ഭീഷ്മ പര്‍വ്വം മാത്രം ചെയ്‌തോണ്ടിരുന്നാല്‍ മതിയോ, ഞാനൊരു ആര്‍ട്ടിസ്റ്റല്ലേ എന്നാണ് മമ്മൂട്ടി ചോദിച്ചത്: ഷാജി കൈലാസ്
Film News
ഭീഷ്മ പര്‍വ്വം മാത്രം ചെയ്‌തോണ്ടിരുന്നാല്‍ മതിയോ, ഞാനൊരു ആര്‍ട്ടിസ്റ്റല്ലേ എന്നാണ് മമ്മൂട്ടി ചോദിച്ചത്: ഷാജി കൈലാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th August 2022, 8:00 am

മമ്മൂട്ടി- ഷാജി കൈലാസ് കൂട്ടുകെട്ടിലെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ദി കിംഗ്. ചിത്രത്തിലെ മമ്മൂട്ടിയുടെ സ്റ്റൈലിനും മാനറിസങ്ങള്‍ക്കും തന്നെ ഇപ്പോഴും ആരാധകരുണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ പറ്റിയുള്ള ചോദ്യങ്ങള്‍ ഷാജി കൈലാസ് പലപ്പോഴും നേരിടാറുണ്ട്. കിംഗിന്റെ രണ്ടാം ഭാഗം സംഭവിക്കുമോയെന്ന് തനിക്ക് പറയാനാകില്ലെന്നും പറ്റിയ എഴുത്തുകാരെ കിട്ടിയാല്‍ മാത്രമേ അത് നടക്കുകയുള്ളൂവെന്നും കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാജി കൈലാസ് പറഞ്ഞു.

‘മമ്മൂട്ടിയെ കൊണ്ടു നിര്‍ത്തിയാല്‍ തന്നെ ഒരു ഉത്സവമാണ്. ഭയങ്കര ജെന്റില്‍ ആന്‍ഡ് മാന്‍ലിയല്ലേ. ഒരു പവറുണ്ട്. അദ്ദേഹത്തിന്റെ നോട്ടമൊക്കെ കണ്ടാല്‍ തന്നെ നമുക്കൊരു ഫീല്‍ കിട്ടും. ദി കിംഗ് രണ്ടാം ഭാഗം വരുമോയെന്ന് എനിക്കറിയില്ല. അതൊക്കെ ഉണ്ടെങ്കിലല്ലേ പറയാന്‍ പറ്റൂ. ഒന്നാമത് എഴുത്തുകാരെ കിട്ടണം. എനിക്ക് എഴുതാന്‍ അറിയില്ല,’ ഷാജി കൈലാസ് പറഞ്ഞു.

‘പാവം പൂര്‍ണിമ എന്ന സിനിമ ചെയ്യുന്ന സമയത്താണ് മമ്മൂട്ടിയെ ആദ്യമായി കാണുന്നത്. പിന്നെ ആ രാത്രി എന്ന സിനിമയുടെ ഷൂട്ട് ഞങ്ങളുടെ വീടിന്റെ അടുത്തുള്ള ജില്ലാ കോടതിയിലാണ് നടക്കുന്നത്. അന്ന് മമ്മൂക്ക സ്‌റ്റൈലായിട്ട് വന്ന് ഇറങ്ങുന്നതൊക്കെ കണ്ടിരുന്നു. പിന്നെ സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ പരിചയമായി. നല്ല ഒരു ബന്ധം ഉണ്ടായിരുന്നു.

മമ്മൂക്ക ചിലപ്പോള്‍ വഴക്കുണ്ടാക്കും. അത് സ്‌നേഹത്തോടെയുള്ള വഴക്കായിരിക്കും. വഴക്കുണ്ടാക്കിയാല്‍ അടുപ്പം കൂടും, അങ്ങനെയാണ്. പിന്നെ എവിടെ കണ്ടാലും ഓടി വരും. ഈയിടക്ക് കണ്ടപ്പോഴും പറഞ്ഞു, ഷാജിയൊക്കെ കെട്ടി വലിയ കുട്ടികളായല്ലേ എന്ന്.

മമ്മൂക്ക കുറച്ച് ചൂസിയായി എന്ന് തോന്നുന്നു. വെറൈറ്റി സിനിമകളാണ് ഇപ്പോള്‍ ചെയ്യുന്നത്. അവസാനം കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു, ഭീഷ്മ പര്‍വം പോലെയുള്ള സിനിമകള്‍ വേണമെന്ന്. എന്നും അത് ചെയ്‌തോണ്ടിരുന്നാല്‍ മതിയോ, പല തരത്തിലുള്ള പടങ്ങള്‍ ചെയ്യണ്ടേ, ഞാനൊരു ആര്‍ട്ടിസ്റ്റല്ലേ എന്നാണ് അദ്ദേഹം പറഞ്ഞത്. അതൊക്കെ ഓക്കെ, ഞങ്ങള്‍ക്ക് ഇഷ്ടം അങ്ങനത്തെ സാധനങ്ങളാണെന്ന് പറഞ്ഞു. അദ്ദേഹം ഒരു സ്റ്റൈലായിട്ട് ചെയ്തതുകൊണ്ടാണ് ഞാന്‍ ഭീഷ്മ പര്‍വ്വം കാണാന്‍ പോകുന്നത്,’ ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Shaji Kailas says Mammootty asked him that is it enough to do Bheeshma Parvam only, am I not an artist