വിലായത്ത് ബുദ്ധ സിനിമക്ക് എതിരെയുണ്ടാകുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് നടന്‍ ഷമ്മി തിലകന്‍. പൃഥ്വിരാജിനെ നായകനാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്ത ചിത്രം നവംബര്‍ 21നാണ് തിയേറ്ററുകളിലെത്തിയത്. ജി. ആര്‍ ഇന്ദുപോപന്റെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി എത്തിയ ചിത്രത്തില്‍ ഷമ്മി തിലകനും ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു.
ഇപ്പോള്‍ സിനിമക്ക് നേരെയുണ്ടാകുന്ന ഹേറ്റ് ക്യാമ്പയിന്‍ കുറിച്ച് അദ്ദേഹം സംസാരിക്കുന്നു. അനാവശ്യമായി വിദ്വേഷം പ്രചരിപ്പിക്കുന്നവരെ അവഗണിക്കാനെ കഴിയുകയുള്ളുവെന്നും അവരെ ഒരിക്കലും പറഞ്ഞ് മനസിലാക്കാന്‍ പറ്റില്ലെന്നും ഷമ്മി പറയുന്നു.
‘ അതില്‍ നമ്മള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. അങ്ങനെ അനാവശ്യമായി ഹേറ്റ് പ്രകടിപ്പിക്കുന്നവരെ നമുക്ക് തള്ളി കളയാനെ പറ്റൂ. അവരെ നമുക്ക് പറഞ്ഞ് മനസിലാക്കാന്‍ കഴിയില്ല. നിര്‍മാതാവിന്റെ കാര്യം മാത്രമല്ല, ഞാനടക്കമുള്ള ആര്‍ട്ടിസ്റ്റുകളെയാണ് അവര്‍ തല്ലികെടുത്താന്‍ ശ്രമിക്കുന്നത്. അത് വലിയ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്.
തീര്‍ച്ചയായും വിലായത്ത് ബുദ്ധ ഒരു നല്ല സിനിമയാണ്. നല്ല അഭിമാനത്തോടെ ഞാന്‍ പറയും നല്ല ഒന്നാന്തരം സിനിമയാണിത് എന്ന്. ആദ്യമായാണ് ഇത്രയും മനോഹരമായ ഒരു സിനിമയില്‍ ഞാന്‍ അഭിനയിക്കുന്നത്. നല്ല ഒരു കഥാപാത്രവുമാണ് എനിക്ക് കിട്ടിയത്,’ ഷമ്മി തിലകന്‍ പറയുന്നു.
അത്ര നല്ല സിനിമ ആളുകളിലേക്ക് എത്താതെ ഇരിക്കുന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണെന്നും ഷമ്മി തിലകന്‍ പറഞ്ഞു. സിനിമ കണ്ടിട്ട് ആളുകള്‍ നല്ല അഭിപ്രായമാണ് പറഞ്ഞതെന്നും ഹേറ്റ് ക്യാമ്പയിന്‍ നടത്തുന്നവര്‍ സിനിമ കണ്ടിട്ടല്ല അഭിപ്രായം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ചില ആളുകള്‍ പൈസ വാങ്ങിയിട്ടും റിവ്യൂ ചെയ്യാറുണ്ടെന്നും അവരോടൊന്നും തനിക്ക് പറയാന്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിലായത്ത് ബുദ്ധയെ ലക്ഷ്യമിട്ടുകൊണ്ട് മതപരവും രാഷ്ട്രീയപരവുമായ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയ യൂട്യൂബ് ചാനാലിനെതിരെ കഴിഞ്ഞ ദിവസം സൈബര്‍ സെല്ലില്‍ സിനിമയുടെ നിര്‍മാതാവ് സന്ദീപ് സേനന്‍ പരാതി നല്‍കിയിരുന്നു.
Content highlight: Shammi Thilakan responds to cyber attacks against the film Vilayat Buddha