ഡീയസ് ഈറെയിലെ ആ വേഷം ഞാന്‍ ചെയ്യേണ്ടിയിരുന്നത്; ചില കാരണങ്ങളാല്‍ സിനിമയില്‍ നിന്ന് വിരമിക്കാന്‍ ആഗ്രഹിക്കുന്നു: ഷമ്മി തിലകന്‍
Malayalam Cinema
ഡീയസ് ഈറെയിലെ ആ വേഷം ഞാന്‍ ചെയ്യേണ്ടിയിരുന്നത്; ചില കാരണങ്ങളാല്‍ സിനിമയില്‍ നിന്ന് വിരമിക്കാന്‍ ആഗ്രഹിക്കുന്നു: ഷമ്മി തിലകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 28th November 2025, 12:05 pm

ഡീയസ് ഈറെയില്‍ ജിബിന്‍ ഗോപിനാഥ് അവതരിപ്പിച്ച മധുസൂദനന്‍ പോറ്റിയെന്ന കഥാപാത്രം താന്‍ ചെയ്യേണ്ടിയിരുന്നതാണെന്ന് നടന്‍ ഷമ്മി തിലകന്‍. വിലായത്ത് ബുദ്ധ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Shammi Thilakn/ Screen grab/ Asianet news

‘ഈ അടുത്ത് അഞ്ച് സിനിമകളില്‍ അധികം ഞാന്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്. പ്രണവ് അഭിനയിച്ച ഡീയസ് ഈറെയില്‍ മധുസൂദനന്‍ പോറ്റിയുടെ വേഷം ഞാന്‍ ചെയ്യേണ്ടിയിരുന്നതാണ്. അതില്‍ എനിക്ക് നഷ്ട ബോധമൊന്നും ഇല്ല. അതില്‍ അഭിനയിച്ച നടന്‍ നന്നായിട്ട് ചെയ്തിട്ടുണ്ട്,’ ഷമ്മി തിലകന്‍ പറഞ്ഞു.

സിനിമ ചെയ്യാത്തതില്‍ നഷ്ട ബോധമുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് നഷ്ടബോധമൊന്നുമില്ലെന്നും അതിന്റെ സംവിധായകന് താന്‍ ആ സിനിമ ചെയ്യാത്തതില്‍ നഷ്ട ബോധം ഉണ്ടെന്നുമായിരുന്നു ഷമ്മി തിലകന്റെ മറുപടി. അത് തന്നോട് സംവിധായകന്‍ പറഞ്ഞിട്ടുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

‘ഷമ്മി ചേട്ടന്‍ ഇത് ചെയ്യുന്നില്ലെന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണെന്ന് രാഹുല്‍ പറയുകയും ചെയ്തതാണ്. ഇനി തുടരെ തുടരെ സിനിമകള്‍ ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. വിലായത്ത് ബുദ്ധ എന്ന സിനിമയോട് കൂടി ഒരു വി.ആര്‍.എസ് എടുക്കണം എന്ന് വിചാരിച്ചിരിക്കുന്ന അവസ്ഥയിലാണ് ഞാന്‍.

വിലായത്ത് ബുദ്ധ എന്നാല്‍, ഞാന്‍ ചെയ്യണമെന്ന് വിചാരിച്ച സിനിമയാണ്. നല്ല കോ ആര്‍ട്ടിസറ്റുകളാണ്. പ്രത്യേകിച്ച് രാജു. എനിക്ക് മറ്റ് പല സിനിമകളില്‍ നിന്നും തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്,’ ഷമ്മി തിലകന്‍ പറഞ്ഞു.

തന്റെ ഡയലോഗിന് റിയാക്ഷന്‍ പോലും തരാതെ മാറി നിന്ന നടന്‍മാര്‍ ഇവിടെയുണ്ടെന്നും അങ്ങനെയൊരു ഇടത്ത് തനിക്ക് തുടരാന്‍ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് സിനിമയില്‍ നിന്ന് വിരമിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഷമ്മി തിലകന്‍ കൂട്ടിച്ചേര്‍ത്തു.

Content highlight: Shammi Thilakan says he should have played the character Madhusudhanan Potty,  in Dies irae