ഐ.എഫ്.എഫ്.കെയില്‍ സിനിമ കണ്ടിരുന്നവര്‍ എന്തെങ്കിലും ഒരു അവാര്‍ഡ് എനിക്ക് കിട്ടുമെന്ന് പറഞ്ഞിരുന്നു: ഷംല ഹംസ
Malayalam Cinema
ഐ.എഫ്.എഫ്.കെയില്‍ സിനിമ കണ്ടിരുന്നവര്‍ എന്തെങ്കിലും ഒരു അവാര്‍ഡ് എനിക്ക് കിട്ടുമെന്ന് പറഞ്ഞിരുന്നു: ഷംല ഹംസ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 4th November 2025, 9:30 am

എ.എഫ്.എഫ്.കെ കണ്ടിറങ്ങിയവരൊക്കെ ഫെമിനിച്ചി ഫാത്തിമയില്‍ ഒരു അവാര്‍ഡ് തനിക്ക് കിട്ടുമെന്ന് പറഞ്ഞിരുന്നുവെന്ന് നടി ഷംല ഹംസ. ഇന്നലെ പ്രഖ്യാപിച്ച സംസ്ഥാന അവാര്‍ഡില്‍ ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത് ഷംലയാണ്. ഇപ്പോള്‍ ന്യൂസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പുര്‌സകാര നേട്ടത്തില്‍ പ്രതികരിക്കുകയാണ് ഷംല ഹംസ.

‘ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിച്ചപ്പോള്‍ പലരും അവാര്‍ഡ് കിട്ടുമെന്ന് പറഞ്ഞിരുന്നു. നന്നായി ചെയ്തിട്ടുണ്ടെന്നും പറഞ്ഞിരുന്നു. എനിക്ക് ആദ്യം ലഭിച്ചത് പ്രേം നസീര്‍ സുഹൃത്ത് സമിതിയുടെ അവാര്‍ഡാണ്. പിന്നെ ക്രിട്ടിക്‌സ് അവാര്‍ഡും കിട്ടിയിരുന്നു,’ ഷംല ഹംസ പറയുന്നു.

ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ ഇത് ഏറ്റെടുത്തത് സിനിമക്ക് കിട്ടിയ ഒരു ഭാഗ്യമാണെന്നും സ്റ്റേറ്റ് അവാര്‍ഡ് വരെ എത്തി നില്‍ക്കുന്ന ഈ യാത്രയെ ഒരു ഭാഗ്യമായാണ് താന്‍ കാണുന്നതെന്നും നടി പറഞ്ഞു. ഫെസ്റ്റിവല്‍സിനൊക്ക പോയിക്കൊണ്ടിരിക്കുന്ന സമയത്താണ് വേഫെയറര്‍ ഇത് തിയേറ്ററില്‍ എത്തിക്കാമെന്നൊരു വാക്ക് തന്നതെന്നും ആ സമയം ഒരു അത്ഭുതം പോലെയായിരുന്നുവെന്നും ഷംല പറഞ്ഞു.

നവാഗതനായ ഫാസില്‍ മുഹമ്മദ് സംവിധാവനം ചെയ്ത ഫെമിനിച്ചി ഫാത്തിമ 2024ല്‍ ഐ.എഫ്.എഫ്.കെയില്‍ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. 2024ല്‍ സെന്‍സര്‍ ചെയ്ത ചിത്രം ഈ വര്‍ഷം ഒക്ടോബറിലാണ് തിയേറ്ററിലെത്തിയിരുന്നത്. മികച്ച പ്രതികരണമായിരുന്നു തിയേറ്ററിലും ഫെമിനിച്ചി ഫാത്തിമക്ക് ലഭിച്ചത്. സംസ്ഥാന അവാര്‍ഡില്‍ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡും ഫെമിനിച്ചി ഫാത്തിമയിലൂടെ ഫാസില്‍ മുഹമ്മദ് സ്വന്തമാക്കിയിരുന്നു.

Content highlight:  Shamla Hamza says that everyone who watched IFFK told her that she would receive an award for Feminichi Fatima