തൃശൂര്‍: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മാറ്റിവെച്ച സംഭവത്തില്‍ വിമര്‍ശനവുമായി കവി കവി കെ. സച്ചിദാനന്ദന്‍. ജൂറി തീരുമാനങ്ങള്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗീകരിച്ചതിന് ശേഷം തടഞ്ഞുവെച്ചത് ലജ്ജാവഹമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ഇത്തരമൊരു അവസ്ഥയുണ്ടാകുന്നതിന് മുമ്പ് തന്നെ ബോര്‍ഡില്‍ നിന്നും രാജിവെച്ചതില്‍ ഇപ്പോള്‍ സന്തോഷം തോന്നുന്നുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
അക്കാദമിയുടെ സ്വയംഭരണാധികാരം നഷ്ടപ്പെടുമെന്ന നമ്മുടെ മുന്‍കൂട്ടി കണ്ട ആശങ്കകള്‍ ശരിയാണെന്ന് ഇതോടെ തെളിഞ്ഞു. അവസാനത്തെ തൂണും തകര്‍ന്നുവീണെന്നും അദ്ദേഹം കുറിച്ചു.
അതേസമയം, ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഭരണകൂടം അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഇടപെടുന്നത്. അവാര്‍ഡിന് അര്‍ഹരായവരുടെ പട്ടികയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമിയുടെ എക്‌സിക്യൂട്ടീവ് യോഗം അംഗീകാരം നല്‍കിയതിന് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ പുരസ്‌കാര പ്രഖ്യാപനം നീട്ടിവെയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വ്യാഴാഴ്ച അംഗീകാരം നല്‍കിയ പട്ടിക എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം അക്കാദമി കേന്ദ്ര സാംസ്‌കാരിക വകുപ്പിന് കൈമാറിയിരുന്നു. തുടര്‍ന്നാണ് പുരസ്‌കാര പ്രഖ്യാപനം നീട്ടിവെയ്ക്കാന്‍ ആവശ്യപ്പെട്ടത്. സ്വയംഭരണാവകാശമുള്ള അക്കാദമി അവാര്‍ഡ് പ്രഖ്യാപനത്തിന് മുമ്പ് കേന്ദ്രത്തിന് പട്ടിക കൈമാറുന്നതാണ് കീഴ്‌വഴക്കം.
കവി സച്ചിദാനന്ദന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ജൂറി തീരുമാനങ്ങള്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗീകരിച്ചതിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ സാഹിത്യ അക്കാദമി അവാര്‍ഡുകളുടെ പ്രഖ്യാപനം തടഞ്ഞുവെച്ചത് എത്ര ലജ്ജാകരമാണ്.
ഇത്തരമൊരു ദൗര്‍ഭാഗ്യകരമായ അവസ്ഥ സംഭവിക്കുന്നതിനു മുമ്പ് തന്നെ ബോര്‍ഡില്‍ നിന്ന് രാജിവെച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. അക്കാദമിയുടെ സ്വയംഭരണാധികാരം നഷ്ടപ്പെടുമെന്ന് മുന്‍കൂട്ടി നമ്മള്‍ കണ്ട ആശങ്കകള്‍ ശരിയാണെന്ന് ഇതോടെ തെളിഞ്ഞു. അവസാനത്തെ തൂണും തകര്‍ന്നുവീണു.
കേരള സാഹിത്യ അക്കാദമിയുടെ ‘ആപേക്ഷിക’ സ്വയംഭരണത്തെ വിമര്‍ശിക്കുമ്പോള്‍, സാഹിത്യ അക്കാദമിയുടെ സ്വയംഭരണത്തെയും നെഹ്‌റു സ്ഥാപിച്ച മഹത്തായ മാതൃകയെയും ഞാന്‍ എപ്പോഴും ഉദാഹരണമായി ചൂണ്ടിക്കാട്ടിയിരുന്നു.
ഇപ്പോള്‍ ആ ഉദാഹരണവും നഷ്ടപ്പെട്ടു. നിലവിലെ അംഗങ്ങള്‍ ബോര്‍ഡില്‍ തുടരുന്നതിനെക്കുറിച്ച് വീണ്ടും ആലോചിക്കേണ്ടതുണ്ട്. ഇനി കേരളമാണ് നമ്മുടെ അക്കാദമിയെ പുനര്‍വിചിന്തനം നടത്തി രൂപപ്പെടുത്തേണ്ടത്.
Content Highlight: Shameful; Satchidanandan criticizes central government’s intervention in Sahitya Akademi award announcement