മലയാള സിനിമ ലോകത്ത് പതിറ്റാണ്ടുകളായി തൻ്റെ സാന്നിധ്യം കൊണ്ട് പ്രേക്ഷക മനസുകളിൽ ഇടം നേടിയ നടിയാണ് ശാന്തി കൃഷ്ണ. എൺപതുകളിൽ സിനിമ രംഗത്തെത്തിയ താരം, വിവിധ കഥാപാത്രങ്ങളിലൂടെ തൻ്റെ അഭിനയ മികവ് തെളിയിച്ച് ഇന്നും സജീവമാണ്.
മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ സൂപ്പർ താരങ്ങളോടൊപ്പം നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ അഭിനയിച്ച ശാന്തി, തന്റെ കരിയറിൽ ഏറെ വൈവിധ്യമാർന്ന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ, മോഹൻലാലിനൊപ്പം അഭിനയിച്ച അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ശാന്തി കൃഷ്ണ. അദ്ദേഹത്തിന്റെ അമ്മയായും കാമുകിയായും അഭിനയിക്കാൻ തനിക്ക് അവസരം ലഭിച്ചതായി താരം പറയുന്നു.
‘ലാലേട്ടന്റെ അമ്മയായും കാമുകിയായും അഭിനയിക്കാനുള്ള ഭാഗ്യം അങ്ങനെ ആർക്കും ലഭിക്കില്ല. പിൻഗാമി സിനിമയിലാണ് അമ്മയായിട്ട് വേഷമിട്ടത്. ഒരു സീനിൽ ലാലേട്ടനുമായി ഫേസ് ടു ഫേസ് വരുന്ന ഒരു സീനുണ്ട്. പക്ഷേ എനിക്ക് പണ്ടും ആ ഒരു പേടി ഇല്ലായിരുന്നു.
അതായത് ഈ പടത്തിൽ അമ്മയായി അഭിനയിച്ചാൽ അടുത്ത സിനിമയിലും അമ്മയായിട്ടായിരിക്കുമോ എന്നൊക്കെ, പൊന്നമ്മ ചേച്ചിയുടെയൊക്കെ പ്രശ്നം വന്ന പോലെ ഞാനും ഇനി അമ്മയായി പോകുമോ എന്നുള്ള പേടിയൊന്നും എനിക്കില്ലായിരുന്നു.
ഒരു സിനിമ വരുന്നു, ആ ക്യാരക്ടർ ചെയ്യുന്നു അടുത്ത സിനിമ വരുന്നു, അത് ചെയ്യുന്നു അങ്ങനെയായിരുന്നു. മോഹൻലാലിന്റെ കുട്ടിക്കാലത്തെ ഒരു ഫ്ലാഷ്ബാക്കിൽ കാണിക്കുന്നതുകൊണ്ട് വലിയ പ്രശ്നമില്ലായിരുന്നു. പിന്നെ അതുമല്ല, സത്യൻ സാറിന്റെ സിനിമ ആരാണ് ഒഴിവാക്കുക.
അത് കഴിഞ്ഞിട്ടാണ് ചെങ്കോൽ സിനിമ. അതിൽ സിബിയും ലോഹിത്തേട്ടനും വിളിക്കുന്നു ഞാൻ ഒന്നും നോക്കിയില്ല, ഓക്കേ പറഞ്ഞു. ഞാൻ വേറെ ഒന്നും ചിന്തിച്ചില്ല അതിൽ ഞാൻ മോഹൻലാലിന്റെ അമ്മയായിട്ടാണ്. അതിന് ശേഷമാണ് ‘പക്ഷെ’ സിനിമ ചെയ്യുന്നത്.
‘പക്ഷെ’ ചെയ്യുമ്പോൾ പിന്നെ ഞാൻ ഭാര്യയായി അതും ഒരു നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായിരുന്നു, എന്നാലും അത് ചെയ്തു. പിന്നെ വിഷ്ണുലോകത്തിലെ കാമുകിയാണ് അത് ചെയ്തു. ഒരു വിധം എല്ലാ കഥാപാത്രങ്ങളും ഞാൻ മോഹൻലാലിന്റെ കൂടെ ചെയ്തിട്ടുണ്ട്,’ ശാന്തി കൃഷ്ണൻ പറഞ്ഞു.
ചകോരം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ശാന്തി കൃഷ്ണ സ്വന്തമാക്കിയിട്ടുണ്ട്. തൻ്റെ ആദ്യ വിവാഹത്തിന് ശേഷം ശാന്തി കൃഷ്‌ണ സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്തിരുന്നു. പിന്നീട് തിരിച്ചുവന്നെങ്കിലും വീണ്ടും ഒരു വലിയ ഇടവേള എടുത്തു. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെ വീണ്ടും തിരിച്ചുവന്നു. സിനിമക്ക് പുറമെ ടെലിവിഷൻ സീരിയലുകളിലും ശാന്തി ഭാഗമായിരുന്നു.
Content Highlight: Shandhi Krishana talk about Mohanlal
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.