തീവ്ര വലതുപക്ഷ വംശീയ പാര്‍ട്ടിയില്‍ അംഗമായ സ്‌മോട്രിച്ച്, ഫലസ്തീന്‍ ജനതയെ ബലമായി മാറ്റിപാര്‍പ്പിച്ച് ഗസ കൈവശപ്പെടുത്താന്‍ ശ്രമിക്കുന്ന നെതന്യാഹു സര്‍ക്കാരിലെ പ്രധാന വക്താവാണെന്നും സി.പി.ഐ.എം ചൂണ്ടിക്കാട്ടി.
അധിനിവേശ വെസ്റ്റ് ബാങ്കിനെ ഇസ്രഈലിനോട് കൂട്ടിച്ചേര്‍ക്കാനുള്ള നിര്‍ദേശങ്ങളുടെ പ്രധാന സ്രഷ്ടാവ് കൂടിയാണ് സ്‌മോട്രിച്ചെന്നും സി.പി.ഐ.എം പി.ബി പറഞ്ഞു.
ഇന്ത്യന്‍ സര്‍ക്കാരുമായി ഉഭയകക്ഷി നിക്ഷേപ കരാറില്‍ ഒപ്പുവെക്കാന്‍ എത്തുന്ന ഇസ്രഈല്‍ പ്രതിനിധി സംഘത്തെ നയിക്കുന്നത് സ്‌മോട്രിച്ചാണ്.
ഫലസ്തീനികളുടെ വംശീയ ഉന്മൂലനം ഉള്‍പ്പെടെയുള്ള സ്‌മോട്രിച്ചിന്റെ വിപുലീകരണ നയങ്ങളുടെ ഫലമായി നിരവധി രാജ്യങ്ങള്‍ ഇസ്രഈല്‍ ധനകാര്യമന്ത്രിക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏതാനും രാജ്യങ്ങള്‍ മറ്റു പല ഉപരോധങ്ങളാണ് ഏര്‍പ്പെടുത്തിയിക്കുന്നത്.
ഇത്തരത്തില്‍ ഇസ്രഈലിനെതിരെ നടപടിയെടുത്തവരുടെ പട്ടികയില്‍ ബ്രിട്ടന്‍, കാനഡ, ഓസ്ട്രേലിയ, നോര്‍വേ, നെതര്‍ലാന്‍ഡ്സ്, സ്ലോവേനിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളാണ് ഉള്‍പ്പെടുന്നത്.
എന്നാല്‍ ഗസയിലെ ജനങ്ങള്‍ ദിനംപ്രതി കൂട്ടക്കൊല ചെയ്യപ്പെടുന്ന സമയത്ത് മോദി സര്‍ക്കാര്‍ സ്‌മോട്രിച്ചിനെ പോലുള്ള ഒരു വ്യക്തിക്ക് ആതിഥേയത്വം വഹിക്കുകയും ഇസ്രഈല്‍ സര്‍ക്കാരുമായി കരാറുകളില്‍ ഒപ്പുവെക്കുകയുമാണ് ചെയ്യുന്നത്. ഇത് ലജ്ജാകരമാണെന്നും സി.പി.ഐ.എം പി.ബി പറഞ്ഞു.