മല്ലു സിങ്ങിനായി സീരിയലിൽ എന്നെ കൊന്നുകളഞ്ഞു; ഇപ്പോൾ വർഷങ്ങളായി സിനിമയില്ല: ശാലിൻ സോയ
Malayalam Cinema
മല്ലു സിങ്ങിനായി സീരിയലിൽ എന്നെ കൊന്നുകളഞ്ഞു; ഇപ്പോൾ വർഷങ്ങളായി സിനിമയില്ല: ശാലിൻ സോയ
നന്ദന എം.സി
Wednesday, 3rd June 2026, 3:18 pm

ബാലതാരമായി മലയാള ടെലിവിഷൻ രംഗത്ത് അരങ്ങേറ്റം കുറിച്ച് പിന്നീട് സിനിമയിലും ശ്രദ്ധേയ സാന്നിധ്യമായ നടിയാണ് ശാലിൻ സോയ. നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം, പ്രത്യേകിച്ച് മല്ലു സിങ് എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് കൂടുതൽ ജനപ്രീതി നേടിയത്.

മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ശാലിൻ ഇപ്പോൾ തമിഴ് സിനിമയിലും ടെലിവിഷൻ മേഖലയിലുമാണ് കൂടുതൽ സജീവമായിരിക്കുന്നത്.

ശാലിൻ സോയ, Photo: Facebook.com

തമിഴിൽ പുറത്തിറങ്ങിയ കണ്ണകി എന്ന ചിത്രത്തിലൂടെ മികച്ച സ്വീകാര്യത നേടിയ ശാലിൻ, തമിഴ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന സ്നേഹവും പിന്തുണയും തനിക്ക് ഏറെ വിലപ്പെട്ടതാണെന്ന് പറഞ്ഞു. അതേസമയം, ഒരുകാലത്ത് വലിയ ജനപ്രീതി നേടിയിരുന്ന ഓട്ടോഗ്രാഫ് സീരിയൽ എന്തുകൊണ്ടാണ് നിർത്തിയതെന്നതിനെക്കുറിച്ചും താരം മനസ് തുറന്നു.

‘ഞാൻ നെഗറ്റീവ് കഥാപാത്രം ആയാണ് വന്നത്. പിന്നെ അതിൽ നായികയാക്കി. ആ സമയത്ത് എനിക്ക് കുറെ സിനിമ ഓഫറുകൾ വന്നു. അത് കുറെ നഷ്ടമായി. മല്ലുസിങ് പോലും എന്റെ കയ്യിൽ നിന്ന് എനിക്ക് നഷ്ടം ആകുന്നപോലെ തോന്നി.

എനിക്ക് സീരിയലിൽ നിന്നും വളർന്ന് പോകണം എന്ന് അന്ന് തോന്നി. നമ്മൾക്ക് വളർച്ച വേണം അല്ലോ. മല്ലുസിങിലേക്ക് പോകുമ്പോൾ സീരിയലിൽ എന്നെ മരിച്ചപോലെയാക്കി. എനിക്ക് ഇപ്പോഴും അത് കാണാൻ തന്നെ പേടിയാണ്,’ ശാലിൻ പറഞ്ഞു.

മല്ലു സിങ്, Photo: IMDb

സിനിമയിലേക്കുള്ള തന്റെ യാത്രയെയും അവസരങ്ങളെയും കുറിച്ചും താരം തുറന്നുപറഞ്ഞു. ഒരു കലാകാരിക്ക് സ്വാഭാവികമായി ഉണ്ടാകുന്ന വികാരങ്ങൾ തനിക്കും ഉണ്ടാകാറുണ്ടെന്ന് ശാലിൻ പറയുന്നു.

‘എനിക്ക് എപ്പോഴും തോന്നാറുണ്ട്. മറ്റ് നടിമാർ ചില വേഷങ്ങൾ ചെയ്യുന്നത് കാണുമ്പോൾ സത്യം പറഞ്ഞാൽ അസൂയ തോന്നാറുണ്ട്. ആ റോൾ എനിക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്. എല്ലാ മനുഷ്യരെയും പോലെ വിഷമം വരാറുണ്ട്,’ താരം പറഞ്ഞു.

സിനിമയിൽ ഇതുവരെ ചെയ്ത കഥാപാത്രങ്ങളെക്കുറിച്ചും ഇപ്പോഴത്തെ കരിയർ അവസ്ഥയെക്കുറിച്ചും താരം സംസാരിച്ചു. ‘ഞാൻ 30 സിനിമകൾ ഇതുവരെ ചെയ്തിട്ടുണ്ട്. ഇപ്പോൾ വർഷങ്ങളായി എനിക്ക് സിനിമയില്ല. എന്റേതായി എനിക്ക് അങ്ങനെ വലിയ അഭിനയപ്രകടനങ്ങൾ ഒന്നും ബാക്കി നിൽക്കുന്നില്ല,’ എന്നാണ് താരം കൂട്ടിച്ചേർത്തത്.

Content Highlight: Shalin Zoya talks about her film career

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.