അച്ഛന്റെ കഥാപാത്രത്തെ അങ്ങേയറ്റം ദുരന്തമാക്കി, ചെങ്കോല്‍ എന്ന സിനിമയുടെ ആവശ്യമേ ഉണ്ടായിരുന്നില്ല: ഷമ്മി തിലകന്‍
Malayalam Cinema
അച്ഛന്റെ കഥാപാത്രത്തെ അങ്ങേയറ്റം ദുരന്തമാക്കി, ചെങ്കോല്‍ എന്ന സിനിമയുടെ ആവശ്യമേ ഉണ്ടായിരുന്നില്ല: ഷമ്മി തിലകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 6th December 2025, 8:53 am

അഭിനയകുലപതി തിലകന്റെ മകന്‍ എന്ന ലേബലിലാണ് സിനിമയിലേക്കെത്തിയതെങ്കിലും തന്റെ കഠിനാധ്വാനം കൊണ്ട് ഇന്‍ഡസ്ട്രിയില്‍ സ്ഥാനം നേടാന്‍ ഷമ്മി തിലകന് സാധിച്ചിട്ടുണ്ട്. ഏത് തരം വേഷവും അനായാസം ചെയ്ത് ഫലിപ്പിക്കാന്‍ കഴിയും എന്നതാണ് ഷമ്മിയുടെ ഏറ്റവും വലിയ പ്രത്യേകത. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ വിലായത്ത് ബുദ്ധയിലും അത് അടിവരയിടുന്നുണ്ട്.

അച്ഛന്‍ ചെയ്ത സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് ഷമ്മി തിലകന്‍. അച്ഛന്റെ സിനിമകളില്‍ ഏറ്റവും മികച്ച ഒന്നായിരുന്നു കിരീടത്തിലെ അച്യുതന്‍ നായരെന്ന് ഷമ്മി തിലകന്‍ പറയുന്നു. എന്നാല്‍ ചെങ്കോല്‍ എന്ന സിനിമ അച്ഛന്‍ ചെയ്യേണ്ടിയിരുന്നില്ലെന്നും ആ കഥാപാത്രത്തിന് നല്‍കാവുന്നതില്‍ വെച്ച് ഏറ്റവും മോശം എന്‍ഡിങ്ങായിരുന്നു അതെന്നും താരം കൂട്ടിച്ചേര്‍ത്തു. യെസ് 27നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചെങ്കോല്‍ എന്ന സിനിമ എന്നെ സംബന്ധിച്ച് അപ്രസക്തമാണ്. അങ്ങനെയൊരു സിനിമയുടെ ആവശ്യമില്ലെന്നാണ് എന്റെ അഭിപ്രായം. ഒരു കഥാപാത്രത്തിന് വന്ന ഏറ്റവും വലിയ മാറ്റമായിരുന്നു അത്. പ്രേക്ഷകര്‍ക്ക് തീരെ ഉള്‍ക്കൊള്ളാനായില്ല. ആ കഥാപാത്രത്തിന്റെ പതനം ഇങ്ങനെയൊക്കെയാകുമോ എന്നാണ് പലരും ചിന്തിച്ചത്.

സ്വന്തം മകളെയും കൊണ്ട് ലോഡ്ജിലേക്ക് പോവുകയും മുറിയുടെ പുറത്ത് കാവല്‍ നില്‍ക്കുകയും ചെയ്യുക എന്നത് ആ കഥാപാത്രം ഒരിക്കലും ചെയ്യാന്‍ സാധ്യതയില്ലാത്ത കാര്യമാണ്. ആ സിനിമ പരാജയമാകാനുള്ള കാരണങ്ങളിലൊന്ന് അതാണ്. കിരീടത്തില്‍ അച്ഛന്റെ കഥാപാത്രം എങ്ങനെയുള്ള ആളായിരുന്നെന്ന് ആദ്യത്തെയും അവസാനത്തെയും സീനിലൂടെ വരച്ചിടുന്നുണ്ട്.

ആ പടത്തിന്റെ ആദ്യത്തെ സീനില്‍ സ്വന്തം മകനെയോര്‍ത്ത് അഭിമാനിക്കുന്ന അതേ അച്ഛനാണ് ക്ലൈമാക്‌സില്‍ അയാളുടെ ഫോട്ടോ ‘മോസ്റ്റ് വാണ്ടഡ്’ ലിസ്റ്റില്‍ ചേര്‍ക്കുന്നത്. ‘എന്റെ മകന്‍ പൊലീസ് ജോലിക്ക് ഫിറ്റല്ല’ എന്ന് പറയുന്ന രംഗമൊക്കെ എന്ത് മനോഹരമാണ്. രണ്ടാം ഭാഗത്തില്‍ ആ കഥാപാത്രത്തിന്റെ അവസ്ഥ എത്രത്തോളം മോശമാക്കാമോ അത്രയും മോശമാക്കി’ ഷമ്മി തിലകന്‍ പറഞ്ഞു.

 

ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചെങ്കോല്‍. മോഹന്‍ലാല്‍, തിലകന്‍, കൊച്ചിന്‍ ഹനീഫ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ മോഹന്‍ലാലിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Content Highlight: Shammi Thilakan about Thilakan’s character in Chenkol movie