ഉന്നത ജാതിയിലെ കുട്ടികളുടെ കൂടെ താമസിപ്പിക്കാനാവില്ലെന്ന കാരണത്താല്‍ ഞങ്ങളെ ആ സിനിമയില്‍ നിന്നും ഒഴിവാക്കി: ഷമ്മി തിലകന്‍
Film News
ഉന്നത ജാതിയിലെ കുട്ടികളുടെ കൂടെ താമസിപ്പിക്കാനാവില്ലെന്ന കാരണത്താല്‍ ഞങ്ങളെ ആ സിനിമയില്‍ നിന്നും ഒഴിവാക്കി: ഷമ്മി തിലകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 23rd September 2022, 7:00 pm

മലയാള സിനിമയില്‍ നിരവധി അഭിനയപ്രധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ഷമ്മി തിലകന്‍. സിനിമയില്‍ ഒരുപാട് കഥാപാത്രങ്ങളില്‍ നിന്നും തന്നെ പലരും മാറ്റി നിര്‍ത്താനുള്ള കാരണം തന്റെ ജാതിയാണെന്ന് പറയുകയാണ് ഷമ്മി തിലകനിപ്പോള്‍.

സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചെറുപ്പത്തില്‍ ജാതിയുടെ പേരില്‍ താന്‍ നേരിട്ട വിവേചനങ്ങളെക്കുരിച്ച് അദ്ദേഹം പറഞ്ഞത്.

‘ഒരു പക്ഷേ മാനുഫാച്ചറിങ് ഡിഫക്ട് കൊണ്ടായിരിക്കും, ഒരുപാട് കഥാപാത്രങ്ങളെ ഒന്നും മലയാള സിനിമയ്ക്ക് വേണ്ടി ചെയ്യാന്‍ കഴിയാതെ പോയത്. അത് മാത്രമേ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള കാരണമായി ഞാന്‍ കാണുന്നുള്ളു.

തുടക്കം മുതലേ ബ്ലോക്ക് ഉണ്ടായിരുന്നു. അച്ഛന്‍ ഒരുപക്ഷേ അച്ഛന്റെ അച്ഛനെ പറയേണ്ട കാര്യമാണ്. അതുകൊണ്ടാണ് അങ്ങനൊരു അവസ്ഥ അച്ഛനും അത് വഴി എനിക്കും നേരിടേണ്ടി വന്നത്.

ജാതീയത തന്നെയാണ് അതിലെ പ്രധാന വിഷയം. അത് വളരെ ചെറുപ്പം മുതലേ നേരിട്ടിരുന്നു. വിടരുന്ന മൊട്ടുകള്‍ എന്ന മധു സാര്‍ അഭിനയിച്ചിരുന്ന സിനിമയില്‍ ഒരു അവസരം ലഭിച്ചിരുന്നു. അന്ന് എന്നെ പോലെയൊരു കുട്ടിയെ സംബന്ധിച്ച് റേഡിയോ നാടകം, നാടകം, കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി എന്നിവയായിരുന്നു കഴിവ് പ്രകടിപ്പിക്കാനുള്ള വേദി.

ഇപ്പോഴാണ് റിയാലിറ്റി ഷോ ഉള്ളത്. കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റിയുടെ ഒരുപാട് ടാലന്റ് കോംമ്പറ്റീഷന്‍സ് അന്ന് നടക്കുമായിരുന്നു. അങ്ങനെയൊരു മത്സരത്തില്‍ പല ലെവലുകളിലും വിജയിച്ച് മുന്നിലെത്തിയിരുന്നു ഞാനും എന്റെ ചേട്ടനും.

ഞാന്‍ അന്ന് പ്രൈമറി ക്ലാസിലായിരുന്നു. എനിക്ക് ഉന്നതമായ റാങ്ക് ഉണ്ടായിരുന്നു. ഞങ്ങള്‍ നാല് പേരെ അതില്‍ നിന്ന് വിടരുന്ന മൊട്ടുകള്‍ എന്ന സിനിമയിലേക്ക് സെലക്ട് ചെയ്തു. അന്ന് ടെലഗ്രാമിലായിരുന്നു അറിയിക്കുക.

അതിനായി ഇന്ന ദിവസം വരണമെന്ന് പറഞ്ഞു. ഞങ്ങള്‍ക്ക് ഭയങ്കര സന്തോഷമായിരുന്നു. എല്ലാവരും ഞങ്ങളെ ഹീറോസിനെ പോലെയായിരുന്നു കണ്ടത്. അതിന്റെ അഹങ്കാരം ഒക്കെ കേറി. പോവാന്‍ തയ്യാറായി നില്‍ക്കുമ്പോഴാണ് അടുത്ത ടെലഗ്രാം വന്നത്.

ചിത്രം മാറ്റി വെച്ചു എന്നതായിരുന്നു അതില്‍. പിന്നെ ഒരു വിവരവും ഇല്ലായിരുന്നു. അച്ഛന്‍ സിനിമയില്‍ ഉള്ളത് കൊണ്ടറിഞ്ഞു അവിടെ ഷൂട്ട് തുടങ്ങിയെന്ന്. അച്ഛന്‍ അന്വേഷിച്ചപ്പോഴാണ് കാര്യം അറിഞ്ഞത്, നാല് ഉന്നത ജാതിയിലെ കുട്ടികളും സിനിമയിലുണ്ടായിരുന്നു. അവരുടെ കൂടെ ഞങ്ങളെ താമസിപ്പിക്കാന്‍ കഴിയില്ല എന്ന കാരണം കൊണ്ടാണ് ഞങ്ങളെ ഒഴിവാക്കിയത്.

അത് അച്ഛനെ സംബന്ധിച്ച് വലിയ വിഷമമായിരുന്നു. അവിടെ നിന്ന് തുടങ്ങിയതാണ് ഈ മാറ്റി നിര്‍ത്തല്‍. അതുകൊണ്ടാണ് പറയുന്നത് തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല,” ഷമ്മി തിലകന്‍ പറഞ്ഞു.

Content Highlight: Shammi Thilakani is saying that his caste is the reason why many people keep him out of many roles in films