ഷാജന്‍ സ്‌കറിയയെ മര്‍ദിച്ച കേസ്; പ്രതികള്‍ക്ക് ജാമ്യം
Kerala
ഷാജന്‍ സ്‌കറിയയെ മര്‍ദിച്ച കേസ്; പ്രതികള്‍ക്ക് ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd September 2025, 8:13 pm

ഇടുക്കി: മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയെ മര്‍ദിച്ച കേസില്‍ പ്രതികള്‍ക്ക് ജാമ്യം. നാല് പ്രതികള്‍ക്കാണ് ജാമ്യം ലഭിച്ചത്. തൊടുപുഴ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം ജാമ്യം അനുവദിക്കുകയായിരുന്നു.

മാത്യൂസ് കൊല്ലപ്പള്ളി, ടോണി, ഷിയാസ്, അക്ബര്‍ എന്നിവര്‍ക്കാണ് ജാമ്യം നല്‍കിയത്. ഓഗസ്റ്റ് 30ന് ഇടുക്കിയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങും വഴി തൊടുപുഴയിലെ മങ്ങാട്ട് കവലയില്‍ വെച്ചാണ് ഷാജന്‍ സ്‌കറിയ മര്‍ദനം നേരിട്ടത്. ഥാര്‍ ജീപ്പിലെത്തിയ സംഘം ഷാജന്‍ സ്‌കറിയയുടെ കാറില്‍ ഇടിക്കുകയായിരുന്നു.

കാറിന്റെ ചില്ലുള്‍പ്പടെ തകര്‍ത്തായിരുന്നു മര്‍ദനം. മുഖത്തും ശരീരത്തിലും മര്‍ദനമേറ്റ ഷാജനെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പൊലീസാണ് ഷാജന്‍ സ്‌കറിയയെ ആശുപത്രിയിലെത്തിച്ചത്.

പരിക്കുകള്‍ ഗുരുതരമല്ലായിരുന്നു. മാത്യൂസ് കൊല്ലപ്പള്ളിയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയില്‍ വ്യാജവാര്‍ത്ത നല്‍കിയെന്ന് ആരോപിച്ചാണ് പ്രതികള്‍ ഷാജനെ മര്‍ദിച്ചത്.

സംഭവസ്ഥലത്ത് നിന്ന് മറ്റൊരു വാഹനത്തില്‍ രക്ഷപ്പെട്ട പ്രതികളെ ബെംഗളൂരുവില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇവരില്‍ ഒരാള്‍ ഫോണ്‍ ഓണാക്കിയതോടെ പ്രതികള്‍ എവിടെയാണെന്ന് പൊലീസ് മനസിലാക്കുകയായിരുന്നു.

സി.ഐ എസ്. മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് സംഘം ചേര്‍ന്ന് ആക്രമിക്കല്‍, വധശ്രമം എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും ചെയ്തു.

Content Highlight: Shajan Scaria assault case; four Accused granted bail