ആഹാ.... ഫൈറ്റ് സീനാണോ ഇലഞ്ഞിത്തറ മേളമാണോ, കരം സിനിമയിലെ ഫൈറ്റിന് ട്രോളോട് ട്രോള്‍
Malayalam Cinema
ആഹാ.... ഫൈറ്റ് സീനാണോ ഇലഞ്ഞിത്തറ മേളമാണോ, കരം സിനിമയിലെ ഫൈറ്റിന് ട്രോളോട് ട്രോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 10th November 2025, 8:25 pm

ഈ വര്‍ഷം ബോക്‌സ് ഓഫീസിലെ ഏറ്റവും വലിയ പരാജയമായി മാറിയ ചിത്രമാണ് കരം. 30 കോടി ബജറ്റിലെത്തിയ ചിത്രം മൂന്ന് കോടി പോലും നേടാനാകാതെയാണ് തിയേറ്റര്‍ വിട്ടത്. ആവറേജ് കഥയെപ്പോലും മേക്കിങ് കൊണ്ട് മികച്ചതാക്കുന്ന വിനീത് ശ്രീനിവാസന് കരത്തില്‍ കൈ പൊള്ളി. ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാള്‍ വിനീത് ശ്രീനിവാസനായിരുന്നു.

കഴിഞ്ഞദിവസം ഒ.ടി.ടിയിലെത്തിയ ചിത്രം ട്രോളന്മാര്‍ ഏറ്റെടുത്തു. കണ്ടുമടുത്ത കഥയുടെ പഴകിത്തേഞ്ഞ അവതരണമാണ് ചിത്രത്തിന്റേതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ചിത്രത്തിന്റെ ആക്ഷന്‍ സീനുകളും ഛായാഗ്രഹണവും മികച്ചതാണെന്ന് പറയുമ്പോഴും ഏറ്റവുമധികം പഴി കേള്‍ക്കുന്നത് സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാനാണ്.

വിനീത് സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഷാന്‍. ഒരിടവേളക്ക് ശേഷമാണ് ഇരുവരും ഒന്നിച്ചത്. എന്നാല്‍ പഴയ കോമ്പോയുടെ റീയൂണിയന്‍ പ്രതീക്ഷിച്ച ഇംപാക്ടല്ല ഉണ്ടാക്കിയത്. ഈയടുത്ത് വന്നതില്‍ ഏറ്റവും മോശം ബി.ജി.എം കരത്തിലെയാണെന്ന് പലരും അഭിപ്രായപ്പെടുന്നു. പഴയ ഷാന്‍ റഹ്‌മാന്റെ നിഴല്‍ പോലും ഈ ചിത്രത്തിലില്ലെന്നാണ് പല പോസ്റ്റുകളും.

ചിത്രത്തിലെ അതിപ്രധാനമായ ഒരു ഫൈറ്റ് സീനിന് ഷാന്‍ നല്കിയ ബി.ജി.എം ട്രോള്‍ മെറ്റീരിയലായി മാറി. വിദേശത്ത് പോയി അവിടത്തെ ഗുണ്ടകളെ നായകന്‍ അടിച്ചിടുമ്പോള്‍ രോമാഞ്ചം ലഭിക്കാന്‍ ചെണ്ടയുടെ ശബ്ദമാണ് ഷാന്‍ നല്കിയത്. ഈ സീനിനെയാണ് പലരും കീറിമുറിക്കുന്നത്. ഫൈറ്റ് സീനാണോ ഇലഞ്ഞിത്തറ മേളമാണോ എന്നാണ് പലരും ചോദിക്കുന്നത്.

നോബിളിന്റൈ ഫൈറ്റും ജയറാമിന്റെ ചെണ്ട കൊട്ടും മിക്‌സ് ചെയ്തുള്ള വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. ഇതേ ബി.ജി.എം മറ്റ് സീനിലും ഷാന്‍ ഉപയോഗിച്ചതും ആളുകള്‍ കീറിമുറിക്കുന്നുണ്ട്. നോബിള്‍ ബാബുവും മനോജ് കെ. ജയനും തമ്മിലുള്ള സംഭാഷണരംഗത്തില്‍ മാസ് കാണിക്കാനായി ഇലക്ട്രിക് ഗിറ്റാര്‍ കൊണ്ടുള്ള ബി.ജി.എം ഉപയോഗിച്ചതും ട്രോളിന് വിധേയമായി.

തിര എന്ന ചിത്രത്തിന്റെ അതേ ടെംപ്ലേറ്റിലൊരുക്കിയ സിനിമയാണ് കരം എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സീരിയസ് രംഗങ്ങളില്‍ ആശ്വാസം പകരാന്‍ വിനീത് ഉപയോഗിച്ച ഡോളോ റഫറന്‍സ്, പഞ്ചാബി ഹൗസിലെ ഡയലോഗ് എന്നിവയെല്ലാം ട്രോള്‍ മെറ്റീരിയലായി മാറി. മോളിവുഡിലെ ബ്രാന്‍ഡ് ഡയറക്ടര്‍മാരില്‍ ഒരാളായ വിനീതില്‍ നിന്ന് ഇത്തരമൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്.

Content Highlight: Shan Rahman’s chenda BGM in Karam movie became Troll material