ആണുങ്ങള്‍ക്ക് വരെ ഉമ്മ കൊടുക്കാന്‍ തോന്നുന്നത്ര സുന്ദരന്‍, ആ നടന് നേരെ ഗഞ്ചിറ എറിയുമ്പോള്‍ ഞാന്‍ പേടിച്ചു: ഷമ്മി തിലകന്‍
Malayalam Cinema
ആണുങ്ങള്‍ക്ക് വരെ ഉമ്മ കൊടുക്കാന്‍ തോന്നുന്നത്ര സുന്ദരന്‍, ആ നടന് നേരെ ഗഞ്ചിറ എറിയുമ്പോള്‍ ഞാന്‍ പേടിച്ചു: ഷമ്മി തിലകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th December 2025, 10:54 pm

നടനായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് ഷമ്മി തിലകന്‍. താന്‍ അസിസ്റ്റന്റ് ഡയറക്ടറായും ഫോക്കസ് പുള്ളറായും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അടുത്തിടെ അദ്ദേഹം പറഞ്ഞിരുന്നു. ചാണക്യന്‍ എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ഷമ്മി തിലകന്‍.

ചിത്രത്തിലെ നായികയും കമല്‍ ഹാസനും തമ്മിലുള്ള രംഗം ഷൂട്ട് ചെയ്യാന്‍ പ്രയാസപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. കൈയില്‍ കിട്ടിയ ടാംബറിന്‍ (വാദ്യോപകരണം) എടുത്ത് എറിയുന്ന സീനുണ്ടെന്നും ഏറ് കൊണ്ട കമല്‍ ഹാസന്‍ ക്യാമറയിലേക്ക് നോക്കുന്ന സീനായിരുന്നു ഷൂട്ട് ചെയ്തതെന്നും ഷമ്മി കൂട്ടിച്ചേര്‍ത്തു. യെസ് 27ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആ ഏറ് കിട്ടിയ ശേഷം നെറ്റിയില്‍ നിന്ന് ചോര വന്ന കമല്‍ സാറിന്റെ ക്യാരക്ടര്‍ ദേഷ്യത്തോടെ നോക്കുന്നതാണ് ഷോട്ട്. നമുക്കറിയാമല്ലോ, ആണുങ്ങള്‍ക്ക് പോലും ഉമ്മ കൊടുക്കാന്‍ തോന്നുന്നത്ര സുന്ദരനാണ് അദ്ദേഹം. ഞാനാണെങ്കില്‍ അദ്ദേഹത്തിന്റെ വലിയ ഫാനാണ്. ഈ ഷോട്ട് എങ്ങനെയെടുക്കുമെന്ന് പലരും ആലോചിച്ചു. ഒടുക്കം കമല്‍ സാര്‍ തന്നെ ഒരു ഐഡിയ പറഞ്ഞുതന്നു.

ലൈറ്റിന്റെ സ്റ്റാന്‍ഡ് ഫ്രെയിമില്‍ കാണാത്ത രീതിയില്‍ അദ്ദേഹം സെറ്റ് ചെയ്തുവെച്ചു. അതിലേക്ക് ആരെങ്കിലും ഈ സാധനം എറിയുമ്പോള്‍ മുഖം വെട്ടിക്കുമെന്ന് പറഞ്ഞു. ഡ്യൂപ്പിനെ വെച്ച് ചെയ്ത റിഹേഴ്‌സല്‍ ഓക്കെയായി. ടേക്കില്‍ ആര് എറിയുമെന്ന് ചോദിച്ചു. അവസാനം അത് എന്റെ തലയിലായി. എങ്ങാനും ഉന്നം തെറ്റിയാല്‍ പണിയാകും. എനിക്ക് നല്ല പേടിയായി’ ഷമ്മി തിലകന്‍ പറയുന്നു.

എന്നാല്‍ തന്റെ ടെന്‍ഷന്‍ കണ്ട് കമല്‍ ഹാസന്‍ തന്നെ അടുത്തേക്ക് വിളിച്ചെന്നും കൃത്യമായ ഉപദേശം തന്നെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ടേക്കില്‍ തന്നെ ഏറ് കൃത്യമായെന്നും കമല്‍ ഹാസന്‍ ടൈമിങ്ങില്‍ മുഖം വെട്ടിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. ആ സീനില്‍ നെറ്റിയില്‍ നിന്ന് ചോര വരുന്ന മേക്കപ്പ് കമല്‍ ഹാസന്‍ ചെയ്തതാണെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

ഷമ്മി തിലകന്‍ കേന്ദ്ര കഥാപാത്രത്തെ അവതിരിപ്പിച്ച വിലായത്ത് ബുദ്ധ അടുത്തിടെ തിയേറ്ററുകളിലെത്തിയിരുന്നു. പൃഥ്വിരാജിനൊപ്പം ശക്തമായ കഥാപാത്രത്തെയാണ് ഷമ്മി വിലായത്ത് ബുദ്ധയില്‍ അവതരിപ്പിച്ചത്. ജി.ആര്‍. ഇന്ദുഗോപന്റെ ഇതേ പേരിലുള്ള നോവലിന് ജയന്‍ നമ്പ്യാറാണ് ചലച്ചിത്രഭാഷ്യം ഒരുക്കിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

Content Highlight: Shammi Thilakan shares the shooting experience of Chanakyan movie