ചെയ്യാന്‍ താത്പര്യമില്ലാതെ ഒഴിവാക്കാന്‍ ശ്രമിച്ച സിനിമ, ഒടുവില്‍ എന്റെ ആ കഥാപാത്രം വലിയ ഹിറ്റായി: ഷമ്മി തിലകന്‍
Malayalam Cinema
ചെയ്യാന്‍ താത്പര്യമില്ലാതെ ഒഴിവാക്കാന്‍ ശ്രമിച്ച സിനിമ, ഒടുവില്‍ എന്റെ ആ കഥാപാത്രം വലിയ ഹിറ്റായി: ഷമ്മി തിലകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 28th November 2025, 5:25 pm

മലയാളത്തിലെ മികച്ച നടന്മാരിലൊരാളാണെന്ന് പലകുറി തെളിയിച്ച നടനാണ് ഷമ്മി തിലകന്‍. ഏത് തരം കഥാപാത്രത്തെയും അനായാസം ചെയ്ത് ഫലിപ്പിക്കാന്‍ കഴിവുള്ള ഷമ്മി തിലകന്‍ അടുത്തിടെ പുറത്തിറങ്ങിയ വിലായത്ത് ബുദ്ധയിലും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. കരിയറില്‍ താന്‍ ഒഴിവാക്കാന്‍ ശ്രമിച്ചിട്ടും ചെയ്യേണ്ടി വന്ന സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് താരം.

Shammy Thilakan/ Screen grab/ Ginger media entertainments

താന്‍ ചെയ്ത കോമഡി കഥാപാത്രങ്ങളിലൊന്നായ നേരത്തിലെ ഊക്കന്‍ ടിന്റു ആദ്യം ഒഴിവാക്കാന്‍ ശ്രമിച്ചെന്ന് ഷമ്മി തിലകന്‍ പറഞ്ഞു. പൊലീസ് വേഷങ്ങള്‍ ചെയ്തുമടുത്ത സമയമായിരുന്നു അതെന്നും അല്‍ഫോണ്‍സ് പുത്രന്‍ ആദ്യം വിളിച്ചപ്പോള്‍ തന്നെ താത്പര്യമില്ലെന്ന് അറിയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫില്‍മിബീറ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആ സമയത്ത് ഞാന്‍ ഒരുപാട് പൊലീസ് വേഷങ്ങള്‍ ചെയ്ത് നില്‍ക്കുകയായിരുന്നു. നേരം ചെയ്യുന്ന സമയത്ത് എനിക്ക് 45 വയസായിരുന്നു പ്രായം. സബ് ഇന്‍സ്‌പെക്ടറുടെ വേഷമാണെന്ന് അല്‍ഫോണ്‍സ് പറഞ്ഞപ്പോള്‍ തന്നെ എനിക്ക് പറ്റില്ലെന്ന് പറഞ്ഞു. കാരണം, എന്റെ അപ്പോഴത്തെ പ്രായം സബ് ഇന്‍സ്‌പെക്ടറുടെ റോള്‍ ചെയ്യാന്‍ പറ്റുന്നതായിരുന്നില്ല.

Neram/ Screen grab/ AP International

ഇതെല്ലാം മനസില്‍ വെച്ചാണ് ഞാന്‍ പറ്റില്ലെന്ന് പറഞ്ഞത്. അപ്പോള്‍ എന്റെ വീട്ടില്‍ വന്ന് സംസാരിക്കാമെന്ന് അല്‍ഫോണ്‍സ് പറഞ്ഞു. അതും ഞാന്‍ ഒഴിവാക്കാന്‍ നോക്കി. കാരണം, അവന്‍ വന്ന് കുറച്ച് നിര്‍ബന്ധിച്ചാല്‍ ഞാന്‍ ചിലപ്പോള്‍ ചെയ്തുപോകും. എന്നിട്ടും അവന്‍ വരാമെന്ന് പറഞ്ഞിട്ട് വീട്ടിലെത്തി. എന്നോട് കഥ പറഞ്ഞ് തീര്‍ത്തു.

ആ ക്യാരക്ടറിന്റെ പേര് തന്നെ കോമഡിയായിരുന്നു. ഊക്കന്‍ ടിന്റു എന്ന പേര് ആളുകള്‍ എടുത്ത് കളിയാക്കുമെന്ന് ഉറപ്പിച്ചതാണ്. പിന്നെ അവന്റെ നിര്‍ബന്ധത്തില്‍ ചെയ്ത വേഷമാണ് നേരത്തിലേത്. പടം ഇറങ്ങിയതിന് ശേഷം എല്ലാവരും എന്നെ വിളിച്ച് നല്ലത് പറയുകയും ചെയ്തു. പടത്തിന്റെ കൂടെ എന്റെ കഥാപാത്രവും ഹിറ്റായി,’ ഷമ്മി തിലകന്‍ പറയുന്നു.

Alphonse Puthrem/ Screen grab/ Cineulagam

അല്‍ഫോണ്‍സ് പുത്രന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു നേരം. നിവിന്‍ പോളി, നസ്രിയ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വന്‍ വിജയമായി മാറി. വെറും മൂന്ന് സീനില്‍ മാത്രം പ്രത്യക്ഷപ്പെട്ട് വലിയ കൈയടി നേടിയ കഥാപാത്രമായിരുന്നു ഷമ്മി തിലകന്റെ ഊക്കന്‍ ടിന്റു. ജോസ് തോമസ് സംവിധാനം ചെയ്ത ശൃംഗാരവേലന്‍ എന്ന സിനിമയിലും ഈ കഥാപാത്രം ഉണ്ടായിരുന്നു.

Content Highlight: Shammi Thilakan saying he tried to avoid Neram movie