പ്രതിപക്ഷത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ നാണക്കേട് തോന്നുന്നു, നിലവാരമില്ലാത്ത നാടകങ്ങളാണ് നിങ്ങള്‍ നടത്തുന്നത്; ഷൈലജ ടീച്ചര്‍ക്ക് പിന്തുണയുമായി ഷാന്‍ റഹ്മാന്‍
COVID-19
പ്രതിപക്ഷത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ നാണക്കേട് തോന്നുന്നു, നിലവാരമില്ലാത്ത നാടകങ്ങളാണ് നിങ്ങള്‍ നടത്തുന്നത്; ഷൈലജ ടീച്ചര്‍ക്ക് പിന്തുണയുമായി ഷാന്‍ റഹ്മാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th March 2020, 4:19 pm

കൊച്ചി: ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്ക്ക് മീഡിയ മാനിയയാണെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍.

പൊതുജന ശ്രദ്ധ നഷ്ടപ്പെടുന്നതിനെ തുടര്‍ന്നാണ് പ്രതിപക്ഷത്തിന്റെ ഇത്തരം പ്രസ്താവനകളെന്നും ഷൈലജ മാഡം സധൈര്യം അവരുടെ കടമ ചെയ്യുന്നെന്നും ഷാന്‍ റഹ്മാന്‍ പറഞ്ഞു.

നിപ്പ വൈറസ് കാലത്ത് നിങ്ങള്‍ ഓരോരുത്തരും പലയിടങ്ങളിലായി പോയി ഒളിച്ചപ്പോള്‍ ആരോഗ്യ മന്ത്രിയും സംഘവും നിപ്പ വൈറസിനെ നേരിട്ടെന്നും കഴിവും പ്രാപ്തിയുമുള്ള ആരോഗ്യമന്ത്രിയാണ് കേരളത്തിന്റെതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ നാണക്കേട് തോന്നുന്നു. എല്ലാവരും ഒരുമിച്ചു നില്‍ക്കുമ്പോഴും ഷൈലജ മാഡം നടത്തുന്ന ആത്മസമര്‍പ്പണത്തെയും പ്രസംഗങ്ങളെയും ചൂഷണം ചെയ്ത് നിലവാരമില്ലാത്ത നാടകങ്ങളാണ് നിങ്ങള്‍ നടത്തുന്നത്. കഷ്ടം തോന്നുന്നു. ഷൈലജ മാഡം പറഞ്ഞതു പോലെ ‘ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇമേജ് ബില്‍ഡിംഗിന് ശ്രമിക്കുകയാണെന്നും ‘ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയയാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.

ഷാന്റഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ ലോകമെമ്പാടും വ്യാപിക്കുന്ന രോഗമായി പ്രഖ്യാപിച്ചിരിക്കുകയാണ്. വൈറസിനെ പ്രതിരോധിക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ച് അധികൃതരില്‍ നിന്നും വിവരങ്ങള്‍ അറിയുവാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയ ആണെന്നാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ആരോപിച്ചത്. പബ്ലിസിറ്റി നേടാന്‍ വേണ്ടി മന്ത്രി തുടരെ തുടരെ പ്രസ് കോണ്‍ഫറന്‍സ് വിളിക്കുന്നുവെന്നുമാണ് അദ്ദേഹം പറയുന്നത്.

പ്രിയപ്പെട്ട സര്‍, നിപ്പ വൈറസ് കാലത്ത് നിങ്ങള്‍ ഓരോരുത്തരും പലയിടങ്ങളിലായി പോയി ഒളിച്ചപ്പോള്‍ ആരോഗ്യ മന്ത്രിയും സംഘവും നിപ്പ വൈറസിനെ നേരിട്ടു. അത്തരം വലിയ പ്രതിസന്ധികളില്‍ പോലും നമ്മള്‍ വിജയിച്ചു. കാരണം വളരെ കഴിവും പ്രാപ്തിയുമുള്ള ആരോഗ്യമന്ത്രിയാണ് കേരളത്തിന്റേത്. തന്റെ ആളുകളെ സേവിക്കാനും പരിചരിക്കാനുമായി രാപകല്‍ വ്യത്യാസമില്ലാതെ അവര്‍ അധ്വാനിക്കുന്നു. ജനങ്ങള്‍ക്കു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്നു.

ലോകം മുഴുവന്‍ നമ്മുടെ നാടിനെ ഉറ്റു നോക്കുന്നു. ലോകം നമ്മില്‍ നിന്നു പഠിക്കുന്നു. നിങ്ങള്‍ക്കിതൊന്നും സഹിക്കില്ല എന്നെനിക്കറിയാം. കാരണം ഇവയൊക്കെ കാണുമ്പോള്‍ നിങ്ങള്‍ക്ക് പൊതുജന ശ്രദ്ധ നഷ്ടപ്പെടുകയാണ്. ഒരിക്കലും ജനശ്രദ്ധ ആഗ്രഹിക്കാത്ത ഒരാളിലേക്കാണ് ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ. ഷൈലജ മാഡം സധൈര്യം അവരുടെ കടമ ചെയ്യുന്നു.

പ്രതിപക്ഷത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ നാണക്കേട് തോന്നുന്നു. എല്ലാവരും ഒരുമിച്ചു നില്‍ക്കുമ്പോഴും ഷൈലജ മാഡം നടത്തുന്ന ആത്മസമര്‍പ്പണത്തെയും പ്രസംഗങ്ങളെയും ചൂഷണം ചെയ്ത് നിലവാരമില്ലാത്ത നാടകങ്ങളാണ് നിങ്ങള്‍ നടത്തുന്നത്. കഷ്ടം തോന്നുന്നു. ഷൈലജ മാഡം പറഞ്ഞതു പോലെ ‘ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്’

DoolNews Video