ആ സീൻ എങ്ങനെ ചെയ്‌തെന്ന് ചോദിച്ചപ്പോൾ; 'എനിക്കറിഞ്ഞുകൂടാ ആ സമയത്ത് വന്നതല്ലേ' എന്ന് ഇന്ദ്രസേട്ടൻ : ഷാജോൺ
Film News
ആ സീൻ എങ്ങനെ ചെയ്‌തെന്ന് ചോദിച്ചപ്പോൾ; 'എനിക്കറിഞ്ഞുകൂടാ ആ സമയത്ത് വന്നതല്ലേ' എന്ന് ഇന്ദ്രസേട്ടൻ : ഷാജോൺ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 29th November 2023, 4:08 pm

ഇന്ദ്രൻസിന്റെ അഭിനയത്തെക്കുറിച്ച് സംസാരിക്കുകയാണ് ഷാജോൺ. അനിയൻ ബാവ ചേട്ടൻ ബാവ സിനിമയിലെ സാമ്പാറിന്റെ ചട്ടിയിൽ നിന്നും എഴുന്നേറ്റു വരുന്ന ഇന്ദ്രൻസിന്റെ അഭിനയം ഭയങ്കര രസമാണെന്നും ഷാജോൺ പറഞ്ഞു.

എന്നാൽ ഹോം സിനിമയിലെ ഗേറ്റിന്റെ അടുത്ത് നിന്നുള്ള ഒരു ഷോട്ട് കണ്ടതിന് ശേഷം എങ്ങനെയാണ് ആ ഒരു റിയാക്‌ഷൻ ഇട്ടതെന്ന് ചോദിച്ചിരുന്നെന്നും ഷാജോൺ പറഞ്ഞു. ആ റിയാക്ഷൻ ഒരു ആക്ടറിന് അങ്ങനെ ഇടാൻ സാധിക്കില്ലെന്നും ഷാജോൺ പറഞ്ഞു. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് അദ്ദേഹം.

‘ഇന്ദ്രൻസ് ഏട്ടൻ നമ്മൾ പണ്ടുമുതൽ ഇഷ്ടപ്പെടുന്ന ഒരു നടനാണ്. അദ്ദേഹം എന്ത് കാണിച്ചാലും ഇതെന്ത് കോപ്രായം ആണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. പൊട്ടിച്ചിരിച്ചു പോയിട്ടേ ഉള്ളൂ. അനിയൻ ബാവ ചേട്ടൻ ബാവ സിനിമയിൽ സാമ്പാറിന്റെ വലിയ ചട്ടിയിലേക്ക് ഇന്ദ്രൻസ് ഏട്ടനെ ഇടുന്നുണ്ട്. അതിന്റെ അകത്തുനിന്ന് എഴുന്നേറ്റുനിന്ന് മുണ്ട് നിക്കറിൻറെ അകത്തു വെച്ചിട്ട് ഒരു പോക്കുണ്ട്. എന്തൊരു ക്യൂട്ട് ആണെന്ന് അറിയോ അത് കാണാനായിട്ട്.

ആ ആളെയാണ് ഞാൻ ഹോം കണ്ടതിനു ശേഷം വിളിക്കുന്നത്. ഹോമിൽ ഒരു ഷോട്ട് ഉണ്ട്. മോൻ ദേഷ്യപ്പെട്ടിട്ട് ഗേറ്റിന്റെ അടുത്ത് വന്ന് നിൽക്കുമ്പോൾ അകത്തു നിന്നുള്ള ഭാര്യയുടെ വിളി കേട്ടിട്ട് ഒന്നുമില്ലെടി എന്ന് പറയുന്ന ഒരു സാധനം ഉണ്ട്. അതൊന്നും ഒരു കാരണവശാലും പ്ലാൻ ചെയ്ത് ചെയ്യാൻ പറ്റുന്ന ഒരു കാര്യമല്ല എന്നാണ് എന്റെ ഒരു ധാരണ. ഒരിക്കലും ഒരു ആക്ടറിന് അത് ചെയ്യാൻ സാധിക്കില്ല. അതിന്റെ മുമ്പുള്ള ഷോട്ട് എപ്പോഴെങ്കിലും ആയിരിക്കും എടുത്തിട്ടുണ്ടാകുക. അകത്ത് ഭാര്യ നിൽക്കുന്നൊന്നും ഉണ്ടാവില്ല അതൊക്കെ നമുക്കറിയാം.

ഇത് ഒരാൾ ആ ഗേറ്റിന്റെ ഫ്രണ്ടിൽ നിന്നിട്ട് ആക്ഷൻ പറയുമ്പോൾ അങ്ങനെ റിയാക്ഷൻ ഇടണമെന്നുണ്ടെങ്കിൽ അത് ഭയങ്കര ദൈവാനുഗ്രഹം ഉള്ള ഒരു ആക്ടറിനെ പറ്റുകയുള്ളൂ. ഇന്ദ്രൻസ് ചേട്ടാ ആ റിയാക്ഷൻ എങ്ങനെയാ ഇട്ടത് എന്ന് ഞാൻ വിളിച്ചു ചോദിച്ചിരുന്നു. എനിക്കറിഞ്ഞുകൂടാ ആ സമയത്ത് വന്നതല്ലേ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്,’ ഷാജോൺ പറഞ്ഞു.

Content Highlight: Shajon about indrans acting