സമ്മിശ്ര പ്രതികരണങ്ങള്‍ നേടി തിയേറ്ററില്‍ മുന്നേറുകയാണ് പൃഥ്വിരാജ് നായകനായ വിലായത്ത് ബുദ്ധ. ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിക്കൊപ്പം ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചത് ഷമ്മി തിലകനാണ്. ഭാസ്‌കരന്‍ മാസ്റ്റര്‍ എന്ന രാഷ്ട്രീയക്കാരനായാണ് അദ്ദേഹം സിനിമയില്‍ എത്തിയിരുന്നത്.
ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജിനെ കുറിച്ചും വിലായത്ത് ബുദ്ധ സിനിമയെ കുറിച്ചും സംസാരിക്കുകയാണ് ഷമ്മി തിലകന്‍. പൃഥ്വിരാജ് ആയിരുന്നത് കൊണ്ടാണ് സിനിമയില്‍ നല്ല രീതിയില്‍ തനിക്ക് പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം പറയുന്നു. പൃഥിരാജിന്റെ അയ്യപ്പനും കോശിയും എന്ന സിനിമയെ കുറിച്ചും അദ്ദേഹം പറയുകയുണ്ടായി.
‘അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ ആരാണ് ശരിക്കും നായകന്‍ അല്ലെങ്കില്‍ പ്രതിനായകന്‍ എന്നൊരു ചോദ്യം വരും. ആ സിനിമയില്‍ അങ്ങനെയൊരു കഥാപാത്രം ചെയ്യാന്‍ തയ്യാറാകുന്ന ഒരു മനസുണ്ട്, അതിനെയാണ് അപ്രിഷിയേറ്റ് ചെയ്യേണ്ടത്. ഒരാളും അങ്ങനെ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. ആ കഥാപാത്രം ഏറ്റെടുക്കാന്‍ തയ്യാറായ പ്രൃഥ്വിരാജിന്റെ മനസിനെയാണ് ഞാന്‍ നമിക്കുന്നത്,’ ഷമ്മി തിലകന്‍ പറഞ്ഞു.
വിലായാത്ത് ബുദ്ധയില്‍ മറ്റൊരു അഭിനേതാവാണെങ്കില്‍ തനിക്ക് ഇത്ര നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വളരെയധികം എഴുത്തുക്കാരന്റെ സപ്പോര്‍ട്ടുള്ള കഥാപാത്രമാണ് തൂവെള്ള ഭാസ്‌കരനെന്നും ഇന്ദു ഗോപന്‍ വളരെ മനോഹരമായി സൃഷ്ടിച്ചിരിക്കുന്ന ഒരു കഥാപാത്രമാണ് അതെന്നും ഷമ്മി തിലകന്‍ പറയുന്നു.
ഒരു വ്യക്തിയുടെ ജീവിതത്തില്‍ നടക്കുന്ന എല്ലാ ഭാവങ്ങളും പ്രകടിപ്പിക്കാന്‍ പറ്റുന്ന ഒരു കഥാപാത്രത്തെയാണ് അദ്ദേഹം സൃഷ്ടിച്ചതെന്നും ഇന്ദുഗോപനും സംവിധായകനുമാണ് എല്ലാ ക്രഡിറ്റും അര്‍ഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജി. ആര്‍ ഇന്ദുപോപന്റെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി എത്തിയ ചിത്രം നവംബര്‍ 21നാണ് തിയേറ്ററുകളിലെത്തിയത്. സിനിമക്ക് സമ്മിശ്ര പ്രതികരണം ആണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. വിലായത്ത് ബുദ്ധയെ ലക്ഷ്യമിട്ടുകൊണ്ട് മതപരവും രാഷ്ട്രീയപരവുമായ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയ യൂട്യൂബ് ചാനാലിനെതിരെ കഴിഞ്ഞ ദിവസം സൈബര്‍ സെല്ലില്‍ സിനിമയുടെ നിര്‍മാതാവ് സന്ദീപ് സേനന്‍ പരാതി നല്‍കിയിരുന്നു.
Content highlight: Shammi Thilakan is talking about Prithviraj and the film Vilayat Buddha