മതവിദ്വേഷ കേസ്; ഷാജന്‍ സ്‌കറിയക്ക് ഹൈക്കോടതിയുടെ വിമര്‍ശനം
Kerala News
മതവിദ്വേഷ കേസ്; ഷാജന്‍ സ്‌കറിയക്ക് ഹൈക്കോടതിയുടെ വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd August 2023, 5:44 pm

കൊച്ചി: മതവിദ്വേഷം വളര്‍ത്തുന്ന വീഡിയോ പ്രചരിപ്പിച്ച കേസില്‍ മറുനാടന്‍ മലയാളി
ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. നിലമ്പൂര്‍ പൊലീസ് ചുമത്തിയ കേസിലെ ജാമ്യ ഉത്തരവില്‍ ഇളവ് തേടി നല്‍കിയ ഹരജിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനാണ് കോടതി വിമര്‍ശിച്ചത്.

ഹരജിക്കാരന് കോടതിയോട് ബഹുമാനമില്ലെന്ന് ജസ്റ്റിസ് കെ. ബാബു പറഞ്ഞു. നിരുത്തരവാദപരമായ പെരുമാറ്റമാണ് ഷാജന്‍ സ്‌കറിയയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും കോടതി വിമര്‍ശിച്ചു. ഇതോടെ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നിര്‍ദേശത്തോടെയാണ് ഹൈകോടതി ഷാജന് മുന്‍കൂര്‍ ജാമ്യം നല്‍കിയത്.

എന്നാല്‍ അമ്മയുടെ അസുഖം കാരണം ഹാജരാകാന്‍ കഴിയില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നുമായിരുന്നു ഹരജിയില്‍ ഷാജന്‍ ആവശ്യപ്പെട്ടത്. ഹരജി വീണ്ടും പരിഗണിക്കാന്‍ വ്യാഴാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.

ആഗസ്റ്റ് മാസം 17ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചായിരുന്നു നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. നിലമ്പൂര്‍ നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്‌കറിയ നല്‍കിയ പരാതിയില്‍ ആയിരുന്നു നിലമ്പൂര്‍ പൊലീസ് കേസെടുത്തിരുന്നത്.

Content Highlight: Shajan Skaria criticized by High Court