ദേവാസുരത്തില്‍ നെപ്പോളിയന്‍ പറഞ്ഞത് മുഴുവന്‍ തെറ്റ്, ഡബ് ചെയ്യാന്‍ വന്ന ഞാന്‍ പെട്ടു, അവസാനം അസോസിയേറ്റുമായി വഴക്കായി: ഷമ്മി തിലകന്‍
Film News
ദേവാസുരത്തില്‍ നെപ്പോളിയന്‍ പറഞ്ഞത് മുഴുവന്‍ തെറ്റ്, ഡബ് ചെയ്യാന്‍ വന്ന ഞാന്‍ പെട്ടു, അവസാനം അസോസിയേറ്റുമായി വഴക്കായി: ഷമ്മി തിലകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 1st December 2022, 10:21 pm

അഭിനയത്തിന് പുറമേ ഡബിങ്ങിലും അത്ഭുതങ്ങള്‍ സൃഷ്ടിച്ച നടനാണ് ഷമ്മി തിലകന്‍. മലയാളത്തിലെ പല ഐക്കോണിക്കായ വില്ലന്മാര്‍ക്കും ശബ്ദമായിത് ഷമ്മി തിലകനായിരുന്നു. സ്വന്തം കഥാപാത്രങ്ങള്‍ക്ക് ഡബ് ഡബ് ചെയ്യുന്നതിനെക്കാള്‍ പാടാണ് മറ്റുള്ളവര്‍ക്ക് വേണ്ടി ഡബ് ചെയ്യുന്നത് എന്ന് പറയുകയാണ് ഷമ്മി തിലകന്‍. ദേവാസുരത്തില്‍ നെപ്പോളിയന് വേണ്ടി ഡബ് ചെയ്തപ്പോഴാണ് ഏറ്റവുമധികം കഷ്ടപ്പെട്ടതെന്നും സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷമ്മി പറഞ്ഞു.

‘ചുമ്മാ വന്ന് എബിസിഡി എന്ന് ഡയലോഗ് പറഞ്ഞിട്ട് പോകും. മലയാളം ഇവന്റെ ഒന്നും വായില്‍ വരില്ല. അതിനെ പിന്നെ ഡയലോഗാക്കി എടുത്ത് ഭാവത്തില്‍ പറയുക എന്നുള്ളതാണ് എന്റെ ജോലി. എനിക്ക് ഡബ് ചെയ്യുന്നതിനെക്കാള്‍ പാടാണ് മറ്റൊരാള്‍ക്ക് വേണ്ടി ഡബ് ചെയ്യുന്നത്.

ഡബ് ചെയ്തപ്പോള്‍ ഏറ്റവും കൂടുതല്‍ പാടുപെട്ടത് ദേവാസുരത്തിലെ നെപ്പോളിയന് വേണ്ടിയാണ്. എന്തൊരു തെറ്റായിട്ടുള്ള ഡയലോഗുകളാണ് പറഞ്ഞുവെച്ചിരിക്കുന്നതെന്ന് അറിയാമോ? ഞാന്‍ അതിന്റെ അസോസിയേറ്റ് ഡയറക്ടറുമായി വഴക്കായി.

ലിപ് സിങ്ക് ആയി പോവുക എന്നതാണ് അവര്‍ക്ക് വേണ്ടത്. ലിപ് സിങ്കായി പോയി കഴിഞ്ഞാല്‍ ഒരിക്കലും സിനിമയുമായി മാച്ചാവില്ല. സൗണ്ട് മോഡുലേഷന്‍ കറക്ടായി കൊണ്ടുവരാന്‍ പറ്റില്ല. ആ ഭാവം വരുത്താന്‍ പറ്റില്ല. അപ്പോള്‍ പിന്നെ കുറച്ച് കോപ്രമൈസ് ചെയ്യുക. സിനിമ കാണുന്ന രസത്തില്‍ ലിപ് സിങ്കൊന്നും ആളുകള്‍ ശ്രദ്ധിക്കില്ല. ഒരു സെക്കന്റല്ലേ ഫ്രെയിം പോവുകയുള്ളൂ. സീനൊന്നും റിവൈന്‍ഡ് അടിച്ച് ആരും കാണാന്‍ പോവുന്നില്ലല്ലോ.

ആ ഒരു ഫ്‌ളോയില്‍ പോയി കഴിഞ്ഞാല്‍ ആളുകള്‍ കേട്ടോണ്ടിരുന്നോളും. അതൊരു മാജിക്ക് തന്നെയാണ്. സ്ഥലജല വിഭ്രാന്തി സൃഷ്ടിക്കുക എന്ന് പറയില്ലേ, അതുതന്നെയാണ്. ആ ഒരു മാജിക്ക് കിട്ടിക്കഴിഞ്ഞാല്‍ അതില്‍ ആളുകള്‍ ഇരുന്നോളും. ആ ഒരു താളത്തിന് അനുസരിച്ച് അങ്ങ് പൊക്കോളും.

സിനിമ എന്ന് പറയുന്നത് ചീറ്റിങ്ങാണ്. അങ്ങനെ ഒരു സംഭവം ഇല്ലല്ലോ. ആളുകളിലേക്ക് സിനിമ തോന്നിക്കുകയാണ് ചെയ്യുന്നത്. അത് ചീറ്റിങ് തന്നെയാണ്, വഞ്ചന ആണ്. ആ വഞ്ചന എത്രത്തോളം തന്മയത്വത്തോടെ ചെയ്യുന്നു എന്നതിലാണ് ഒരു സിനിമയുടെ വിജയമിരിക്കുന്നത്,’ ഷമ്മി തിലകന്‍ പറഞ്ഞു.

അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഗോള്‍ഡാണ് ഷമ്മി തിലകന്‍ അഭിനയിച്ച പുതിയ ചിത്രം. പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രത്തില്‍ നയന്‍താര ആയിരുന്നു നായിക. ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്തിരിക്കുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ്  ലഭിച്ചുകൊണ്ടിരിക്കുന്നത്. സമീപ കാലത്ത് പുറത്തിറങ്ങിയ പാപ്പന്‍, പാല്‍തു ജാന്‍വര്‍, പടവെട്ട് എന്നീ ചിത്രങ്ങളിലെ ഷമ്മി തിലകന്റെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Content Highlight: shammy thilakan talks about the experience dubbing for napoleon in devasuram