എഡിറ്റര്‍
എഡിറ്റര്‍
കൂടംകുളത്തു ഇടതുപക്ഷം എവിടെ നില്‍ക്കുന്നു?
എഡിറ്റര്‍
Tuesday 16th October 2012 5:05pm

ജനതയെ ബലികൊടുത്തിട്ടായാലും ആണവായുധങ്ങള്‍ നിര്‍മ്മിക്കുകയെന്ന ‘രാജ്യതാല്‍പ്പര്യ’ത്തെക്കുറിച്ചാണ് അധികാരികള്‍ പറയുന്നത്. ആ രാജ്യതാല്‍പ്പര്യം ജനങ്ങളുടെ താല്‍പ്പര്യത്തിന് നേരെ വിപരീതമാണെന്ന തിരിച്ചറിവ് ഇടത്-പുരോഗമന-ജനാധിപത്യപ്രസ്ഥാനങ്ങള്‍ക്കല്ലേ ആദ്യം ഉണ്ടാകേണ്ടത്. എം. ഷാജര്‍ഖാന്‍ എഴുതുന്നു..


എസ്സേയിസ് / എം. ഷാജര്‍ഖാന്‍

കൂടംകുളം തിളച്ചു മറിയുകയാണ്, അസാധാരണമായ സമരത്തിന്റെ ചൂടില്‍. ഒരു ജനതയുടെ അതിജീവനത്തിനായുള്ള സമരമാണതെന്ന് വിശേഷിപ്പിക്കപ്പെടുമ്പോള്‍ കൂടംകുളത്തെ മത്സ്യത്തൊഴിലാളികളുടെ അതിജീവനത്തിന്റെ മാത്രം പ്രശ്‌നമല്ലായതെന്നും രാജ്യസുരക്ഷയുടെ വിഷയങ്ങളാണതില്‍ അന്തര്‍ഭവിച്ചിരിക്കുന്നതെന്നും മനസ്സിലാക്കുക എന്നതാണ് പ്രധാനം.

Ads By Google

ദേശീയ രാഷ്ട്രീയ നേതാക്കളായി സ്വയം അഭിമാനിക്കുന്നവരില്‍ ഭൂരിപക്ഷത്തിനും അതങ്ങനെ മനസ്സിലാക്കുവാനോ അഥവാ മനസ്സിലാക്കിയവ വെളിവാക്കുവാനോ കഴിയുന്നില്ലായെന്നതാണ് രാഷ്ട്രീയ മണ്ഡലത്തിലെ പാപ്പരത്തം. അതുകൊണ്ടാണ് കൂടംകുളം നിലയം മറ്റ് ആണവനിലയങ്ങളെക്കാള്‍ സുരക്ഷിതമാണെന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ വാദം ഇടതുപക്ഷ നേതാക്കള്‍പോലും ഏറ്റുവിളിക്കുന്നത്. പക്ഷേ, ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ആണവ നിലയങ്ങള്‍ അപകടകരമല്ലായെന്ന നിലപാട് എടുക്കാന്‍ കഴിയുമോ?.

ആണവനിലയങ്ങളുടെ ചരിത്രം എല്ലാവര്‍ക്കുമറിയാം. ആരും, ആരേയും പഠിപ്പിക്കേണ്ട കാര്യമില്ല. ചെര്‍ണോബില്‍ മുതല്‍ ഫുക്കുഷിമ വരെയുള്ള ദുരന്തകഥ ആര്‍ക്കും അത്രയെളുപ്പം മറക്കാനും കഴിയില്ല. പക്ഷേ, ജെയ്താപൂരില്‍ നിന്ന് വ്യത്യസ്തമാണ് കൂടംകുളം ആണവനിലയമെന്ന സി.പി.ഐ.എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ അഭിപ്രായത്തിന്റെ യുക്തിയെന്താണ്? ‘ഇറക്കുമതി ചെയ്ത ആണവ നിലയങ്ങള്‍ അപകടകരം’ അല്ലാത്തവ സുരക്ഷിതം അതാണല്ലോ കാരാട്ട് തീസിസിന്റെ മര്‍മം. യഥാര്‍ഥത്തില്‍ അങ്ങനെയുണ്ടോ?.

സമ്പുഷ്ട യുറേനിയം ആണ് ആണവോര്‍ജ്ജത്തിന്റെ അടിസ്ഥാന ഇന്ധനം. യുറേനിയം പോലെ മാരകമായ അണുപ്രസരണുള്ള പദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഇന്ത്യയില്‍ എത്ര നിരുത്തരവാദപരമായിട്ടാണെന്ന് പ്രത്യേകം പറയേണ്ടതില്ല. താരാപ്പൂരം ട്രോംബെയുമൊക്കെ മികച്ച ഉദാഹരണങ്ങള്‍ തന്നെ. സാങ്കേതികവിദ്യ റഷ്യയുടേതോ അമേരിക്കയുടേതോ നമ്മുടേതോ ആകാം. അവ തമ്മിലുള്ള വ്യത്യാസം എത്ര നിസ്സാരമാണെന്ന് തിരിച്ചറിയാന്‍ ആണവശാസ്ത്രത്തില്‍ ഡോക്‌ട്രേറ്റ് ആവശ്യമുണ്ടോ?.

ജനങ്ങളുടെ ജീവനാണോ 15,000 കോടി രൂപയാണോ ഏതാണ് സര്‍വപ്രധാനം? ഈ തുക നിക്ഷേപിച്ചതാകട്ടെ കൂടംകുളത്തെ ജനങ്ങള്‍ 1989-മുതല്‍ നടത്തിക്കൊണ്ടിരിക്കുന്ന സമരങ്ങളെ അവഗണിച്ചുകൊണ്ടാണെന്ന കാര്യം മറക്കരുത്.

കൂടംകുളം നിലയം ഇറക്കുമതി ചെയ്തതാണെന്ന കാര്യവും അദ്ദേഹം മറന്നുപോയിയെന്ന് തോന്നുന്നു. തദ്ദേശീയ ആണവ നിലയങ്ങള്‍ സുരക്ഷിതമാണെന്ന മിഥ്യാധാരണ പ്രകാശ് കാരാട്ടിന് എങ്ങനെയുണ്ടായിയെന്ന് അറിയില്ല. അത് അദ്ദേഹം തന്നെ വിശദീകരിക്കേണ്ട വിഷയമാണ്. ഇന്ത്യയില്‍ ഇതിനകം പ്രവര്‍ത്തിക്കുന്ന 20 ആണവനിലയങ്ങളും സുരക്ഷിതമല്ലായെന്ന് മുന്‍ അറ്റോമിക് എനര്‍ജി കമ്മിഷന്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

ആണവ റിയാക്ടറുകള്‍ അസംഖ്യം തവണ പൊട്ടുകയും വികിരണ വിഷം അമിതമായ അളവില്‍ പടരുകയും ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ മാസവും താരാപ്പൂര്‍ റിയാക്ടറില്‍ സ്‌ഫോടനം നടന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. രാജസ്ഥാനിലെ ആണവനിലയത്തിലെ ജീവനക്കാര്‍ തന്നെ റേഡിയേഷന്‍ മൂലം ഗുരുതരമായ രോഗങ്ങളെ നേരിടുകയാണ്. വൈദ്യുതിരംഗത്ത് ആണവോര്‍ജത്തിന്റെ സംഭാവനയാകട്ടെ തുലോം തുച്ഛമാണെന്ന കാര്യം സുവിദിതമാണ്. അപ്പോള്‍, ഈ അപകട നിലയങ്ങള്‍ കൊണ്ട് ജനങ്ങള്‍ക്കെന്താണ് പ്രയോജനം, എന്നെങ്കിലും ചിന്തിക്കാന്‍ വ്യവസ്ഥാപിത ഇടതുപക്ഷത്തിന് എന്തുകൊണ്ടു കഴിയാതെ പോകുന്നു?

പ്രകാശ് കാരാട്ട് ഇപ്പോള്‍പ്പറയുന്നു 15,000 കോടി രൂപ ചെലവഴിച്ചുപോയി അതുകൊണ്ട് ഇനി പിന്മാറാന്‍ കഴിയില്ലെന്ന്. ജനങ്ങളുടെ ജീവനാണോ 15,000 കോടി രൂപയാണോ ഏതാണ് സര്‍വപ്രധാനം? ഈ തുക നിക്ഷേപിച്ചതാകട്ടെ കൂടംകുളത്തെ ജനങ്ങള്‍ 1989-മുതല്‍ നടത്തിക്കൊണ്ടിരിക്കുന്ന സമരങ്ങളെ അവഗണിച്ചുകൊണ്ടാണെന്ന കാര്യം മറക്കരുത്.

ആണവ നയത്തിന്റെ പേരില്‍ ഒന്നാം യു.പി.എ സര്‍ക്കാറിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിക്കുമ്പോഴും കൂടംകുളം പദ്ധതി പുരോഗമിക്കുകയായിരുന്നുവെന്ന കാര്യം ഓര്‍മയുണ്ടാകുമല്ലോ. കാരാട്ടിന്റെ ഭാഷയില്‍ ‘ഇറക്കുമതി ചെയ്ത ടെക്‌നോളജി തന്നെയാണ് അന്നു മുതലേ കൂടംകുളത്തു വന്നത്. ആ ന്യായമനുസരിച്ചാണെങ്കില്‍ പോലും സി.പി.എമ്മിന് മറ്റൊരു നിലപാട് എടുക്കാന്‍ കഴിയില്ലല്ലോ.

ആണവ നിലയങ്ങളുമായി മുന്നോട്ടു പോകണം പക്ഷേ, ജനങ്ങളുടെ സമരത്തെ അടിച്ചമര്‍ത്തരുത്. ഇതാണ് സി.പി.എമ്മിന്റെ മറ്റൊരു വിചിത്ര നിലപാട്. ഇരയോടൊപ്പം കിടക്കുകയും വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന കുടിലതന്ത്രം. പക്ഷേ, അതുപോലും പ്രയോഗിക്കാനാകാതെ സ്വയം ഒരു ചക്രവ്യൂഹത്തില്‍ അകപ്പെട്ടതുപോലെയായിരിക്കുന്നു പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗം കൂടിയായ സഖാവ് വി.എസ്. അച്യുതാനന്ദന്‍ കൂടംകുളത്തേക്ക് പാര്‍ട്ടി നിലപാടിനെതിരെ യാത്ര നടത്തിയപ്പോള്‍. ജനങ്ങളുടെ സമരത്തെ അടിച്ചമര്‍ത്തുന്നതിനെതിരെയാണല്ലോ വി.എസ് കൂടംകുളത്ത് പോകാന്‍ തീരുമാനിച്ചത്.

പക്ഷേ, ആ ഒരു പ്രതിപക്ഷ നിലപാട് പോലും സ്വന്തം പാര്‍ട്ടിക്ക് എടുക്കാന്‍ കഴിയാതെ പോയി. ഇപ്പോള്‍ ആണവനിലയങ്ങള്‍ക്ക് തങ്ങള്‍ എതിരല്ലായെന്ന് തുറന്നുപറയേണ്ടിവരുന്ന സാഹചര്യമാണ് വന്നു ചേര്‍ന്നിരിക്കുന്നത്.

ഇന്നത്തെ വസ്തുനിഷ്ഠ സാഹചര്യത്തില്‍ ഒരു ഇടതുപക്ഷപാര്‍ട്ടിക്ക് യഥാര്‍ത്ഥത്തില്‍ ആണവനിലയങ്ങള്‍ക്ക് അനുകൂലമായ നിലപാട് എടുക്കാന്‍ കഴിയുമോയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ആണവ നിലയങ്ങള്‍ സ്ഥാപിക്കാന്‍ ഇന്ത്യ കിണഞ്ഞു പരിശ്രമിക്കുന്നതിന് പിന്നിലെ സാമ്പത്തിക – സൈനിക താല്‍പ്പര്യമെന്താണെന്ന് വിലയിരുത്തിയാലേ ശരിയായ നിഗമനത്തിലെത്താന്‍ കഴിയൂ.

വൈദ്യുതോര്‍ജമല്ല ലക്ഷ്യമെന്നും ഒരു ആണവശക്തിയായി ഇന്ത്യയെ മാറ്റിത്തീര്‍ക്കലാണ് യഥാര്‍ത്ഥ ഉന്നമെന്നും വസ്തുതകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ആണവായുധങ്ങള്‍ക്ക് സമ്പുഷ്ട യുറേനിയം പരമപ്രധാനമായ ഇന്ധനമാണ്. ഇന്ത്യ-അമേരിക്ക ആണവക്കരാറില്‍ അതിനായി നിബന്ധനകള്‍ വ്യവസ്ഥചെയ്യുന്നുണ്ട്. ആണവനിലയങ്ങള്‍ അനുപേഷണീയമായും പ്രവര്‍ത്തിപ്പിക്കണമെന്ന നിര്‍ദ്ദേശവും കരാറിന്റേതാണ്.

ആണവ നിലയങ്ങളുമായി മുന്നോട്ടു പോകണം പക്ഷേ, ജനങ്ങളുടെ സമരത്തെ അടിച്ചമര്‍ത്തരുത്. ഇതാണ് സി.പി.എമ്മിന്റെ മറ്റൊരു വിചിത്ര നിലപാട്

ആറ്റമിക് എനര്‍ജി റിസര്‍ച്ച് ബോര്‍ഡിന്റെ മുന്‍ചെയര്‍മാന്‍ ഡോ.ഗോപാലകൃഷ്ണന്‍ ആണവ പദ്ധതിയുടെ പ്രധാന ലക്ഷ്യം വൈദ്യുതോര്‍ജ്ജ നിര്‍മ്മാണമല്ലെന്നും ആണവപ്രക്രിയയുടെ ഉപോല്‍പ്പന്നമായ പ്ലൂട്ടോണിയം ലഭ്യമാക്കുകയെന്നതാണെന്നും വളരെ മുമ്പേ അഭിപ്രായപ്പെട്ടിരുന്നു. ഇപ്രകാരം ലഭിക്കുന്ന പ്ലൂട്ടോണിയം ആണവായുധ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നു.

പൊഖ്‌റാന്‍ ഒന്നിലും രണ്ടിലും ഉപയോഗിച്ച പ്ലൂട്ടോണിയം ഭാഭ ആറ്റമിക് റിസര്‍ച്ച് സെന്ററില്‍ നിന്നാണ് ലഭിച്ചത്. യുറേനിയം-233 ഇന്ത്യയിലെ ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറാണ് ഉല്‍പ്പാദിപ്പിച്ചത്. കൂടാതെ, ട്രിഷിയം ഉല്‍പ്പാദിപ്പിക്കാനുള്ള ചെലവ് കുറഞ്ഞതും വികസിതവുമായ സാങ്കേതികവിദ്യ ഇന്ത്യ തനതായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഫ്യൂഷന്‍ ബോംബുകളുടെ നിര്‍മ്മാണത്തിന് ട്രീഷിയം അത്യന്താപേഷിതമാണ്.

യുറേനിയത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനം നിലവിലുള്ള റിയാക്ടറുകളുടെ ആവശ്യത്തിന് പോലും തികയുന്നില്ല. അതിനാല്‍, ജനങ്ങളുടെ പ്രതിഷേധത്തെ വകവെക്കാതെ പുതിയ ഖനികള്‍ ആരംഭിക്കുന്നതിനും പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതിനും സര്‍ക്കാര്‍ വെമ്പല്‍കൊള്ളുകയാണ്. അതിനാല്‍, സ്വന്തം ജനതയെ ബലികൊടുത്തിട്ടായാലും ആണവായുധങ്ങള്‍ നിര്‍മ്മിക്കുകയെന്ന ‘രാജ്യതാല്‍പ്പര്യ’ത്തെക്കുറിച്ചാണ് അധികാരികള്‍ പറയുന്നത്.

ആ രാജ്യതാല്‍പ്പര്യം ജനങ്ങളുടെ താല്‍പ്പര്യത്തിന് നേരെ വിപരീതമാണെന്ന തിരിച്ചറിവ് ഇടത്-പുരോഗമന-ജനാധിപത്യപ്രസ്ഥാനങ്ങള്‍ക്കല്ലേ ആദ്യം ഉണ്ടാകേണ്ടത്. വ്യവസ്ഥാപിത ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് അതുണ്ടാകുന്നില്ലായെന്നതാണ് ഏറെ ദുഃഖകരം. കുത്തകകളുടെ താല്‍പ്പര്യത്തെ അവര്‍ രാജ്യതാല്‍പ്പര്യമായി വിശേഷിപ്പിക്കുകയാണ്. കൂടംകുളം നിലയത്തെ പിന്തുണച്ചാല്‍ ഇന്ത്യയിലെ ഭരണകൂടത്തിന്റെ മാത്രമല്ല അമേരിക്കന്‍ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ക്കു കൂടി കുടപിടിക്കുക എന്ന ജോലിയാണ് ‘ഇടതുപക്ഷം’ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നതെന്ന് മനസ്സിലാക്കേണ്ടതുണ്ട്.

കൂടംകുളം സമരത്തെ അനുകൂലിക്കണമോ വേണ്ടയോ എന്ന പ്രശ്‌നം രാജ്യത്തിന്റെ ബൃഹത്തായ താല്‍പ്പര്യങ്ങളുമായി, ജനങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ട പ്രശ്‌നം തന്നെയാണ്. ഇന്ത്യയുടെ വ്യവസ്ഥാപിത ഇടതുപക്ഷം ഇതില്‍ ഏത് പക്ഷത്ത് നില്‍ക്കുന്നുവെന്നത് പുരോഗമനപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉയര്‍ത്തുന്ന സത്യസന്ധമായ ചോദ്യമാകുന്നതു അതുകൊണ്ടാണ്.

Advertisement