വില്ലന്‍ വേഷങ്ങള്‍ ചെയ്യാനാണ് എനിക്കിഷ്ടം, പക്ഷേ ആ നടന്റെ വില്ലനാകാന്‍ എന്നെ കിട്ടില്ല: ഷമ്മി തിലകന്‍
Malayalam Cinema
വില്ലന്‍ വേഷങ്ങള്‍ ചെയ്യാനാണ് എനിക്കിഷ്ടം, പക്ഷേ ആ നടന്റെ വില്ലനാകാന്‍ എന്നെ കിട്ടില്ല: ഷമ്മി തിലകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 26th November 2025, 5:56 pm

തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ് പൃഥ്വിരാജ് നായകനായ വിലായത്ത് ബുദ്ധ. പൃഥ്വിക്കൊപ്പം ശക്തമായ വേഷം അവതരിപ്പിച്ചത് ഷമ്മി തിലകനാണ്. ഭാസ്‌കരന്‍ മാസ്റ്റര്‍ എന്ന രാഷ്ട്രീയക്കാരനായി വേഷമിട്ട ഷമ്മി തിലകന്‍ പൃഥ്വിരാജിനെക്കാള്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം മാധ്യമങ്ങളോട് ഷമ്മി തിലകന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

തിയേറ്ററില്‍ നിന്ന് സിനിമ കണ്ടിറങ്ങിയ ഷമ്മി തിലകനോട് ചോദ്യങ്ങളുമായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എത്തുകയായിരുന്നു. ചിത്രത്തെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഏറ്റവുമൊടുവില്‍ മകന്റെ സിനിമയില്‍ വില്ലനായി വേഷമിടുമോ എന്ന ചോദ്യത്തിന് ഷമ്മി തിലകന്‍ നല്കിയ മറുപടി സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

‘അവന്റെ വില്ലനാകാന്‍ എന്നെ കിട്ടില്ല. ഒരിക്കലും അങ്ങനെ ചെയ്യില്ല. അവന്റെ വില്ലനായി ഞാന്‍ അഭിനയിക്കണമെന്ന് അങ്ങ് പരുമല പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി. ഈ പടത്തിലുള്ള അനു മോഹന്റെയോ അല്ലെങ്കില്‍ ബാക്കിയുള്ളവരുടെയോ വില്ലനായി ഞാന്‍ അഭിനയിക്കും. വില്ലന്‍ റോള്‍ ചെയ്യാനാണ് എനിക്ക് ഏറ്റവും ഇഷ്ടം.

പക്ഷേ മകന്റെ വില്ലനായി ഞാന്‍ അഭിനയിക്കില്ല. അതിന് വെച്ച വെള്ളം അങ്ങ് വാങ്ങിവെക്കുന്നതാണ് നല്ലത്. അവന് നായകനായി ഷൈന്‍ ചെയ്യാന്‍ എന്നെ വില്ലനായി കൊണ്ടുവരണോ? തന്തയെ തല്ലിയിട്ട് അവന്‍ നായകനാകണ്ട (ചിരിക്കുന്നു)’ ഷമ്മി തിലകന്‍ പറഞ്ഞു. മകന്‍ അഭിമന്യു തിലകനും അദ്ദേഹത്തോടൊപ്പം സിനിമ കാണാനെത്തിയിരുന്നു.

ചിത്രത്തിലെ തന്റെ വേഷത്തെക്കുറിച്ചും ഷമ്മി തിലകന്‍ സംസാരിച്ചു. പൃഥ്വിരാജ് ആയതുകൊണ്ടാണ് തനിക്ക് ഈ സിനിമ ചെയ്യാന്‍ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പൃഥ്വിയോടൊപ്പം പ്രാധാന്യമുള്ള കഥാപാത്രമാണ് തന്റേതെന്നും സ്റ്റാര്‍ഡത്തെക്കാള്‍ സിനിമക്ക് പ്രാധാന്യം നല്കുന്നതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.

Vilayath buddha/ screen grab from trailer

 

‘വിലായത്ത് ബുദ്ധയിലെ നായകന്‍ പൃഥ്വിരാജല്ലെങ്കില്‍ ഒരിക്കലും ഞാന്‍ ഈ വേഷം ചെയ്യില്ല. പൃഥ്വിരാജായതുകൊണ്ടാണ് ഞാന്‍ ഈ വേഷം ചെയ്തത്. പൃഥ്വിയുടെ കഥാപാത്രത്തെക്കാള്‍ ഡോമിനേറ്റ് ചെയ്യുന്ന ക്യാരക്ടറാണ് ഞാന്‍ ചെയ്ത ഭാസ്‌കരന്‍ മാഷ്. അങ്ങനെയുള്ളൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പൃഥ്വി കാണിച്ച മനസ് എനിക്ക് ഒരുപാട് ഇഷ്ടമാണ്. ജീവിതകാലം മുഴുവന്‍ ഞാന്‍ പൃഥ്വിയോട് കടപ്പെട്ടിരിക്കുകയാണ്’ ഷമ്മി തിലകന്‍ പറയുന്നു.

നവാഗതനായ ജയന്‍ നമ്പ്യാരാണ് വിലായത്ത് ബുദ്ധയുടെ സംവിധായകന്‍. ജി.ആര്‍. ഇന്ദുഗോപന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രഭാഷ്യമാണ് വിലായത്ത് ബുദ്ധ. മറയൂരിന്റെ പശ്ചാത്തലത്തില്‍ രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഈഗോ ക്ലാഷിന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രിയംവദ കൃഷ്ണന്‍, അനു മോഹന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

Content Highlight: Shammy Thilakan saying he won’t play Villain role against his son