്തവത്തില്‍ മടിയാണെന്നും ആവശ്യം വന്നാല്‍ ചെയ്യുമെന്നും നടന്‍ പറഞ്ഞു. മഴവില്‍ അവാര്‍ഡിനൊക്കെ താന്‍ ഡാന്‍സ് ചെയ്തിട്ടുണ്ടെന്നും ഇങ്ങനെ ഡാന്‍സ് കളിക്കുന്നത് തന്റെ സിനിമയ്ക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

‘കുറച്ച് നാളായി ഡാന്‍സിലെ എന്റെ ഗുരു സതീഷ് മാസ്റ്ററാണ്. നീലനിലവേ കൊറിയോഗ്രാഫ് ചെയ്തത് സാന്‍ഡി മാസ്റ്ററായിരുന്നു. ജാലക്കാരിയുടെ മാസ്റ്റര്‍ അനു വിശ്വ ആണ്. ആസ കൂടൈയൊക്ക ചെയ്തിട്ടുള്ള ആളാണ്,’ ഷെയ്ന്‍ നിഗം പറയുന്നു.

അതേസമയം ഉണ്ണിശിവലിംഗം സംവിധാനം ചെയ്ത ബള്‍ട്ടിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സന്തോഷ് ടി. കുരുവിള നിര്‍മിച്ച ഈ സിനിമയില്‍ ശാന്തനു ഭാഗ്യരാജ്, സെല്‍വരാഘവന്‍, അല്‍ഫോണ്‍സ് പുത്രന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

Content highlight: Shane Nigam about  from the song Neela Nilavee  to Jalakari